
ദോഹ: ഫുട്ബോളില്‍ എന്തും സാധ്യമാണ്. ഖത്തറിനെതിരായ മത്സരത്തിനു തൊട്ടുതലേന്നു അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ടീം പരിശീലകന് ഇഗോര്‍ സ്റ്റിമാക് ഊന്നിപ്പറഞ്ഞു.
ഔദ്യോഗിക മത്സരത്തില്‍ ഇതുവരെയും ഇന്ത്യക്ക് ഖത്തറിനെ തോല്‍പ്പിക്കാനായിട്ടില്ല. ഖത്തര്‍ നിലവില്‍ ഏഷ്യന്‍ ചാമ്പ്യന്മാരാണ്. കോപ്പ അമേരിക്ക 2019ല്‍ കളിക്കാന്‍ ക്ഷണം ലഭിച്ച രണ്ടു ടീമുകളിലൊന്നാണ് ഖത്തര്‍. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ഖത്തറിനെ നേരിടുമ്പോള്‍ ഭയക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു.
ചരിത്രം തിരുത്തിയെഴുതാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഫുട്ബോളില്‍ എന്തും സാധ്യമാണെന്ന് സ്റ്റിമാക് ഊന്നിപ്പറഞ്ഞത്. എനിക്കു ഖത്തര്‍ ടീമിനെ നന്നായി അറിയാം. ഇവരുടെ ശാരീരിക ശക്തി മികച്ചതാണ്. അവരുടെ സാങ്കേതിക ചലനങ്ങളും മികവും ്അതിശയകരമാണ്.
അവരുടെ ടീമില്‍ ഏതെങ്കിലും ദുര്‍ബലമായ പോയിന്റ് കണ്ടെത്തുകയെന്നത് ശ്രമകരമാണ്, പക്ഷെ ഫുട്ബോളില്‍ എന്തും സാധ്യമാണ്. നിങ്ങള്‍ ഒരിക്കലും വിട്ടുനല്‍കരുത്- സ്റ്റിമാക് ചൂണ്ടിക്കാട്ടി. ലോകറാങ്കിങില്‍ 103-ാം സ്ഥാനത്താണ് ഇന്ത്യ. ഖത്തര്‍ 62-ാം സ്ഥാനത്തും.
ഒമനെതിരായ മത്സരത്തിനുശേഷം തങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചില്ല. ഖത്തര്‍ വളരെ നല്ല ടീമാണെന്ന് അറിയാം. പിച്ചില്‍ എല്ലാം നല്കി കളിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. എങ്ങനെ സജ്ജമാകാം എന്നതിനെക്കുറിച്ച് കളിക്കാരോടു സംസാരിച്ചുകൊണ്ടു അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം- സ്റ്റിമാക് പറഞ്ഞു.
ഖത്തറുമായി കളിക്കുന്നതിനുള്ള നല്ല അവസരമാണിതെന്ന് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു പറഞ്ഞു. ഒമാനെതിരെ ഫലം ലഭിക്കാതിരുന്നത് ഞങ്ങള്‍ക്ക് നിരാശാജനകമായിരുന്നു. എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ അതുള്‍ക്കൊണ്ട് മുന്നോട്ടുപോകണം. അടുത്ത വെല്ലുവിളികളിലേക്ക് നീങ്ങണം.
ഖത്തറിനെതിരെ കളിക്കുന്നത് നല്ലൊരു അവസരമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ പരമാവധി ശ്രമിക്കും. മത്സരത്തില്‍നിന്നും ഒരു ഫലം നേടാന്‍ ശ്രമിക്കും- ഗുര്‍പ്രീത് പറഞ്ഞു. ഒമാനെതിരായ മത്സരത്തില്‍ അവസാന എട്ടുമിനുട്ടില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയ സാഹചര്യത്തില്‍ ടീമിന്റെ ഫിറ്റ്നസ് ആശങ്കകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കോച്ച് സ്റ്റിമാക് തള്ളിക്കളഞ്ഞു. ശാരീരിക ക്ഷമത ഒരു ആശങ്കയല്ല.
ഓട്ടത്തിന്റെ ഫലപ്രാപ്തി പ്രധാനമാണ്. എപ്പോള്‍ എങ്ങനെ ഓടണമെന്ന് കൂടുതല്‍ പരിചയസമ്പന്നരായ ടീമിന് അറിയാനാകും. ഞങ്ങള്‍ കൂടുതല്‍ ഊര്‍ജം പാഴാക്കുകയായിരുന്നു- സ്റ്റിമാക് പറഞ്ഞു. ഖത്തറും ഇന്ത്യയും തമ്മില്‍ സീനിയര്‍ തലത്തില്‍ ഒരു തവണമാത്രമാണ് ഏറ്റുമുട്ടിയത്.
1996ല്‍. അന്ന് എതിരില്ലാത്ത ആറുഗോളുകള്‍ക്കാണ് ഖത്തര്‍ ജയിച്ചത്. അണ്ടര്‍-23 തലത്തില്‍ ഇരുടീമുകളും നാലു തവണ ഏറ്റുമുട്ടിയതില്‍ മൂന്നുതവണയും ജയം ഖത്തറിനായിരുന്നു. ഒരു മത്സരം സമനിലയിലായി.