in ,

ഫുവൈരിത്ത് ബീച്ച് ആഗസ്ത് ഒന്നു മുതല്‍ വീണ്ടും തുറക്കും

ദോഹ: രാജ്യത്തെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈരിത്ത് ബീച്ച് ആഗസ്ത് ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നുനല്‍കുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. കടലാമകളുടെ പ്രജനനസീസണ്‍ സമാപിച്ചതോടെയാണ് ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടുംതുറന്നു നല്‍കാന്‍ മന്ത്രാലയത്തിലെ പരിസ്ഥിതി സംരക്ഷണ വന്യജീവി വകുപ്പ് തീരുമാനിച്ചത്.

കടലാമകളുടെ പ്രജനനകാലമായതിനാല്‍ ഏപ്രില്‍ മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഫോക്‌സ് ബില്‍ ഇനത്തില്‍പ്പെട്ട കടലാമകള്‍ പ്രജനനത്തിനായി ഏപ്രില്‍ ജൂണ്‍ ജൂലൈ മാസങ്ങളിലാണ് കൂട്ടത്തോടെ തീരത്തെത്തുന്നത്. ഇത്തവണത്തെ പ്രജനനം വളരെ വിജയകരമായിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം ആമകളാണ് പ്രജനനത്തിനായി എത്തുന്നത് എന്നതിനാലാണ് പരിസ്ഥിതി വകുപ്പ് സംരക്ഷണം നല്‍കുന്നത്. ഫുവൈരിത്ത് ബിച്ചില്‍ കടലാമകളുടെ പ്രജനനത്തിന് കാലത്തിന്റെ തുടക്കത്തില്‍ മന്ത്രാലയം നിരവധി പരിപാടികള്‍ നടത്തിയിരുന്നു.

ഫുവൈരിത്തിലെ പ്രജനന പ്രദേശം പൂര്‍ണമായും വേലിക്കെട്ടി സംരക്ഷിച്ചിരുന്നു. മുട്ട വിരിയുന്നതിനുള്ള സംരക്ഷണത്തിനായാണിത്.

പ്രജനന സമയത്ത് വലിയ ശബ്ദം, വാഹനം ഓടിക്കല്‍ ഇവയെല്ലാം പ്രജനനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കടലാമകള്‍ക്ക് മുട്ടയിടാനായി പ്രത്യേക കൂടുകളാണ് അധികൃതര്‍ സജ്ജീകരിച്ചിരുന്നത്. ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്.

52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും. കൂടുകളുടെ എണ്ണം ഇത്തവണ അറുപതിലധികമായിരുന്നു. ഇത്തവണത്തെ സീസണില്‍ കടലാമ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ വടക്കന്‍ തീരങ്ങളിലേയും ദ്വീപുകളിലേയും പ്രജനന ശതമാനം വളരെ ഉയര്‍ന്നിട്ടുണ്ട്.

പ്രത്യേകിച്ചും അല്‍ഗരിയ, അല്‍ മൊറോന, അല്‍മാഫിര്‍ എന്നിവിടങ്ങളില്‍ കടലാമകളുടെ പ്രജനനം വര്‍ധിച്ചിട്ടുണ്ട്. ഹലൂല്‍, ഷരീവു, രഖന്‍, ഉംതെയ്‌സ് എന്നീ ദ്വീപുകളിലും കടലാമകള്‍ മുട്ടയിടാനെത്താറുണ്ട്. 2013 മുതലാണ് കടലാമകളുടെ സംരക്ഷണ പദ്ധതി മന്ത്രാലയം തുടങ്ങിയത്.

ഖത്തര്‍ പെട്രോളിയത്തിന്റെയും ഖത്തര്‍ സര്‍വകലാശാലയുടേയും സഹകരണത്തോടെയാണിത്. സീസണ്‍ സമാപിച്ചതോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ബീച്ച് സന്ദര്‍ശകര്‍ക്കായി തുറന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി ബോക്‌സുകളും ബീച്ചില്‍ സ്ഥാപിച്ചിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി ി ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് സെന്റര്‍(ഇഎസ്‌സി- പാരിസ്ഥിതിക ശാസ്ത്ര കേന്ദ്രം) പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഖത്തര്‍ പെട്രോളിയത്തിന്റെ ധനസഹായത്തോടെയാണ് ഹോക്‌സ്ബില്‍ കടലാമകളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കിവരുന്നത്.

പ്രത്യേക വിദഗ്ദ്ധരടങ്ങിയ ടീമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഖത്തരി തീരങ്ങളിലെ ഹോക്‌സ്ബില്‍ കടലാമകളെക്കുറിച്ച് 2002 മുതല്‍ ഖത്തര്‍ പെട്രോളിയവും ഇഎസ്‌സിയും പഠനങ്ങള്‍ നടത്തിവരുന്നുണ്ട്. കടലാമകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

അപൂര്‍വയിനം കടലാമകളുടെ സംരക്ഷണവും പരിപാലനവുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇഎസ് സിയില്‍ നിന്നുള്ള ശാസ്ത്രസംഘമാണ് ഇവിടങ്ങളിലെ കടലാമകളെ നിരീക്ഷണ വിധേയമാക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍നിന്നുള്ള നിരീക്ഷകരുള്‍പ്പെട്ട ടീമിന്റെ സഹകരണവുമുണ്ട്. ഈ വര്‍ഷം ഇതാദ്യമായി ഹലൂല്‍ ദ്വിപീല്‍ കടലാമകള്‍ക്കുമേല്‍ സാറ്റലൈറ്റ് ട്രാന്‍സ്മിറ്ററുകള്‍ വിന്യസിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൂഖ് വാഖിഫ് ഈത്തപ്പഴ മേള: ആറുദിവസത്തില്‍ വിറ്റത് 79 ടണ്‍

ഹമദ് വിമാനത്താവളത്തിലേക്കുള്ള ദോഹ മെട്രോ ലിങ്ക് ഉടന്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്