
ദോഹ: ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ മിഡിലീസ്റ്റിലെ ആദ്യ ആംഗ്രിബേഡ്സ് വേള്‍ഡിന്റെ ഔട്ട്ഡോര്‍ പാര്‍ക്ക് തുറന്നു.കഴിഞ്ഞവര്‍ഷം ആംഗ്രിബേഡ്സിന്റെ ഇന്‍ഡോര്‍ പാര്‍ക്ക് തുറന്നിരുന്നു. 17,000 സ്ക്വയര്‍മീറ്ററിലായാണ് പാര്‍ക്ക് സംവിധാനിച്ചിരിക്കുന്നത്. ആംഗ്രിബേഡ് കഥാപാത്രങ്ങളുമായി കളിക്കുന്നതിനും കൂട്ടുകൂടുന്നതിനും സമയം ചെലവഴിക്കുന്നതിനും ഈ പാര്‍ക്കില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ദോഹ ഫെസ്റ്റിവല്‍ സിറ്റിയുടെ ഫാമിലി എന്റര്‍ടെയിന്‍മെന്റ് കോംപ്ലക്സിലെ ഏറ്റവും വലിയ ആകര്‍ഷണവും ഈ പാര്‍ക്കാണ്.

ഫെസ്റ്റിവല്‍ സിറ്റിയിലെ എന്റര്‍ടെയിന്‍മെന്റ് സിറ്റിയിലാണ് ആംഗ്രിബേഡ്സ് തീം പാര്‍ക്ക് പ്രവര്‍ത്തിക്കുക. ഒന്നാംഘട്ടത്തില്‍ 6500 സ്ക്വയര്‍മീറ്റര്‍ ഇന്‍ഡോര്‍ വിഭാഗമാണ് കഴിഞ്ഞവര്‍ഷം തുറന്നത്. ബ്ലാസ്റ്റ് ബോംബ്, റെഡ് അലേര്‍ട്ട്, 17 മീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ വൃക്ഷം, റോളര്‍ ഗ്ലൈഡര്‍, മള്‍ട്ടി ലെവല്‍ കാര്‍ട്ടിങ് ട്രാക്ക്, 1300 സ്ക്വയര്മീറ്ററില് ട്രംപോലിന്‍ യൂണിവേഴ്സ് എന്നിവയാണ് മുഖ്യ ആകര്ഷണങ്ങള്. ഖത്തറിലെ ആദ്യ ഇന്‍ഡോര്‍ സ്നോ പാര്‍ക്കായ സ്നോ ഡ്യൂണ്സും ഈ ഘട്ടത്തില്‍ സജ്ജമായിരുന്നു. മേഖലയിലെ ആദ്യ ഡിജിറ്റല്‍ ഗെയിമിങ്- എന്റര്‍ടെയിന്‍മെന്റ് ഹബ്ബായ വിര്ച്യോസിറ്റി, കു്ട്ടികളെ പ്രചോദിപ്പിക്കുന്നതിനായുള്ള ലോകത്തെ ആദ്യ ശൂന്യാകാശ നഗരം ജൂണിവേഴ്സ് എന്നിവയും സജ്ജമാക്കുന്നുണ്ട്. 20ലധികം ഉയര്‍ന്ന നിലവാരത്തിലുള്ള ത്രില്‍ റൈഡുകളാണ് പാര്‍ക്കിലുള്ളത്.

ഇന്‍ഡോറിനു പുറമെയാണ് ഇപ്പോള്‍ ഔട്ട്ഡോര്‍ പാര്‍ക്കും തുറന്നത്. 42 മീറ്റര്‍ ഉയരത്തിലുള്ള സൂപ്പര്സ്ലിങ് ഷോട്ടാണ് മുഖ്യ ആകര്‍ഷണം. സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ആകാശാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമിത്. ആംഗ്രിബേഡ്സ് സിനിമകളില്‍ കാണാറുള്ള റെഡ്സ് ഹൗസും പാര്‍ക്കിലെ മറ്റൊരാകര്‍ഷണമാണ്. പക്ഷികളുടെ ദ്വീപില്‍ നിന്നും പിഗി ദ്വീപിലേക്കുള്ള യാത്രയാണ് റാഫ്റ്റ് ബാറ്റില്‍ സമ്മാനിക്കുന്നത്. സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യുന്നതാകുമിത്. സാഹസികപ്രിയര്‍ക്ക് അനുയോജ്യമായവയും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പാര്‍ക്കിന്റെ സിറ്റി സ്റ്റുഡിയോയില്‍ ഇത്തരക്കാര്‍ക്കായി വേറിട്ട കാഴ്ചകളാണുള്ളത്.

വാള്ക്ലൈംബിങ്, പാരബോളിക് സ്ലൈഡുകള്‍, റോളര്‍ ഗ്ലൈഡറുകള്‍, റോപ്സ് കോഴ്സ് എന്നിവ ചിലതുമാത്രം. ട്രൈമൂ പാര്‍ക്ക്സ് എന്ന കമ്പനിയാണ് ഈ വിനോദ പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ആംഗ്ലിബേഡ്സ് തുറന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനമുഹൂര്‍ത്തമാണെന്ന് ട്രൈമൂ പാര്‍ക്ക്സിന്റെ ഉടമകളായ ലെഷറിന്റെ ഡെപ്യൂട്ടി സിഇഒ അലി ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍അത്തിയ്യ പറഞ്ഞു.
ഭക്ഷ്യ പാനീയ ഔട്ട്ലെറ്റുകള്, റീട്ടെയില്‍ ഷോപ്പുകള്‍, വിദ്യാഭ്യാസ വിനോദപരിപാടികള്‍, കുടുംബത്തിനുആകെയായി ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികള്‍ എന്നിവയും പാര്‍ക്കിന്റെ ഭാഗമാണ്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നാഴികക്കല്ലു കൂടിയാണ് ആംഗ്രിബേഡ്സ് വേള്‍ഡ് പാര്‍ക്ക്. രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.