
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡിസംബര്‍ മൂന്നു മുതല്‍ പതിനാറു വരെ നടന്ന ഒന്‍പതാമത് കത്താറ പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ഫൈന്‍ ആര്‍ട്‌സ് കലാകാരന്‍മാരെ ആദരിക്കുകയും ചെയ്തു.

ഫോട്ടോഗ്രഫി മത്സരത്തില്‍ 60പേരാണ് പങ്കെടുത്തത്. മലയാളിയായ ഫിറോസ് മുഹമ്മദിനാണ് ഒന്നാം സ്ഥാനം. 20,000 ഖത്തര്‍ റിയാലാണ് സമ്മാനം. രണ്ടാം സമ്മാനമായ 15,000 റിയാല്‍ ഇമാദ് മുഹമ്മദ് അഹമ്മദ് അല്‍ഹജ്ജും 10,000 റിയാലിന്റെ മൂന്നാംസ്ഥാനം യൂസുഫ് ലൗലിദിയും നേടി. ഫോട്ടോഗ്രഫി മത്സരത്തിലെ ജൂറി അംഗങ്ങളായ അബ്ദുല്‍ അസീസ് റാഷിദ് അല്‍കുബൈസി, ജാസിം അഹമ്മദ് അല്‍ബുഐനൈന്‍ എന്നിവരെയും ആദരിച്ചു.
പരമ്പരാഗത പായ്ക്കപ്പല്‍ ഫെസ്റ്റിവലില്‍ ലൈവ് പെയിന്റിങ് അവതരിപ്പിച്ച മലയാളിയായ സീനാ ആനന്ദ് ഉള്‍പ്പടെ 11 ഫൈന്‍ ആര്‍ട്ടിസ്റ്റുകളെയും ആദരിച്ചു.