Thursday, January 23

ബയേണ്‍ മ്യൂണിച്ചിന്റെ പരിശീലനം ആസ്പയറില്‍ തുടങ്ങി

Spread the love
ആസ്പയറില്‍ പരിശീലനം നടത്തുന്ന ബയേണ്‍ മ്യൂണിച്ച് താരങ്ങള്‍

ദോഹ: വിഖ്യാത ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ശൈത്യകാല പരിശീലനം ആസ്പയറില്‍ തുടങ്ങി. ശനിയാഴ്ചയാണു ടീം ദോഹയിലെത്തിയത്.
ഞായറാഴ്ച രാവിലെ മുതല്‍ പൂര്‍ണതോതിലാണ് ആസ്പയറിലെ ടീമിന്റെ പരിശീലനം. കഴിഞ്ഞ വര്‍ഷങ്ങളിലും ടീം ആസ്പയറില്‍ പരിശീലനം നടത്തിയിരുന്നു.
ശൈത്യകാല അവധിക്കുശേഷം ശേഷം ഈ വര്‍ഷത്തെ ഫുട്‌ബോള്‍ സീസണ്‍ തുടങ്ങുമ്പോള്‍ കടുത്ത മല്‍സരങ്ങളാണു ടീമിനെ കാത്തിരിക്കുന്നത്. ബുണ്ടസ് ലീഗയില്‍ തുടര്‍വിജയങ്ങളാണ് ടീം ലക്ഷ്യമിടുന്നത്.
ബയേണ്‍ കോച്ച് ഹന്‍സി ഫ്‌ളിക്കിന്റെ നേതൃത്വത്തില്‍ 26 താരങ്ങള്‍ ഉള്‍പ്പെട്ട ടീമാണ് ദോഹയില്‍ പരിശീലനം നടത്തുന്നത്.

പരിക്കുകളെത്തുടര്‍ന്ന് നിക്ലാസ് സുലെ, സാവി മാര്‍ട്ടിനെസ്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, കിങ്സ്ലി കോമാന്‍ എന്നിവര്‍ ദോഹയിലെത്തിയിട്ടില്ല.
അതേസമയം ശസ്ത്രക്രിയക്കുശേഷം തിരിച്ചെത്തിയ ഫ്രാന്‍സിന്റെ ലോകകപ്പ് ജേതാവ് ലൂക്കാസ് ഹെര്‍ണാണ്ടസ് ദോഹയില്‍ ഇന്നലെ രാവിലെ സര്‍ക്യൂട്ട് പരിശീലനത്തിലും വ്യക്തിഗത പരിശീലനത്തിലും സജീവമായി പങ്കെടുത്തു. ഒക്ടോബര്‍ അവസാനം നടന്ന ശസ്ത്രക്രിയ കഴിഞ്ഞ രണ്ടര മാസങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് ലൂക്കാസ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.