
ദോഹ: ബര്‍വ അല്‍ബരാഹ പദ്ധതിയിലെ വര്‍ക്ക്‌ഷോപ്പുകളുടെയും ഗോഡൗണുകളുടെയും വെയര്‍ഹൗസുകളുടെയും നിര്‍മാണം പൂര്‍ത്തിയായതായി ബര്‍വ റിയല്‍എസ്റ്റേറ്റ് അറിയിച്ചു. സെപ്തംബര്‍ പകുതി മുതല്‍ ഇവ പാട്ടത്തിനു നല്‍കും. ഇന്‍ഡസ്ട്രിയല്‍ ഏരിയ നമ്പര്‍ 91ല്‍ ലേബര്‍സിറ്റിക്കു പിറകിലെ ബര്‍വ അല്‍ബരാഹയില്‍ പദ്ധതിയുടെ ആകെ ഭൂമി ഏരിയ 684,134 സ്‌ക്വയര്‍മീറ്ററാണ്.
പദ്ധതിയിലെ ആകെ നിര്‍മാണ ഏരിയ 1,93,000 സ്‌ക്വയര്‍മീറ്ററാണ്. 561 വെയര്‍ഹൗസുകളാണ് പദ്ധതിയിലുള്ളത്. ഒരു വെയര്‍ഹൗസിന്റെ വിസ്തീര്‍ണം 300 സ്‌ക്വയര്‍മീറ്ററാണ്. 118 വര്‍ക്ക്‌ഷോപ്പുകളാണുള്ളത്. ഒരു വര്‍ക്ക്‌ഷോപ്പിന്റെ വിസ്തീര്‍ണം 144 സ്‌ക്വയര്‍മീറ്ററാണ്.
ഖത്തരി വിപണിയെ മുന്‍നിര്‍ത്തി സംരംഭകര്‍ക്കും ചെറുകിട ഇടത്തരംസംരംഭങ്ങളുടെ ഉടമകള്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബര്‍വ റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഇസ്സ ബിന്‍ മുഹമ്മദ് അല്‍മുഹന്നദി പറഞ്ഞു.
ദേശീയ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാനവും തന്ത്രപരവുമായ സ്ഥാനമാണ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ളത്. പ്രാദേശികവിപണിയിലെ വാടകവില കുറക്കുന്നത് സഹായകമാണ് ബരാഹ പദ്ധതി.
ഇതിന്റെ ഭാഗമായി ആരോഗ്യകരമായ മത്സരമാണ് ഉറപ്പാക്കുന്നത്. രാജ്യത്തിന്റെ നഗര സാമ്പത്തിക വികസനത്തിന് സഹായകമായ പദ്ധതികള്‍ക്കാണ് ബര്‍വ റിയല്‍എസ്റ്റേറ്റ് എല്ലായിപ്പോഴും പ്രാധാന്യം നല്‍കുന്നത്.