in ,

ബലദ്‌നയുടെ പാല്‍ക്കട്ടി വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയില്‍

അല്‍ഖോറിലെ ബലദ്‌ന ഫാമില്‍ നിന്നുള്ള ദൃശ്യം

ദോഹ: ഖത്തരി ഉടമസ്ഥതയിലുള്ള പ്രധാന സ്വകാര്യ കമ്പനിയായ ബലദ്‌ന ഫുഡ് ഇന്‍ഡസ്ട്രീസ് വിവിധതരം ക്ഷീരോപ്തന്നങ്ങളുടെ ഉത്പാദനമേഖലയിലേക്ക് കൂടി കടക്കുന്നു. ഖത്തറിലെ ഏറ്റവും വലിയ ഫ്രഷ് പാല്‍, ജ്യൂസ് ഉത്പാദകരായ ബലദ്‌ന പാല്‍ക്കട്ടി ഉള്‍പ്പടെ വിവിധ ക്ഷീരോത്പന്നങ്ങളുടെ ഉത്പാദന മേഖലയിലേക്കും പ്രവര്‍ത്തനം വ്യാാപിപ്പിക്കുകയാണ്.

ലോങ് ലൈഫ് മില്‍ക്ക്(ദീര്‍ഘകാല ഉപയോഗയോഗ്യമായ പാല്‍), വിവിധ തരം ജ്യൂസുകള്‍ എന്നിവയുടെ ഉത്പാദനം തുടങ്ങിയതിനു പിന്നാലെയാണ് കമ്പനി പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. രാജ്യത്തെ ആദ്യത്തെ യുഎച്ച്റ്റി(അള്‍ട്രാ ഹൈ ടെംപറേച്ചര്‍ പാസ്ച്യുറൈസേഷന്‍- അത്യധികമായ താപനിലയില്‍ ശുദ്ധീകരിക്കല്‍) അഥവാ ലോങ്‌ലൈഫ് മില്‍ക്ക് ലൈന്‍ വിജയകരമായി പുരോഗമിക്കുന്നു.

സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കന്നതില്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് പുതിയ യുഎച്ച്റ്റി ഉത്പാദന ലൈന്‍. ഖത്തരി ഫ്‌ളാഗ്ഷിപ് ബ്രാന്‍ഡായ ബലദ്‌ന തങ്ങളുടെ വ്യാപാര ഉത്പാദന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പാല്‍ക്കട്ടി ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്.

രാജ്യത്തെ ആദ്യത്തെ സംരംഭമെന്ന നിലയില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കണ്ടന്‍സ്ഡ് മില്‍ക്ക്(പാല്‍ക്കട്ടി) വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ബലദ്‌ന സീനിയര്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍ മഹര്‍ എല്‍ദലി പറഞ്ഞു. ബലദ്‌നയുടെ ഗബ്ഗയോടനുബന്ധിച്ച് ഖത്തര്‍ ട്രിബ്യൂണിനോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പാല്‍ക്കട്ടി ഉത്പാദനത്തിനായി അത്യാധുനിക മെഷീനുകള്‍ക്കായി മില്യണ്‍കണക്കിന് ഡോളറാണ് കമ്പനി ചെലവഴിച്ചത്.

രാജ്യത്ത് പാല്‍ക്കട്ടിക്ക് വലിയ ആവശ്യകതയുണ്ട്. പ്രത്യേകിച്ചും ഏഷ്യന്‍ പ്രവാസി സമൂഹത്തിനിടയില്‍. പാല്‍ക്കട്ടിയുടെ ഉത്പാദനത്തിലും നൂറു ശതമാനംസ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. നിലവില്‍ പാല്‍ക്കട്ടിയുടെ കാര്യത്തില്‍ രാജ്യം പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കുവൈത്ത്, തുര്‍ക്കി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇറക്കുമതി. പാല്‍ക്കട്ടി ഉത്പാദനത്തിനായി മെഷീനുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

എല്ലാ മെഷീനുകളും ഉടന്‍തന്നെ ഫാക്ടറിയില്‍ സജ്ജമാക്കും. ഈ വര്‍ഷം അവസാനത്തോടെ ഉത്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാനമായ മറ്റു ഉത്പന്നങ്ങളേക്കാള്‍ മികച്ചതായിരിക്കും ബലദ്‌നയുടെ ഉത്പന്നങ്ങള്‍. ഖത്തറിന്റെ പുറത്ത് ആയിരക്കണക്കിന് കിലോമീറ്റര്‍അകലെയുള്ള ഫാക്ടറികളില്‍ നിന്നും എത്തിക്കേണ്ടതില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മെച്ചം.

വിപണിയില്‍ നിലവില്‍ ലഭ്യമായിട്ടുള്ള പാല്‍ക്കട്ടികളുടെ വിലയേക്കാള്‍ മികച്ചതും ആരോഗ്യകരമായ മത്സരം ഉറപ്പാക്കുന്നതുമായ വിലയില്‍ ലഭ്യമാക്കും. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ബലദ്‌നയുടെ ചീസ് വിഭാഗം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ തരം ചീസ് വിഭാഗങ്ങളുടെ ഉത്പാദനത്തിലേക്ക് കമ്പനി കടക്കുകയാണ്. മെഷീനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വേനലിനുശേഷം ഉത്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.


അഞ്ചു ഫ്‌ളേവറുകളില്‍ കൂടി ബലദ്‌ന ജ്യൂസ് വിപണിയില്‍ എത്തിക്കും

ദോഹ: കൂടുതല്‍ ഫ്‌ളേവറുകളില്‍ ബലദ്‌ന ജ്യൂസ് വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ ആറു വ്യത്യസ്ത ഫ്‌ളേവറുകളിലായാണ് ബലദ്‌ന ജ്യൂസ് വിപണിയിലിറക്കിയിരിക്കുന്നത്. പഞ്ചസാരയോ കളറോ ചേര്‍ക്കാതെയുള്ള നൂറു ശതമാനവും പ്രകൃതിദത്തമായ ഫ്രൂട്ട് ജ്യൂസ് ഉപഭോക്താക്കളില്‍ സ്വീകാര്യത നേടുന്നുണ്ട്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍, പോമഗ്രനേറ്റ്, ഫ്രൂട്ട് മിക്‌സ്, ട്രോപ്പിക്കല്‍ മിക്‌സ് ഫ്രൂട്ട് എന്നീ ജനപ്രിയ ഫ്‌ളേവറുകളില്‍ ജ്യൂസ് ലഭ്യമാണ്.

വര്‍ഷാവസാനത്തോടെ അഞ്ചു ഫ്‌ളേവറുകളില്‍ക്കൂടി ജ്യൂസ് വിപണിയിലെത്തിക്കും. സോര്‍ ക്രീം, ഫ്രഷ് ക്രീം തുടങ്ങിയവയും ബലദ്‌ന ഫാക്ടറിയില്‍ ഉടന്‍ ഉത്പാദനം തുടങ്ങും. ചിലതരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ഉത്പന്നങ്ങളുടെ കയറ്റുമതിക്കായി വിവിധ ഏഷ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നു. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി തുടങ്ങും.

20,000 ഹോളിസ്റ്റീന്‍ പശുക്കള്‍ ബലദ്‌നയുടെ ഫാമിലുണ്ട്. കയറ്റുമതിയുടെ തോത് വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ പശുക്കളെ ഫാമിലെത്തിക്കും. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി പ്രചാരണ പരിപാടികളും ക്യാമ്പയിനുകളും കമ്പനി നടത്തുന്നുണ്ട്.

ബലദ്‌ന ഫാം പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ഓഹരിവില്‍പ്പ നടത്തുന്നുണ്ട്. ഈ വര്‍ഷം നാലാംപാദത്തിലായിരിക്കും ഓഹരികളുടെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐപിഒ). ഇതിനായുള്ള എല്ലാ നടപടിക്രമങ്ങളും കമ്പനി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നീങ്ങുകയാണെങ്കില്‍ 2019ല്‍ ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ കമ്പനി ബലദ്‌നയായിരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗസക്ക് സഹായം: ക്യുആര്‍സിഎസ് ക്യാമ്പയിന് പിന്തുണയുമായി ക്യുഎഫ്‌സി

ഡിഎഫ്‌ഐയുടെ സഹായത്തോടെ നിര്‍മിച്ച സിനിമക്ക് കാനില്‍ അംഗീകാരം