
ദോഹ: പാരമ്പര്യത്തിന്റെ സൗന്ദര്യം എന്ന പ്രമേയത്തില്‍ ബള്‍ഗേറിയന്‍ കലാപ്രദര്‍ശനം കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടങ്ങി. ബള്‍ഗേറിയന്‍ കലാകാരി ഡില്ലി ബൊസാദ്ജിവയുടെ പതിനഞ്ചോളം പെയിന്റിങുകളാണ് പ്രദര്‍ശനത്തിലുള്ളത്. ബള്‍ഗേറിയന്‍ എംബസിയുടെ സഹകരണത്തോടെയാണ് കത്താറ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 14വരെ തുടരും.

കമ്പിളി നൂലുകളില്‍ പ്രകൃതിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത നിറങ്ങള്‍ പെയിന്റ് ചെയ്താണ് കലാസൃഷ്ടികളൊരുക്കിയത്. ബള്‍ഗേറിയന്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ ഭംഗിയാണ് ഈ പെയിന്റിങുകളില്‍ പ്രതിഫലിക്കുന്നത്. കത്താറയില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
ഖത്തരി പൊതുജനങ്ങളിലേക്കും ഖത്തറില്‍ താമസിക്കുന്ന എല്ലാവരിലേക്കും എത്തിച്ചേരാനുള്ള അവസരമായിരിക്കും പ്രദര്‍ശനമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കാനായതിലെ സന്തോഷം ഖത്തറിലെ ബള്‍ഗേറിയന്‍ അംബാസഡര്‍ മെറ്റിന് ഹുസൈന് കസാഖും പങ്കുവച്ചു.
കലയെയും സംസ്കാരത്തെയും സേവിക്കുന്നതില്‍ കത്താറയുടെ പങ്കിന് നന്ദിയുണ്ട്. ബള്‍ഗേറിയന്‍ സംസ്കാരം അവതരിപ്പിക്കുന്ന കൂടുതല്‍ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതില്‍ സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.