
ദോഹ: ബസുകള്‍ക്കും ട്രാമുകള്‍ക്കുമിടയില്‍ ഗതാതം കാര്യക്ഷമമാക്കുന്നതിനായി നൂതന സര്‍വീസ് നടപ്പാക്കുന്നു.ബസിന്റെയും മെട്രോ ബോഗിയായ ട്രാമിന്റെയും സംയാജിത രൂപമായ ഓട്ടോമാറ്റിക് റാപിഡ് ട്രാന്‍സിറ്റ്(എആര്‍ടി) എന്ന നൂതനവും അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനമാണ് നടപ്പാക്കുന്നത്.

സാധാരണ വാഹനങ്ങളെപ്പോലെ തന്നെ റോഡിലൂടെയാണ് ഇവയുടെ യാത്ര. രൂപത്തില്‍ മെട്രോയ്ക്ക് സമാനമാണ്. എന്നാല്‍ സര്‍വീസിന് പ്രത്യേക ട്രാക്കിന്റെ ആവശ്യമില്ല. എആര്‍ടിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ഉടന്‍ തുടങ്ങുന്നതിനുള്ള നടപടികളിലാണ് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം. ഇന്റലിജന്റ് നിയന്ത്രണങ്ങളോടെയുള്ള നഗര ഗതാഗതത്തിനായുള്ള റെയില്‍ രഹിത സംവിധാനമാണ് എആര്‍ടി.
പ്രധാനമായും ബസുകള്‍ക്കും ട്രാമുകള്ക്കുമിടയിലുള്ള ക്രോസോവറാണ്(ഒരു സംവിധാനത്തില്‍നിന്നും വേറൊന്നിലേക്ക് മാറല്‍) ഈ ഗതാഗതസംവിധാനം. ഇത് വൈദ്യുതി, മെക്കാനിക്കല്‍ സംവിധാനങ്ങളെയും സമന്വയിപ്പിക്കുന്നു. എആര്‍ടിയുടെ നിര്‍മാതാക്കള്‍ ചൈനയാണ്.
ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ലോകത്ത് ആദ്യമായി എആര്‍ടി സംവിധാനം നടപ്പാക്കുന്നത് ഖത്തറിലായിരിക്കും. അല്‍ഖോര്‍ എക്സ്പ്രസ്സ് വേയില്‍ അടുത്തയാഴ്ച മുതല്‍ എആര്‍ടിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് തുടങ്ങും. നിശ്ചിത കാലയളവിലേക്ക് സര്‍വീസ് തുടരും. ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും സര്‍വീസ്.
ഖത്തറിന്റെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്. പുതിയ സംവിധാനം വിജയകരമായാല്‍ ഖത്തറിലെ ഗതാഗത മേഖലയുടെ വൈവിധ്യവല്‍ക്കരണത്തെ പിന്തുണയ്ക്കുന്നതായിരിക്കും. നൂതനസാങ്കേതിക വിദ്യയിലൂടെ ഏറ്റവും പുതിയ ഗതാഗത സംവിധാനം പ്രയോഗവല്‍ക്കരിക്കുകയാണ് ഖത്തര്‍.
ഗതാഗത മേഖലയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് നിര്‍ണായക സംഭാവനകളായിരിക്കും എആര്‍ടി നല്‍കുക. 2022 ഫിഫ ലോകകപ്പില്‍ ഫുട്ബോള്‍ ആസ്വാദകര്‍ക്കും സന്ദര്‍ശര്‍ക്കും മികച്ച യാത്രാനുഭവം പകരുന്നതായിരിക്കും. സ്റ്റേഡിയങ്ങള്‍, താമസസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയിലേക്ക് സുഗമമായ ഗതാഗതസൗകര്യമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
ഖത്തറിലെ എല്ലാ പ്രദേശങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ലോകോത്തര മള്‍ട്ടിമോഡല്‍ സംയോജിത ഗതാഗത സംവിധാനത്തിന്റെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ടാണ് എആര്‍ടി സര്‍വീസ്.
എല്ലാ മേഖലകളിലും വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഖത്തറിലെ ഗതാഗത മാതൃകകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകളാണ് പുതിയ സംവിധാനം നല്‍കുന്നത്.