
ദോഹ: ഭാഗ്യം ബഹറൈനോടൊപ്പമായിരുന്നു. 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ആദ്യ സെമി ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഫൈനല്‍ പ്രവേശനം ലഭിച്ചത് ബഹറൈന്. നിശ്ചിത സമയത്ത് രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചത് ഇറാഖിന് വിനയായി. എക്‌സ്ട്രാ ടൈമിലും ഗോള്‍ മികവ് പുറത്തെടുക്കാനാവാതെ വന്നതോടെ ഇറാഖിന് മടക്കയാത്രക്കുള്ള ടിക്കറ്റായി; ബഹറൈന് ഫൈനലിലേക്കും.
ആദ്യ പകുതിയില്‍ തന്നെ വലയില്‍ വീണ നാലു ഗോളുകള്‍ കളിയുടെ ഗതി നിശ്ചയിച്ചു. എക്‌സ്ട്രാ ടൈമിലെ മുപ്പത് മിനുട്ടിലും ഗോള്‍ പിറവിയുണ്ടാകാതെ വന്നത് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറി. പിന്നെ സംഭവിച്ചത് ചരിത്രം.
ആറാം മിനുട്ടില്‍ ഇറാഖിന്റെ സ്‌ട്രൈക്കര്‍ മുഹനദ് അലിയാണ് ആദ്യം വല കുലുക്കിയത്. ബഹറൈന്റെ പത്താം നമ്പര്‍ താരം എ അല്‍ മലൂദില്‍ നിന്നും കിട്ടിയ പാസിനെ പ്രതിരോധ നിരക്കാരന്‍ അബ്ദുല്ല അല്‍ ഹസ്അ സുന്ദരമായ ഹെഡറിലൂടെ ഗോള്‍ മടക്കി. പതിനാലാം നമ്പര്‍ താരം എ അത്‌വാനില്‍ നിന്നും പന്ത് സ്വീകരിച്ചെത്തിയ മിഡ്ഫീല്‍ഡര്‍ ഇബ്രാഹിം ബായെഷ് ഇറാഖിന് വേണ്ടി പതിനെട്ടാം മിനുട്ടില്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയിലെ അധിക സമയത്ത് ബഹറൈനിന്റെ അഞ്ചാം നമ്പര്‍ താരം ബുഗാമ്മറില്‍ നിന്നും കിട്ടിയ പന്ത് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ജാസിം മര്‍ഹൂന്‍ വലയിലാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുഹമ്മദ് അല്‍ ഹര്‍ദാന്‍ ആദ്യത്തെ അവസരം ഗോളാക്കി. ഇറാഖിന്റെ അലി ഫാഇദ് അതിയ്യയും ആദ്യ അടി വലയില്‍ കുരുക്കി. ജാസിം അല്‍ ശൈഖ്, മുഹമ്മദ് മര്‍തൂന്‍, തിയാഗോ അഗസ്‌റ്റോ, അലി മദാന്‍ എന്നിവരെല്ലാം തങ്ങള്‍ക്ക് കിട്ടിയ അവസരം ബഹറൈനായി ഉപയോഗപ്പെടുത്തി. ഇറാഖിന്റെ ദുര്‍ഗാം ഇസ്മാഈലും ഇബ്രാഹിം ബായെഷും ഗോളുകള്‍ നേടിയപ്പോള്‍ അബ്ദുല്ലാ ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ മുഹമ്മദ് ഖാസിമിന് പിഴച്ചു, ഒപ്പം ഇറാഖിനും.