in , ,

ബഹിരാകാശം: ഖത്തറും യുനൂസയും സഹകരണം ശക്തമാക്കുന്നു

ദോഹ: ഖത്തറും യുഎന്‍ ഓഫീസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സും(യുനൂസ) വിവിധ മേഖലകളില്‍ സംയുക്ത സഹകരണം ചര്‍ച്ച ചെയ്തു. ഓസ്ട്രിയയിലെ ഖത്തര്‍ അംബാസഡറും വിയന്നയിലെ രാജ്യാന്തര സംഘടനകളിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധിയുമായ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍മന്‍സൂരി യുനൂസ ഡയറക്ടര്‍ സിമോനെറ്റ ഡി പിപ്പോയുമായി വിയന്നയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണം ചര്‍ച്ചയായത്.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സമാധാനപരമായ ഉപയോഗത്തില്‍ ഖത്തറും യുനൂസയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ബഹിരാകാശ മേഖലയെ സമാധാനപരമായ ഉപയോഗങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള ഐക്യരാഷ്ട്ര പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബഹിരാകാശ മേഖലയിലെ സാങ്കേതികവികാസങ്ങളുടെ കാര്യത്തില്‍ മുന്നോട്ടുപോകുന്നതില്‍ ഖത്തറിന്റെ താല്‍പര്യം അംബാസഡര്‍ ഊന്നിപ്പറഞ്ഞു. ഇതിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുക, ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ദേശീയ കേഡര്‍മാരെ തയ്യാറാക്കുക, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 പദ്ധതികളിലേക്ക് ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുക തുടങ്ങിയവയെല്ലം നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ബഹിരാകാശത്തെ ഉപയോഗിക്കുന്നതില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സഹകരണത്തിന്റെ തത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് ഭാവിയില്‍ ഖത്തര്‍ നടപ്പാക്കുന്ന ബഹിരാകാശ പരിപാടികളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള യുനൂസയുടെ താല്‍പര്യം ഡയറക്ടര്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി തൃക്കരിപ്പൂര്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കം

അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം: ഡോ. അഹമ്മദ് അല്‍മുറൈഖി