
ദോഹ: ലോക ബീച്ച് ഗെയിംസിലെ ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവിഭാഗത്തില്‍ മെഡല്‍പ്രതീക്ഷയില്‍ ഖത്തര്‍ ടീം നാളെ മത്സരിക്കാനിറങ്ങും. ലോക ബീച്ച് ബാസ്‌ക്കറ്റ്‌ബോള്‍ വേദികളില്‍ ശ്രദ്ധേയപ്രകടനം നടത്താന്‍ ഇതിനോടകം ഖത്തര്‍ ടീമിനായിട്ടുണ്ട്. 20കാരനായ ഇല്‍ഹാദി ദോയെ സെയ്‌ദോയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ഖത്തറിനായി മത്സരിക്കാനിറങ്ങുന്നത്. 19കാരായ അലദ്ജി ബോബോ മഗാസ, റസ്‌ലന്‍ അല്‍അബ്ദുല്ല, 20കാരനായ ഫൈസല്‍ അബുഇസ്സ എന്നിവരാണ് ഖത്തര്‍ ടീമിലെ മറ്റംഗങ്ങള്‍. 2016ല്‍ കസാകിസ്താനിലെ അസ്താനയില്‍ നടന്ന അണ്ടര്‍-18 ഫിബ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു സെയ്‌ദോ.
ലോക ബീച്ച് ഗെയിംസില്‍ ആ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഖത്തറിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം യാസീന്‍ മൂസയാണ് ടീമിന്റെ മാനേജര്‍. 39കാരനായ യാസീന്‍ 2016ലാണ് വിരമിച്ചത്. ഖത്തരി ബാസ്‌ക്കറ്റ്‌ബോളിന്റെ മുഖമായാണ് യാസീന്‍ അറിയപ്പെടുന്നത്. ദോഹയില്‍ 2006ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഖത്തര്‍ ദേശീയ ടീമിനെ നയിച്ചത് യാസീന്‍ മൂസയായിരുന്നു. 2013 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലും മൂസയുണ്ടായിരുന്നു.2014ല്‍ മോസ്‌കോയില്‍ നടന്ന രണ്ടാമത് ഫിബ 3-3 ലോകകപ്പ് നേടിയ ഖത്തര്‍ ടീമിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ കീഴില്‍ ഖത്തര്‍ ടീം പ്രതീക്ഷയിലാണ്.