in ,

ബീച്ച് വോളിബോളില്‍ ഖത്തറിന് വിജയത്തുടര്‍ച്ച

ഹാന്‍ഡ്‌ബോള്‍ ക്വാര്‍ട്ടറില്‍ ഖത്തറിന്റെ എതിരാളികള്‍ ഓസ്‌ട്രേലിയ
അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ഖത്തര്‍ താരങ്ങള്‍ മത്സരിച്ചു

ലോക ബീച്ച് ഗെയിംസ് ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ഖത്തറിന്റെ നദ മുഹമ്മദിന്റെ പ്രകടനത്തില്‍ നിന്ന്

ദോഹ: അനോക് ലോക ബീച്ച് ഗെയിംസിലെ ബീച്ച് വോളിബോള്‍ 4-4ല്‍ ഖത്തറിന് വിജയത്തുടര്‍ച്ച. പ്രാഥമിക റൗണ്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന രണ്ടാം മത്സരത്തില്‍ ഖത്തര്‍ യുഎസ്എയെയും തോല്‍പ്പിച്ചു. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് യുഎസിനെ അന്നാബികള്‍ മറികടന്നത്, സ്‌കോര്‍ 16-21, 21-10, 15-10. രാത്രി വൈകി ജര്‍മ്മനിയെയും ഖത്തര്‍ തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇന്തോനേഷ്യയെ തോല്‍പ്പിച്ചിരുന്നു. ഷെരീഫ് യൂനുസ്, അഹമ്മദ് തിജാന്‍, സെയ്ഫ് അല്‍മാജിദ്, നാസിര്‍ അലി, സിയാദ് ബെന്‍ലൗഫര്‍, ഡെനീസ് മെസ്സിലാമനി എന്നിവരുള്‍പ്പെട്ടതാണ് ഖത്തര്‍ ടീം.

ബീച്ച് ഹാന്‍ഡ്‌ബോളില്‍ ഖത്തറിന് തുടര്‍ച്ചയായ അഞ്ചാംജയം. അല്‍ഗറാഫ ബീച്ചില്‍ ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയിനെയും ഖത്തര്‍ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഖത്തറിന്റെ വിജയം, സ്‌കോര്‍ 17-16, 20-10. തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി ഗ്രൂപ്പ് ബി ജേതാക്കളായാണ് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടിയത്. പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരങ്ങളില്‍ ഉറുഗ്വെ, ടുണീഷ്യ, ക്രൊയേഷ്യ, ഹംഗറി രാജ്യങ്ങളെ പരാജയപ്പെടുത്തിയ ഖത്തര്‍ തുടര്‍വിജയങ്ങളുമായാണ് അവസാന എട്ടില്‍ സ്ഥാനം നേടിയത്. ഇന്നു രാത്രി 8.50ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയാണ് ഖത്തറിന്റെ എതിരാളികള്‍.

ഓപ്പണ്‍ വാട്ടര്‍ പുരുഷവിഭാഗത്തില്‍ അബ്ദുറഹ്മാന്‍ ഹിഷാമിന്റെ പ്രകടനം

മറ്റു പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സ്‌പെയിന്‍ ഡെന്‍മാര്‍ക്കിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും സ്വീഡന്‍ ഹംഗറിയെയും വനിതാവിഭാഗം ക്വാര്‍ട്ടറില്‍ ബ്രസീല്‍ പോളണ്ടിനെയും ഹംഗറി ഗ്രീസിനെയും സ്‌പെയിന്‍ ഡെന്‍മാര്‍ക്കിനെയും അര്‍ജന്റീന വിയറ്റ്‌നാമിനെയും നേരിടും. ബീച്ച് ബാസ്‌ക്കറ്റ്‌ബോള്‍ പുരുഷവിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ ഖത്തറിന് തോല്‍വി. ഐവറി കോസ്റ്റാണ് ഖത്തറിനെ തോല്‍പ്പിച്ചത്, സ്‌കോര്‍ 13-18. രാത്രി നടന്ന രണ്ടാംമത്സരത്തില്‍ ടോഗോയെ ഖത്തര്‍ തോല്‍പ്പിച്ചു. ഇല്‍ഹാദി സെയ്‌ദോ ദോയെയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ഖത്തറിനായി മത്സരിക്കാനിറങ്ങിയത്. അലദ്ജി ബോബോ മഗാസ, നെദീം മുസ് ലിക്, മുസ്തഫ ഫൗദ എന്നിവരാണ് ടീമംഗങ്ങള്‍.

ബീച്ച് ടെന്നീസില്‍ ഖത്തറിന്റെ മുബാറക്ക അല്‍നുഐമിയുടെ പ്രകടനത്തില്‍ നിന്ന്

ഖത്തറിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം യാസീന്‍ മൂസയാണ് ടീമിന്റെ മാനേജര്‍. പുരുഷവിഭാഗം അഞ്ചുകിലോമീറ്റര്‍ ഓപ്പണ്‍ വാട്ടര്‍ മത്സരത്തില്‍ ദേശീയ ദേശീയതാരം മുഹമ്മദ് അബ്ദുറഹ്മാനും വനിതകളുടെ അഞ്ചുകിലോമീറ്റര്‍ വിഭാഗത്തില്‍ ഖത്തരി ഒളിമ്പ്യന്‍ നദ മുഹമ്മദ് വഫ അര്‍ക്ജിയും മത്സരിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. കത്താറ ബീച്ചിലെ ഓപ്പണ്‍ വാട്ടറില്‍ ഇന്നലെ രാവിലെയായിരുന്നു മത്സരങ്ങള്‍. പുരുഷവിഭാഗത്തില്‍ 26പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 24പേര്‍ക്കേ ഫിനിഷ് ചെയ്യാനായുള്ളു. കുവൈത്തില്‍ ഏപ്രിലില്‍ നടന്ന ജിസിസി നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചുകിലോമീറ്ററില്‍ മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ വെങ്കലമെഡല്‍ നേടിയിരുന്നു. വനിതാ ഓപ്പണ്‍ നീന്തലില്‍ 26പേര്‍ മത്സരിച്ചതില്‍ 22പേര്‍ക്കെ പൂര്‍ത്തിയാക്കാനായുള്ളു. ഖത്തറിന്റെ നദ മുഹമ്മദ് ഉള്‍പ്പടെ നാലുപേര്‍ക്ക് ഫിനിഷ് ചെയ്യാനായില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോക ബീച്ച് ഗെയിംസ്: ചരിത്രത്തില്‍ ഇടംനേടി മാര്‍സെല്ലോയും അനയും

പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്ക് നൂതന ടാക്‌സിയുമായി മുവാസലാത്ത്