
ദോഹ; ബീച്ച് വോളിബോള്‍ ലോകറാങ്കിങില്‍ ഖത്തര്‍ ടീമിന് വന്‍മുന്നേറ്റം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഖത്തര്‍. 5120 പോയിന്റുകളാണ് ടീം നേടിയത്. ഷെരീഫ് യൂനുസും അഹമ്മദ് തിജാനും ഉള്‍പ്പെട്ട സഖ്യമാണ് റാങ്കിങില്‍ മുന്നേറിയത്. രാജ്യാന്തര വോളിബോള്‍ ഫെഡറേഷനാണ് റാങ്കിങ് പട്ടിക പുറത്തുവിട്ടത്.
സമീപകാലയളവുകളില് നടന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഖത്തര്‍ ടീം മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നത്. പതിനാറ് രാജ്യാന്തര മേഖലാ ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ ടീ പങ്കെടുത്തു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഈ സഖ്യം സ്വര്‍ണമെഡല്‍ നേടിയിരുന്നു.
ഏഷ്യന്‍- അറബ് മേഖലയില്‍ ഖത്തറാണ് റാങ്കിങില്‍ ഒന്നാമത്. ആഗോളതലത്തില്‍ 7600 പോയിന്റുമായി നോര്‍വെയുടെ ക്രിസ്റ്റിയന്‍ സോറം- ആന്‍ഡ്രിയാസ് മോള് സഖ്യമാണ് ഒന്നാമത്. റഷ്യയുടെ ക്രസില്നികോവ്- സ്റ്റൊയനവ്സ്കി സഖ്യമാണ് രണ്ടാമത്.
പോളണ്ടിന്റെ ബറില്‍- ഫിജാലെക് സഖ്യമാണ് മൂന്നാമത്.
ഖത്തര്‍ വോളിബോള്‍ അസോസിയേഷന്റെ(ക്യുവിഎ) പ്രസിഡന്‍് അലി ഗാനിം അല്‍കുവാരി ഖത്തര്‍ ടീമിനെ അഭിനന്ദിച്ചു. ഖത്തരി വോളിബോളിനു നല്കുന്ന പിന്തുണക്ക് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിക്കും ക്യുഒസി സെക്രട്ടറി ജനറല്‍ ജാസിം റാഷിദ് അല്ബുഐനൈനും അദ്ദേഹം നന്ദി അറിയിച്ചു.