
ദോഹ: 2019 ബീച്ച് വോളിബോള്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് തുടര്‍ച്ചയായ മൂന്നാം വിജയം. ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഖത്തറിന്റെ അഹമ്മദ് തിജാനും ഷെരീഫ് യൂനുസും ഉള്‍പ്പെട്ട സഖ്യം ബെല്‍ജിയത്തിന്റെ ദ്രൈയ്‌സ് കൊയ്‌കെല്‍കോരെന്‍- ടോം വാന്‍ വാല്ലെ സഖ്യത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്, സ്‌കോര്‍ 21-15, 21-15. 31 മിനിട്ടിനുള്ളില്‍ മത്സരം പൂര്‍ത്തിയായി.
ഈ വിജയത്തോടെ ഖത്തര്‍ സഖ്യം റൗണ്ട് 32ലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ സഖ്യത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഖത്തര്‍ സഖ്യം തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് സഖ്യത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിക്കാനും തിജാന്‍- യൂനുസ് സഖ്യത്തിനായി. അഹമ്മദ് തിജാനും ഷെരീഫ് യൂനുസും ഉള്‍പ്പെട്ട സഖ്യം ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമാണ്.
ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കിരീടം നേടിയിരുന്നു. ബീച്ച് വേള്‍ഡ് ടൂറില്‍ മൂന്നു വെങ്കല മെഡലുകള്‍ നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി ജനീവയില്‍ നടന്ന സ്വിസ്സ് ബീച്ച് വോളിബോള്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവും ഈ സഖ്യം നേടിയിരുന്നു.