
ദോഹ; ബീച്ച് വോളിബോള്‍ ലോകറാങ്കിങില്‍ ഖത്തര്‍ ടീമിന് വന്‍മുന്നേറ്റം. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്താണ് ഖത്തര്‍. 4860 പോയിന്റുകളാണ് ടീം നേടിയത്. ഷെരീഫ് യൂനുസും അഹമ്മദ് തിജാനും ഉള്‍പ്പെട്ട സഖ്യമാണ് റാങ്കിങില്‍ മുന്നേറിയത്. രാജ്യാന്തര വോളിബോള്‍ ഫെഡറേഷനാണ് റാങ്കിങ് പട്ടിക പുറത്തുവിട്ടത്. സമീപകാലയളവുകളില്‍ നടന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഖത്തര്‍ ടീം മികവുറ്റ പ്രകടനമാണ് പുറത്തെടുക്കുന്നത്.
പതിനാറ് രാജ്യാന്തര മേഖലാ ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തര്‍ ടീ പങ്കെടുത്തു. കഴിഞ്ഞദിവസം ചൈനയിലെ മാവോമിങില്‍ നടന്ന ഏഷ്യന്‍ ബീച്ച് വോളിബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഖത്തര്‍ ടീം കിരീടം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞമാസം ചൈനയില്‍ നടന്ന ഫോര്‍സ്റ്റാര്‍ ബീച്ച് വോളിബോള്‍ വേള്‍ഡ് ടൂറായ സിയാമെന്‍ ഓപ്പണില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. കഴിഞ്ഞവര്‍ഷം തായ്‌ലാന്റില്‍ നടന്ന ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പിലും ഇന്തോനേഷ്യ ഏഷ്യന്‍ ഗെയിംസിലും ഖത്തര്‍ സഖ്യം ജേതാക്കളായിരുന്നു. ഏഷ്യന്‍- അറബ് മേഖലയില്‍ ഖത്തറാണ് റാങ്കിങില്‍ ഒന്നാമത്. ആഗോളതലത്തില്‍ 5960 പോയിന്റുമായി നോര്‍വെ സഖ്യമാണ് ഒന്നാമത്.