in ,

ബീജിങ് എക്‌സ്‌പോയിലെ ഖത്തര്‍ പവലിയനില്‍ സന്ദര്‍ശകത്തിരക്കേറുന്നു

ബിജിങ് രാജ്യാന്തര ഉദ്യാനപാലന പ്രദര്‍ശനത്തിലെ ഖത്തറിന്റെ പവലിയന്‍ ചൈനീസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ചൈനയില്‍ ബീജിങില്‍ തുടരുന്ന രാജ്യാന്തര ഉദ്യാനപാലന(ഹോര്‍ട്ടികള്‍ച്ചറല്‍) പ്രദര്‍ശനം എക്‌സ്‌പോ2019ലെ ഖത്തറിന്റെ പവലിയന് മികച്ച പ്രതികരണം. പവലിയന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ചൈന കൗണ്‍സില്‍ ഫോര്‍ ദി പ്രമോഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ചെയര്‍മാനും സംഘവും കഴിഞ്ഞദിവസം ഖത്തര്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. കുട്ടികളെയും വലിയതോതില്‍ പവലിയന്‍ ആകര്‍ഷിക്കുന്നുണ്ട്. ഉദ്യാനപരിപാലനം, കൃഷി, കാര്‍ഷിക സങ്കേതങ്ങള്‍ എന്നിവയില്‍ ഖത്തറിന്റെ അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് പ്രദര്‍ശനം.

ഖത്തറിന്റെ 2022 ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ മനസിലാക്കാനും രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും അടുത്തറിയുന്നതിനും പ്രദര്‍ശനം സഹായിക്കുന്നുണ്ട്. ചൈനയിലെ മായോമിങ് നഗരത്തിന്റെ മേയര്‍ ഉള്‍പ്പടെ പ്രത്യേക പ്രതിനിധിസംഘം അടുത്തിടെ ഖത്തര്‍ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. ഗ്വാങ്ഷു പ്രവിശ്യയിലെ മായോമിങ് മേയര്‍ യുവാന്റെ നേതൃത്വത്തിലുള്ള സംഘത്തെ മുഹമ്മദ് റാഷിദ് അല്‍നുഐമി, ബാദര്‍ ജാസിം അല്‍മുല്ല എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ചൈനയില്‍ നിന്നും അംഗപരിമിതര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘം, ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി തലവന്‍ തുടങ്ങിയവരും നേരത്തെ പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍(ക്യുബിജി) ഉള്‍പ്പടെയുള്ളവ ഖത്തറിന്റെ പവലിയന്റെ ഭാഗമാണ്. ഏപ്രില്‍ 29ന് ആരംഭിച്ച എക്‌സ്‌പോ ഒക്ടോബര്‍ ഏഴുവരെ തുടരും. ചൈനയിലെ ഖത്തര്‍ അംബാസഡര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മീന്‍ അല്‍മന്‍സൂരി, ഹോര്‍ട്ടികള്‍ച്ചറല്‍ ഉത്പാദകരുടെ രാജ്യാന്തര അസോസിയേഷന്‍ പ്രസിഡന്റ് ബെര്‍നാര്‍ഡ് ഓസ്‌റ്റെറോം തുടങ്ങിയവര്‍ ഖത്തര്‍ പവലിയനിലെ ക്യുബിജി ബൂത്ത് സന്ദര്‍ശിച്ചു.

എക്‌സ്‌പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ് ക്യുബിജിയുടേത്. ‘സിദ്ര മരത്തിന്റെ തണലിനു കീഴെ’ എന്ന പ്രമേയത്തിലാണ് ക്യുബിജി ബൂത്ത് സജ്ജമാക്കിയിരിക്കുന്നത്. ഖത്തറിന്റെ പൈതൃകം പ്രതീകവല്‍ക്കരിക്കുന്ന സസ്യജാലങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2100 സ്‌ക്വയര്‍മീറ്ററിലായാണ് ഖത്തറിന്റെ പവലിയന്‍. അഞ്ചു സിദ്രമരങ്ങള്‍ പവലിയനിലുണ്ട്.

തെറാപ്യൂട്ടിക് ഗാര്‍ഡന്‍, അല്‍ബിദ പാര്‍ക്ക്, അല്‍ഹിലാല്‍ പാര്‍ക്ക് എന്നിവയും പവലിയന്റെ ഭാഗമാണ്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് പ്രദര്‍ശനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഖുര്‍ആനിക് ബൊട്ടാണിക് ഗാര്‍ഡന്‍ ഉദ്യാനപാലനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയാ സേവനങ്ങള്‍ തുടങ്ങി

ഇ.വി മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നല്‍കി