
ദോഹ: ബെല്‍ജിയത്തിലെ സീബ്രുഗ് പ്രകൃതിവാതക ടെര്‍മിനലിലേക്ക് ഖത്തര്‍ ഗ്യാസ് ആദ്യമായി ദ്രവീകൃത പ്രകൃതിവാതകം(എല്‍എന്‍ജി) വിജയകരമായി കയറ്റിയയച്ചു. ക്യു മാക്‌സ് ഇനം കപ്പലിലാണ് എല്‍എന്‍ജി കാര്‍ഗോ വിതരണം ചെയ്തത്. ജൂണ്‍22ന് ഖത്തറിലെ റാസ് ലഫാന്‍ ടെര്‍മിനലില്‍ നിന്നാണ് ‘അല്‍ ദഫ്‌ന’ എന്ന ക്യു മാക്‌സ് കപ്പലില്‍ എല്‍.എന്‍.ജി കയറ്റിഅയച്ചത്.
ജൂലൈ 22ന് ബെല്‍ജിയത്തിലെ ടെര്‍മിനലില്‍ എത്തിച്ചു. ബെല്‍ജിയത്തിലേക്കുള്ള എല്‍എന്‍ജി കൈമാറ്റത്തിലൂടെ നിര്‍ണായകമായ ചുവടുവെപ്പാണ് ഖത്തര്‍ ഗ്യാസ് നടത്തിയത്. 2019ലെഎട്ടാമത്തെ എല്‍എന്‍ജി ചരക്കുനീക്കമാണ് വിജയകരമായി പൂര്‍ത്തിയായത്. സീബ്രുഗിലേക്കുള്ള ആദ്യ ചരക്കുനീക്കവുമാണിത്.
ബ്രിട്ടനിലെ സൗത്ത് ഹുക്ക് ടെര്‍മിനലിലേക്ക് ഖത്തര്‍ ഗ്യാസിന്റെ രണ്ടാമത് ചരക്കുനീക്കവും വിജയകരമായിരുന്നു. ഖത്തര്‍ ഗ്യാസുമായി ദീര്‍ഘകാല സഹകരണത്തില്‍ ആഹ്ലാദമുണ്ടെന്ന് സീബ്രുഗ് ടെര്‍മിനല്‍ ഉടമകളായ ‘ഫ്‌ലക് സീസ്’ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ പാസ്‌കല്‍ ഡി.ബക്ക് പറഞ്ഞു.
ഖത്തര്‍ ഗ്യാസിന്റെ ക്യു മാക്‌സ് കപ്പല്‍ എത്തിയതോടെ ഏത് തരത്തിലും വലുപ്പത്തിലുമുള്ള കപ്പലുകള്‍ക്കും തങ്ങളുടെ ടെര്‍മിനലിലേക്ക് എത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഗ്യാസിന്റെ ക്യുമാക്‌സ് കപ്പലുകള്‍ക്ക് 266,000 ക്യുബിക്ക് മീറ്റര്‍ ചരക്ക് ശേഷിയാണുള്ളത്.
സാധാരണഗതിയിലുള്ള കപ്പലുകളില്‍ കയറ്റാവുന്നതിന്റെ രണ്ടിരട്ടി എല്‍എന്‍ജി ഇത്തരം കപ്പലുകളില്‍ കയറ്റാനാകും. ഇതിനാല്‍ ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു യാത്രയില്‍ തന്നെ ഇന്ധനം കൊണ്ടുപോകാന്‍ കഴിയും. ഇത് എല്‍എന്‍ജി വാങ്ങുന്ന കമ്പനികള്‍ക്കും ഏറെ സഹായകരവും എളുപ്പവുമാണ് നല്‍കുന്നത്.
പ്രകൃതി വാതകകൈമാറ്റ രംഗത്ത് ഖത്തര്‍ ഗ്യാസ് നിര്‍ണായകമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. സുരക്ഷിതമായും വേഗത്തിലും പ്രകൃതി വാതകം എത്തിക്കാന്‍ കഴിയുന്ന പങ്കാളികളാണ് ഖത്തര്‍ ഗ്യാസ് എന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
എല്‍എന്‍ജി വിപണിയില്‍ ഖത്തറിന് നിര്‍ണായകമായ സ്ഥാനവും ശക്തിയുമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.