in ,

ബോട്ടുകള്‍ക്കായി പുതിയ ബെര്‍ത്തുകള്‍: നിര്‍മാണം പുരോഗമിക്കുന്നു

ദോഹ: തുറമുഖങ്ങളില്‍ സ്വകാര്യ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ സ്ഥലം അനുവദിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സമുദ്ര ഗതാഗത ആസൂത്രണവും വികസനവും സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കുന്നത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ കപ്പലുകളുടെയും ബോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. അല്‍റുവൈസ്, അല്‍ഖോര്‍, അല്‍ സാഖിറ, അല്‍ വഖ്‌റ തുറമുഖങ്ങളിലാണ് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ സ്ഥലം അനുവദിക്കുുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ഈ നാലു തുറമുഖങ്ങള്‍. ഇവിടങ്ങളില്‍ സ്വകാര്യ ബോട്ടുകള്‍ക്കു നങ്കൂരമിടുന്നതിനുള്ള ബെര്‍ത്തുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു തുറമുഖങ്ങളിലുമായി 1000 ബെര്‍ത്തുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ സമുദ്ര ജലഗതാഗത, വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വ് ലഭിക്കും. നിര്‍മാണത്തിനായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. അല്‍ഖോറില്‍ സ്വകാര്യ ബോട്ടുകള്‍ക്കുള്ള 50 ബെര്‍ത്ത് മൂന്ന് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അല്‍ഖോര്‍ തുറമുഖത്ത് ബെര്‍ത്ത് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊടുങ്കാറ്റ് ഉള്‍പ്പടെയുള്ള സന്ദര്‍ഭങ്ങളിലെ അപകടങ്ങളില്‍ നിന്ന് ബോട്ടുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പുതിയ സൗകര്യങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത നയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങളാണ് പദ്ധതി നടത്തിപ്പില്‍ പാലിക്കുന്നത്. സൂക്ഷ്മമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി നാലു തുറമുഖങ്ങളെ തെരഞ്ഞെടുത്തത്. മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായുള്ള കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും അനുവദിച്ച അതേ സ്ഥലമായിരിക്കില്ല സ്വകാര്യ കപ്പല്‍, ബോട്ടുടുമകള്‍ക്ക് നീക്കിവൈക്കുന്നത്. സ്വകാര്യകപ്പലുകളുടെയും ബോട്ടുകളുടെയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവ നങ്കൂരമിടുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നത് ബോട്ട്, കപ്പല്‍ ഉടമകള്‍ക്ക് പലപ്പോഴും വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ഓപ്പണ്‍ ടെന്നീസ്: പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍

ലിബിയ: അറബ് ലീഗ് സെക്രട്ടറി ജനറലിന്റെ പ്രസ്താവനക്കെതിരെ ഖത്തര്‍