
ദോഹ: വൈവിധ്യമാര്‍ന്ന സംഗീത, നൃത്ത നൃത്യപ്രകടനങ്ങളുമായി ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ ജൂണ്‍ 21ന് ലുസൈല്‍ അറീനയില്‍ നടക്കും. വണ്‍ എഫ്എം, അയ്ന ടിക്കറ്റ്സ് എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലാണ്(ക്യുഎന്‍ടിസി) സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റ് വില്‍പ്പന തുടങ്ങിയിട്ടുണ്ട്.
സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു പരിപാടി. ഇന്ത്യയിലെ പ്രതിഭാധനരായ സംഗീതകാരന്മാരുടെയും അഭിനേതാക്കളുടെയും പങ്കാളിത്തമുണ്ടാകും. 2019 ഖത്തര്‍ ഇന്ത്യ സാംസ്കാരിക വര്‍ഷമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഇത്തരമൊരു വേറിട്ടൊരു കലാപരിപാടി ഖത്തറിലെ ആസ്വാദകര്‍ക്കായി ഒരുക്കുന്നത്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്നതായിരിക്കും പരിപാടികള്‍.
കുടുംബങ്ങളുടെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതില്‍ ക്യുഎന്‍ടിസി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് സംഗീതാഘോഷം. മികച്ച ബോളിവുഡ് പ്രതിഭകളെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ക്യുഎന്‍ടിസിയുടെ മഷാല്‍ ഷഹ്ബിക് പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ പ്രവേശനം അനുവദിക്കുന്നുണ്ട്.
ഖത്തറിലെ വേനല്‍ ആഘോഷത്തില്‍ പങ്കുചേരാനും ആസ്വദിക്കുന്നതിനും എല്ലാവരെയും തങ്ങള്‍ ക്ഷണിക്കുന്നതായും നഷാല് ഷഹ്ബിക് പറഞ്ഞു. ഒരു സര്‍പ്രൈസ് അതിഥി ഉള്‍പ്പടെ ആറു ബോളിവുഡ് പ്രതിഭകളുടെ സാന്നിധ്യമായിരിക്കും ഷോയെ ആകര്‍ഷകമാക്കുക. ബാംഗ്രയുടെ ബാദ്ഷ എന്നറിയപ്പെടുന്ന ഗുരു രണ്ദവ, ബോംബെ വികിങ്സ്, രാഗിണി ടണ്ടന്, ഇന്ത്യന്‍ ഐഡല്‍ റണ്ണര്‍അപ്പും ബോളിവുഡ് ഗായികയുമായ ഭൂമി ത്രിവേദി ഉള്‍പ്പടെയുള്ളവര്‍ ഷോയുടെ ഭാഗമാകും. ബോളിവുഡില്‍ നിരവധി പുരസ്കാരം നേടിയ റിഥം അറേഞ്ചേഴ്സിന്റെയും പെര്‍ക്യൂഷന്‍ മാസ്റ്റേഴ്സിന്റെയും സാന്നിധ്യമുണ്ടാകും.
75 മുതല്‍ 1500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ക്യുടിക്കറ്റ്സ്, അയ്നടിക്കറ്റ്സ് എന്നിവ മുഖേന ഓണ്‍ലൈനായും വഖ്റ, മതാര്‍ഖദീം എന്നിവിടങ്ങളിലെ ബാബാ ചപ്പാത്തിയ, ദോഹ റോക്ക്സ് കഫേ, ദേശി ദബ്ബ, ഫില്ലി കഫേ എന്നിവിടങ്ങളില്‍നിന്നും നേരിട്ടും വാങ്ങാം. നൂതനവും വേറിട്ടതുമായവ സൃഷ്ടിക്കാനാണ് തങ്ങള്‍ താല്പര്യപ്പെടുന്നതെന്നും പ്രമുഖമായ രാജ്യാന്തര ഇവന്റ് ഡെസ്റ്റിനേഷനായി ഖത്തറിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഷോയെന്നും വണ്എഫ്എം ഖത്തര്‍ സിഇഒ നവീദ് അബ്ദുല്ല പറഞ്ഞു.