
ദോഹ: പ്രമുഖ അമേരിക്കന്‍ കലാകാരനും ശില്പിയുമായ ബ്രയാന്‍ ഡോണലിയുടെ പ്രശസ്തമായ ഭീമന് രൂപം ഹോളിഡേ ഖത്തര്‍ മ്യൂസിയംസ് പ്രകാശനം ചെയ്തു.
ദോഹ ഫയര്‍ സ്റ്റേഷനില്‍ ആരംഭിച്ച ബ്രയാന്‍ ഡോണലിയുടെ ‘കൗസ്-ഹി ഈറ്റ്സ് എലോണ്‍’ എന്ന പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കോര്‍ണിഷിലെ പായക്കപ്പല് ഹാര്‍ബറില്‍ ഭീമന് ശില്പം പ്രകാശനം ചെയ്തിരിക്കുന്നത്. മിഡിലീസ്റ്റില്‍ ഇതാദ്യമായാണ് ഹോളിഡേ ശില്പം പ്രദര്‍ശനത്തിന് എത്തിയത്.
കാറ്റ് നിറച്ച് വീര്‍പ്പിക്കുന്ന രൂപം തലക്ക് പിറകില്‍ കൈയും വെച്ച് കിടക്കുന്ന രൂപത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. 40 മീറ്ററാണ് ഉയരം. കൗസ് എന്നറിയപ്പെടുന്ന ബ്രയാന്റെ കമ്പാനിയന് കഥാപാത്രത്തെയാണ് ഹോളിഡേയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1990കളിലാണ് കമ്പാനിയന് കഥാപാത്രത്തിന്റെ പിറവി.ദക്ഷിണ കൊറിയയിലെ സിയോളിലും ജപ്പാനിലെ മൗണ്ട് ഫുജിയിലും പ്രദര്‍ശനത്തിന് വെച്ച ശേഷമാണ് ഹോളിഡേ ബലൂണ്‍ ശില്പം ഖത്തറിലെത്തിയിരിക്കുന്നത്. സമകാലിക ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാരിലൊരാളാണ് കൗസെന്നും 2018ല്‍ സ്മാള്‍ ലീക്ക് ശേഷം വീണ്ടും അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും പൊതു കലാ വിഭാഗം മേധാവി അബ്ദുറഹ്മാന് അല്ഇസ്ഹാഖ് പറഞ്ഞു. ഫയര്‍ സ്റ്റേഷനില്‍ തുടരുന്ന ബ്രയാണ് ഡോണലിയുടെ പ്രദര്‍ശനം ജനുവരി 25 വരെ തുടരും.