in ,

ഭക്ഷ്യമേഖലയില്‍ ഏതു സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ഖത്തരി കമ്പനികള്‍

ദോഹ: നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) ഉയര്‍ത്തുന്ന ഏതു വെല്ലുവിളിയെയും നേരിടാന്‍ സന്നദ്ധമാണെന്ന് ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖത്തരി കമ്പനികള്‍ വ്യക്തമാക്കി. ഏതു സാഹചര്യങ്ങളെയും നേരിടാന്‍ സന്നദ്ധതയും ശേഷിയുണ്ടെന്ന് ഖത്തരി കമ്പനികളായ ഹസാദ് ഫുഡ്, വിദാം ഫുഡ്, മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിങ് ആന്റ് അഗ്രി സര്‍വീസ് തുടങ്ങിയവയെല്ലാം വ്യക്തമാക്കുന്നു.
പ്രാദേശിക വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി സുപ്രധാന പദ്ധതികളും ബദല്‍പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കമ്പനികള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഖത്തര്‍ ടിവി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത വിവിധ കമ്പനികളുടെ പ്രതിനിധികള്‍ ബദല്‍പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയില്‍ ഹസാദ് ഫുഡിലെ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ മുബാറക് റാഷിദ് അല്‍ സാഹൗതി, മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിങ് ആന്റ് അഗ്രി സര്‍വീസസ് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഗൈതാനി, വിദം ഫുഡിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മുസ്സ അഹമ്മദ് അല്‍ഉത്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഹസാദ് മറ്റ് അതോറിറ്റികളുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിരവധി പ്രധാന, ബദല്‍ പദ്ധതികളുമുണ്ടെന്ന് ഹസാദ് പ്രതിനിധി ചൂണ്ടിക്കാട്ടി. ഹസാദ് ഫുഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മുഹമ്മദ് ബിന്‍ ബദര്‍ അല്‍സദ വിദേശയാത്രകളിലേര്‍പ്പെട്ടിരിക്കുകയാണ്. പ്രാദേശിക വിപണിയെ പിന്തുണക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിടുന്നുണ്ട്. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഹസാദ് വളരെയധികം സംഭാവന നല്‍കുന്നുണ്ട്.
ഉപരോധത്തിനുശേഷം 24 മണിക്കൂറിനുള്ളില്‍ തന്നെ ഹസാദ് മുന്‍ പദ്ധതികളൊന്നുമില്ലാതെ ഖത്തരി വിപണിയുടെ ആവശ്യം നിറവേറ്റുന്നതിനായി ഭക്ഷ്യവസ്തുക്കള്‍ നല്‍കിയെന്നും അല്‍സഹൗതി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതില്‍ സ്വകാര്യമേഖലയുടെ പങ്കിനെ ഹസാദ് വിലമതിക്കുന്നു. പ്രാദേശിക വിപണിയിലെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രതിസന്ധിയിലേക്കോ ക്ഷാമത്തിലേക്കോ നയിച്ചേക്കാവുന്ന സാഹചര്യങ്ങളെ നേരിടാന്‍ വിപണി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖല ഇപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഹസാദ് ഫുഡ് ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അറവുകേന്ദ്രം വികസിപ്പിക്കുകയാണ്. ഒരു ദിവസം 700 മൃഗങ്ങളെ അറക്കുന്നതിനുള്ള ശേഷിയുണ്ടാകും. വിശുദ്ധ റമദാന്‍, ഈദുല്‍ അദ്ഹ പോലെ ഏറ്റവും തിരക്കേറിയ സമയങ്ങളിലെ ആവശ്യം നിറവേറ്റാന്‍ സഹായകമാകും. വിശുദ്ധ റമദാന് മുമ്പ് ഈ അറവുകേന്ദ്രം തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ഖോര്‍, അല്‍ശമാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ അറവുകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളള സേവനങ്ങള്‍ ആവശ്യമുണ്ടോയെന്ന് കമ്പനി വിലയിരുത്തുന്നുണ്ട്. മഹാസീല്‍ 200ഓളം ഫാമുകള്‍ക്ക് ഇപ്പോള്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഗൈതാനി പറഞ്ഞു. എട്ടു മാസമായി കമ്പനി ഫാമുകള്‍ക്ക് മാര്‍ക്കറ്റിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ ഫാമുകള്‍ക്ക് ഉത്പാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും.
മഹാസീലിന്റെ 44 ഔട്ട്‌ലെറ്റുകള്‍ മുഖേന അന്‍പത് ലക്ഷത്തിലധികം കിലോ പച്ചക്കറികളാണ് വിറ്റഴിച്ചത്. മഹാസീലുമായി കരാര്‍ ഒപ്പുവെച്ച കര്‍ഷകര്‍ക്ക് മാര്‍ക്കറ്റിംഗിനായി സൗജന്യ ബോക്‌സുകള്‍ ലഭ്യമാക്കുന്നത് ഉള്‍പ്പടെ വിപണനച്ചെലവ് കുറയ്ക്കുന്നതിനായി കര്‍ഷകരെ സഹായിക്കുന്നതിനുള്ള സേവനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിസ്ഥലങ്ങളില്‍ നിന്ന് പച്ചക്കറികള്‍ സുഗമമായി എത്തിക്കാന്‍ കമ്പനി കര്‍ഷകരെ സഹായിക്കുന്നുണ്ട്.
ഒരു ദിവസം 500 മൃഗങ്ങളെ അറുക്കാന്‍ ശേഷിയുള്ള അറവുകേന്ദ്രം ഷഹാനിയയില്‍ നിര്‍മിക്കുന്നുണ്ടെന്ന് വിദാം ഫുഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ പറഞ്ഞു. കാളക്കുട്ടികളെയും ഒട്ടകത്തെയും അറുക്കുന്നതിനുള്ള സേവനവും ഈ കേന്ദ്രത്തിലുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കൊറോണ വൈറസ് പരിശോധനാ സൗകര്യം മൈദര്‍ ഹെല്‍ത്ത് സെന്ററില്‍

അബ്ദുല്‍അസീസ് മുഹമ്മദിന് ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് യോഗ്യത