
ദോഹ: ഭക്ഷ്യസുരക്ഷയെ ഒരു പ്രധാന മുന്‍ഗണനയായി ഖത്തര്‍ കണക്കാക്കുന്നതായും അത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ പറഞ്ഞു. അല്‍അറബിന്റെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഭക്ഷ്യസുരക്ഷയ്ക്ക് നിരവധി വശങ്ങളുണ്ടെന്നും കാര്‍ഷിക, വ്യാവസായിക മേഖലയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന് ഉത്പാദനത്തില്‍ താരതമ്യേന നേട്ടമുണ്ടാക്കുന്ന പ്രാദേശിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഖത്തറിന്റെ കര്‍മപദ്ധതിയുടെ ഊന്നല്‍. അത്തരം ഉത്പന്നങ്ങളില്‍ ഫ്രഷ് ഉത്പന്നങ്ങള്‍, പാല്‍, ഈത്തപ്പഴം, റെഡ് മീറ്റ്, കോഴി, മുട്ട, മത്സ്യം എന്നിവ ഉള്‍പ്പെടുന്നു.പ്രാദേശികമായി ഉത്പാദിപ്പിക്കാത്ത ഏറ്റവും നിര്‍ണ്ണായക ഉത്പന്നങ്ങളുടെ സംഭരണമെന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
ഹരിതഗൃഹങ്ങളില്‍ പച്ചക്കറി ഉത്പാദനം, മുട്ട ഉത്പാദന ഫാമുകള്‍, മത്സ്യം, ചെമ്മീന്‍ ഫാമുകള്‍, കന്നുകാലി മേഖലയെ പിന്തുണക്കുന്ന മറ്റു പദ്ധതികള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന നിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഈ പദ്ധതികള്‍ സഹായിക്കും.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന ഉത്പാദനത്തിന്റെ പരമാവധി നിലവാരത്തിലെത്തുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം.