
ദോഹ: ഭക്ഷ്യസുരക്ഷയില്‍ ഖത്തര്‍ അത്ഭുതകരമായ പുരോഗതി കൈവരിച്ചതായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ട്(ക്യുഎന്‍ആര്‍എഫ്) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ സത്താര്‍ അല്‍തെയ് പറഞ്ഞു. 2017 ജൂണില്‍ രാജ്യത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ ഭക്ഷ്യസുരക്ഷയില്‍ ചുരുങ്ങിയ സമയത്തിനുള്ളിലെ ഖത്തറിന്റെ പുരോഗതി അത്ഭുതകരമാണ്.
റെക്കോര്‍ഡ് സമയത്ത് ഭക്ഷ്യസുരക്ഷയുള്ള രാജ്യമായി മാറുന്നതിന് ഖത്തര്‍ കൈവരിച്ച പുരോഗതി അത്ഭുതമല്ലാതെ മറ്റൊന്നുമല്ല. നിരവധി സൂചകങ്ങളാല്‍ ഈ പുരോഗതി പ്രകടമാണ്. ഭക്ഷ്യസുരക്ഷയുടെ പല മേഖലകളിലും ഖത്തര്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷീരോത്പന്നങ്ങളുടെ ഉത്പാദനത്തിന്റെ കാര്യത്തില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത 27 ശതമാനത്തില്‍ നിന്ന് 106 ശതമാനമായി വര്‍ധിച്ചു. ഫ്രഷ് ചിക്കന്റെ കാര്യത്തില്‍ ഉത്പാദനം 49 ശതമാനത്തില്‍ നിന്നും 123 ശതമാനമായി വര്‍ധിച്ചു. 2019 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യ സുരക്ഷാ സൂചിക പ്രകാരം 113 രാജ്യങ്ങളുടെ പട്ടികയില്‍ 13-ാം റാങ്കാണ് ഖത്തറിന്. താങ്ങാവുന്ന വില, ലഭ്യത, ഗുണനിലവാരം, സുരക്ഷ എന്നിവയുടെ കാര്യങ്ങളിലെല്ലാം വലിയ മുന്നേറ്റം കൈവരിക്കാന്‍ ഖത്തറിനായിട്ടുണ്ട്. ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ഫ്രാന്‍സ്, യുകെ എന്നിവയേക്കാള്‍ ഖത്തര്‍ മുന്നിലാണ്. ഇതേ സൂചിക പ്രകാരം പ്രാദേശിക വീക്ഷണകോണില്‍ നോക്കിയാല്‍ മെന മേഖലയില്‍ ഖത്തര്‍ ഒന്നാംസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരായ ഉപരോധത്തിനു മുന്‍പ് തന്നെ ഭക്ഷ്യശാസ്ത്രം, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണപദ്ധതികള്‍ക്ക് ക്യുഎന്‍ആര്‍എഫ് ധനസഹായം നല്‍കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിനായി ക്യുഎന്‍ആര്‍എഫ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്.