in

ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രോപോണിക്‌സ് സഹായകമാകുന്നു

ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഹൈഡ്രേപോണിക്‌സ് സംവിധാനം വലിയതോതില്‍ സഹായകമാകുന്നതായി റിപ്പോര്‍ട്ട്. ആധുനിക കൃഷി രീതിയായ ഹൈഡ്രോപോണിക് സംവിധാനത്തിലൂടെ വ്യത്യസ്ത ഇനം പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പ്രാദേശിക ഫാമുടകള്‍. ഫാമുകളിലെ ഉത്പാദനം വലിയതോതില്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിനടുത്തെത്താന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുന്നതായി ഫാമുടകമകളും കാര്‍ഷിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. മണ്ണിന്റെ ആവശ്യമില്ലാതെ വെള്ളത്തില്‍ പോഷക ധാതുക്കളുടെ സഹായത്തോടെയുള്ള ആധുനിക കൃഷി രീതിയാണ് ഹൈഡ്രോപോണിക്.
മണ്ണ് ഉപയോഗിക്കാതെ പ്രത്യേക ലായനിയില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷിക രീതിയാണിത്. എഴുപത് ശതമാനത്തോളം വെള്ളത്തിന്റെ ഉപയോഗം കുറക്കാമെന്നതും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതുമാണ് സവിശേഷത. വെള്ളത്തിന്റെ അടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക് കൃഷിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഫാമുകളുടെ നീക്കം.
കുറച്ച് സ്ഥലത്ത് കൂടുതല്‍ ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജവും പിന്തുണയും നല്‍കുകയാണ് ഫാം ഉടമകള്‍. ഇതിന്റെ ഭാഗമായിക്കൂടിയാണ് പരമ്പരാഗത കൃഷി രീതിയില്‍ നിന്ന് ഹൈഡ്രോപോണിക് സംവിധാനത്തിലേക്ക് മാറുന്നത്. ജൈവ പച്ചക്കറികളും പഴങ്ങളും ഉത്പാദിപ്പിക്കാനായി ഫാമുകളില്‍ ഹൈഡ്രോപോണിക് സംവിധാനത്തെ നവീകരിച്ചിട്ടുണ്ടെന്ന് ഖത്തറിലെ പ്രമുഖ ഫാം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. തക്കാളി, എഗ് പ്ലാന്റ്, വെള്ളരിക്ക, ബ്രൊക്കോളി, കുരുമുളക് എന്നിവയാണ് പ്രധാനമായും വിപണിയില്‍ ലഭ്യമാക്കുന്നത്. പ്രവര്‍ത്തനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന പല ഫാമുകളും ഗള്‍ഫ് പ്രതിസന്ധിക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള കൃഷി രീതിയാണ് ഫാമുകളിലുള്ളത്. ഗ്രീ്ന്‍ഹൗസിലെ താപനില 16 ഡിഗ്രി സെല്‍ഷ്യസായി നിലനിര്‍ത്തുന്ന ശിതീകരണ സംവിധാനമാണ് പല ഫാമുകളിലും ക്രമീകരിച്ചിരിക്കുന്നത്. പച്ചക്കറികളുടേയും പഴങ്ങളുടേയും ഇനം അനുസരിച്ച് അവക്കാവശ്യമായ തണുപ്പും ചൂടും നല്‍കും. ചിലയിനം പച്ചക്കറികള്‍ക്ക് 16 ഡിഗ്രി തണുപ്പാണ് ആവശ്യമെങ്കില്‍ മറ്റു ചിലവയ്ക്ക് 18, 20 ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ് വേണ്ടത്. താപനില, അന്തരീക്ഷഈര്‍പ്പം, സൂര്യപ്രകാശം, വളപ്രയോഗം എന്നിവ ശരിയായ രീതിയില്‍ ക്രമീകരിക്കുകയും ലഭ്യമാക്കുകയും ചെയ്ത് കൃത്യമായ അളവിലുള്ള വെള്ളവും നല്‍കിയാല്‍ കാര്‍ഷികോത്പാദനം മികച്ച രീതിയില്‍ നടക്കുമെന്നാണ് ഫാമുടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈഡ്രോപോണിക്്‌സ് ഉപയോഗിച്ചുള്ള ഗാര്‍ഹിക കൃഷി പദ്ധതിക്ക് ഖത്തര്‍ ഡെവല്പമെന്റ് ബാങ്കിന്റെ(ക്യുഡിബി) പിന്തുണയും സഹായവുമുണ്ട്.
ഭക്ഷ്യോത്പാദനത്തില്‍ പ്രത്യേകിച്ചും പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന്റെ ഭാഗമായാണിത്. വീടുകളുടെയും വില്ലകളുടെയും പിന്നാമ്പുറങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ഹൈഡ്രോപോണിക്‌സ് ഉപയോഗിച്ച് ഗാര്‍ഹിക കൃഷി നടത്തുന്നതിനായി ആവശ്യമായ എല്ലാ പിന്തുണയും സഹായവും ക്യുഡിബി ലഭ്യമാക്കുന്നു.
രാജ്യത്തെ വേനല്‍ക്കാലങ്ങളിലെ വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ ഹൈഡ്രോപോണിക് രീതികളും ഹരിതഗൃഹകളുമാണ് അനുയോജ്യം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിസിസി പ്രതിസന്ധി പരിഹാരം: ചര്‍ച്ചകള്‍ മരവിച്ചതായി റിപ്പോര്‍ട്ട്‌

ട്വന്റി 20 ക്രിക്കറ്റ്: ഉഗാണ്ടക്കെതിരെ ഖത്തറിന് പരമ്പര വിജയം