in ,

ഭക്ഷ്യസുരക്ഷ: ഖത്തര്‍ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട്

ദോഹ: ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഖത്തറിനായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി കൃഷി, കോഴി, കന്നുകാലി ഉത്പാദനം തുടങ്ങിയവ ഖത്തര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയ 2017 ജൂണ്‍ അഞ്ചിനു മുന്‍പുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ ഉത്പാദനത്തില്‍ വലിയ വര്‍ധനവാണ് കൈവരിക്കാനായത്.

ഭക്ഷ്യസുരക്ഷയും പ്രാദേശിക ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തതയും കൈവരിക്കുന്നതില്‍ രാജ്യത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായതായി പ്രാദേശിക അറബിപത്രം അല്‍റായ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൃഷിവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍. ഖത്തറില്‍തന്നെ പരമാവധി വിള ഉത്പാദനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

പ്രാദേശിക ഉത്പാദനം ത്വരിതപ്പെടുത്തുക, രാജ്യത്ത് ഉത്പാദിപ്പിക്കാത്ത ഉത്പന്നങ്ങളുടെ തന്ത്രപരമായ സംഭരണം, രാജ്യാന്തര വ്യാപാരം, പ്രാദേശിക വിപണി എന്നീ നാലു അടിസ്ഥാന തൂണുകളിലൂന്നിയാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച ദേശീയ കര്‍മ്മപദ്ധതി 2019-2023 നടപ്പാക്കുന്നത്.

പ്രാദേശികമായോ വിദേശത്തോ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഭക്ഷ്യസുരക്ഷയുടെ ഭാഗമായിവരും. പച്ചക്കറികളുടെ കാര്യത്തില്‍ 24 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിനായിട്ടുണ്ട്. 2023 ആകുമ്പോഴേക്കും 70ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം.

ജലവും വൈദ്യുതിയും ഏറ്റവും കുറഞ്ഞ അളവില്‍ ഉപയോഗപ്പെടുത്തി, ഹരിതഗൃഹങ്ങള്‍ പോലെയുള്ള നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെ പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും നടപടികളെടുക്കുന്നുണ്ട്.

കാര്‍ഷികമേഖലയില്‍ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. സ്വയംപര്യാപ്തത ത്വരിതപ്പെടുത്തുന്നതിനായി പത്തു പുതിയ പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഹരിതഗൃഹ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതികള്‍ വികസിപ്പിക്കുന്നത്.

പ്രതിവര്‍ഷം 21,000 ടണ്‍ പച്ചക്കറി ഉത്പാദനത്തിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷ. ഒരു ലക്ഷം സ്‌ക്വയര്‍മീറ്ററില്‍ വീതമായി 24 പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ പച്ചക്കറികളുടെ ഉത്പാദനം പ്രതിവര്‍ഷം 50,000 ടണ്ണിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഈത്തപ്പഴ ഫാമുകള്‍ക്കും മന്ത്രാലയം പിന്തുണ നല്‍കുന്നുണ്ട്. ഈത്തപ്പഴ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ഒരുവര്‍ഷത്തിനുള്ളില്‍ 86ശതമാനത്തില്‍ നിന്നും 90 ശതമാനത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം.

8.5ദശലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് ശുദ്ധീകരിച്ച പുനരുപയോഗം ചെയ്ത മലിനജലം ഉപയോഗിച്ച് 14,000 ടണ്‍ ഹരിതകാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനായി നാലു പദ്ധതികളും മന്ത്രാലയം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 16,000 ടണ്‍ ഹരിതകാലിത്തീറ്റ ഉത്പാദിപ്പിക്കുന്നതിനായി മറ്റു ആറുപദ്ധതികളും നടപ്പാക്കും.

സ്വയംപര്യാപ്തത 55ശതമാനത്തില്‍ നിന്നും 63ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. കന്നുകാലി ഉത്പാദകര്‍ക്ക് പിന്തുണയും സഹായവും നല്‍കിവരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രാദേശിക ഫാമുകളില്‍നിന്നും ചെമ്മരിയാടുകളെ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

സ്വയംപര്യാപ്തത 15ശതമാനത്തില്‍ നിന്നും 30ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഫ്രഷ് പൗള്‍ട്രിയുടെ കാര്യത്തില്‍ 124ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു. ഖത്തറിലെ പൗള്‍ട്രി ഉപഭോഗത്തിന്റെ 20 ശതമാനം ഫ്രഷ് പൗള്‍ട്രിയും 80ശതമാനം ഫ്രോസണ്‍ പൗള്‍ട്രിയുമാണ്. മികച്ച ഗുണനിലവാരവും താങ്ങാനാകുന്ന വിലയും കാരണം ദേശീയ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കൊറിയന്‍ പ്രധാനമന്ത്രി ഖത്തര്‍ ദേശീയ മ്യൂസിയം സന്ദര്‍ശിച്ചു

ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയില്‍ ശസ്ത്രക്രിയാ സേവനങ്ങള്‍ തുടങ്ങി