in ,

ഭക്ഷ്യസുരക്ഷ: ലക്ഷ്യത്തിലേക്ക് ഖത്തര്‍ ദ്രുതഗതിയില്‍ അടുക്കുന്നു

ദോഹ: ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ലക്ഷ്യത്തിലേക്ക് അതിവേഗം അടുക്കുന്നു. ഭക്ഷ്യസുരക്ഷാമേഖലയില്‍ അറബ് മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ 23-ാം സ്ഥാനവുമാണ് ഖത്തറിനെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ മസൂദ് ജാറല്ലാഹ് അല്‍മര്‍റി പറഞ്ഞു. ഖത്തര്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

പ്രാദേശിക ഉത്പാദനത്തിന്റെ നിലവിലെ അവസ്ഥ, ഇറക്കുമതിയുമായുള്ള താരതമ്യം, പ്രാദേശിക ഉത്പാദനവും ഇറക്കുമതിയും തമ്മിലുള്ള വിടവ് എന്നിവയെല്ലാം വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൃഷിവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍. ഖത്തറില്‍തന്നെ പരമാവധി വിള ഉത്പാദനം സാധ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

ഭക്ഷ്യസുരക്ഷാ പദ്ധതികളുമായി ബന്ധപ്പെട്ട് സ്വകാര്യമേഖലയുടെ അപേക്ഷകള്‍ പഠനവിധേയമാക്കുന്നത് വകുപ്പാണ്. സാമ്പത്തിക സാധ്യതകള്‍ പരിശോധിച്ച് സ്വകാര്യമേഖലയ്ക്ക് ഉപദേശം നല്‍കുകയും ദേശീയ കര്‍മ്മപദ്ധതിക്കനുസൃതമായി ലൈസന്‍സ് അനുവദിക്കുകയും ചെയ്യും. പ്രാദേശിക ഉത്പാദനത്തിനായുള്ള നയങ്ങള്‍ പഠനവിധേയമാക്കുക, മാര്‍ക്കറ്റിങ്, സംഭരണം, ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ശൃംഖല എന്നിവയുടെ ഉത്തരവാദിത്വവും ഭക്ഷ്യസുരക്ഷാവകുപ്പിനാണ്.

പ്രാദേശിക ഉത്പാദനം ത്വരിതപ്പെടുത്തുക, രാജ്യത്ത് ഉത്പാദിപ്പിക്കാത്ത ഉത്പന്നങ്ങളുടെ തന്ത്രപരമായ സംഭരണം, രാജ്യാന്തര വ്യാപാരം, പ്രാദേശിക വിപണി എന്നീ നാലു അടിസ്ഥാന തൂണുകളിലൂന്നിയാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച ദേശീയ കര്‍മ്മപദ്ധതി 2019-2023 നടപ്പാക്കുന്നത്. സംഭരണത്തിന്റെ കാര്യത്തില്‍ മികച്ച ഗുണനിലവാരത്തില്‍ വലിയതോതില്‍ സംഭരിക്കേണ്ട ഉതപന്നങ്ങള്‍ എന്താണെന്ന് മനസിലാക്കി ആറു മാസത്തെ ആവശ്യത്തിനുതകുന്ന വിധത്തില്‍ സംഭരിക്കും.

ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അല്‍മര്‍റി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ആവശ്യകതയുടെ മുഴുവന്‍ തോതിലേക്കുമെത്തിക്കുകയെന്നതാണ് സ്വയംപര്യാപ്തത. പ്രാദേശികമായോ വിദേശത്തോ ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഭക്ഷ്യസുരക്ഷയുടെ ഭാഗമായിവരും. പച്ചക്കറികളുടെ കാര്യത്തില്‍ 24 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിനായിട്ടുണ്ട്.

2023 ആകുമ്പോഴേക്കും 70ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. സ്വയംപര്യാപ്തത ത്വരിതപ്പെടുത്തുന്നതിനായി പത്തു പുതിയ പദ്ധതികള്‍ നടപ്പാക്കിവരുന്നു.

ഹരിതഗൃഹ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതികള്‍ വികസിപ്പിക്കുന്നത്. ഇതിലൂടെ 38ശതമാനം സ്വയംപര്യാപ്തമാകാന്‍ സാധിക്കും. 24 പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടെ പച്ചക്കറികളുടെ ഉത്പാദനത്തില്‍ 65ശതമാനം സ്വയംപര്യാപ്തമാകാന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഫ്രഷ് പൗള്‍ട്രിയുടെ കാര്യത്തില്‍ 124ശതമാനം സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു.

ഖത്തറിലെ പൗള്‍ട്രി ഉപഭോഗത്തിന്റെ 20 ശതമാനം ഫ്രഷ് പൗള്‍ട്രിയും 80ശതമാനം ഫ്രോസണ്‍ പൗള്‍ട്രിയുമാണ്. മികച്ച ഗുണനിലവാരവും താങ്ങാനാകുന്ന വിലയും കാരണം ദേശീയ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നു. ഖത്തര്‍ തുറന്ന വിപണിയാണ്. ലോകത്തിലെ ഏതു രാജ്യത്തുനിന്നുള്ള ഉത്പന്നങ്ങളും ഇവിടെ നേടാന്‍ കഴിയും.

പ്രാദേശിക വിപണിയിലെ ആരോഗ്യകരമായ മത്സരം പ്രാദേശിക ഉത്പന്നങ്ങളുടെ ഗുണനിലവാരം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന വിധത്തില്‍ അവയെ പര്യാപ്തമാക്കുന്നതിനും സഹായകമാകുന്നതായും അല്‍മര്‍റി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏക മകന്റെ മോചനത്തിനായി ഒരമ്മ കണ്ണീര്‍ വാര്‍ക്കുന്നു; കാണാതെ പോകല്ലേ…

വഖ്‌റ സ്റ്റേഡിയം: ലക്ഷ്യം കാണുന്നത് ഥാനി അല്‍സാറായുടെ സ്വപ്‌നവും