Thursday, January 23

ഭിന്നശേഷിക്കാര്‍ക്കായി മന്ത്രാലയത്തിന്റെ സുരക്ഷാ പ്രദര്‍ശനം തുടങ്ങി

Spread the love
ഭിന്നശേഷിക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ സുരക്ഷാ പ്രദര്‍ശനത്തില്‍ നിന്ന്‌

ദോഹ: ഭിന്നശേഷിക്കാര്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ സുരക്ഷാ പ്രദര്‍ശനത്തിന് തുടക്കമായി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് അസോസിയേഷന്‍ ഓഫ് ഖത്തറിന്റെ സഹകരണത്തോടെ അസോസിയേഷന്‍ ആസ്ഥാനത്താണ് പ്രദര്‍ശനം.
സമാധാന സംരംഭങ്ങളുടെ ദൂതര്‍ എന്ന പ്രമേയത്തിലുള്ള പ്രദര്‍ശനത്തില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയും അവര്‍ക്കാവശ്യമായ പരീശീലനം നല്‍കുകയുമാണ് ലക്ഷ്യം. വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം സാലേഹ് അല്‍നുഐമിയും സ്‌കൗട്ട് ആന്റ് ഗൈഡ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഷഹ്‌വാനിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ റപ്രസന്റേറ്റീവ് ജനറല്‍ ജാസിം മുഹമ്മദ് അല്‍ഹര്‍ദാനും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആഭ്യന്തരമന്ത്രാലയത്തിന്റെ പതിമൂന്ന് വകുപ്പുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ജനുവരി 16വരെ തുടരും. ഉദ്ഘാടനത്തിനുശേഷം പവലിയനുകള്‍ സന്ദര്‍ശിച്ച അതിഥികള്‍ ഒരോ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഹ്രസ്വ വിശദീകരണം ശ്രദ്ധിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന് വകുപ്പുകള്‍ വഹിക്കുന്ന പങ്കും സുരക്ഷാചുമതലകളും മനസിലാക്കി. പോലീസ് നായകളുടെ പ്രകടനവും വീക്ഷിച്ചു. ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ പോലീസ് കേനൈന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പോലീസ് നായകളുടെ പ്രകടനം. പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായി ഇത്തരമൊരു പ്രദര്‍ശനം ഒരുക്കിയതിന് ആഭ്യന്തരമന്ത്രാലയത്തിന് അല്‍നുഐമി നന്ദി അറിയിച്ചു.
തീര അതിര്‍ത്തി സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ്, ഗതാഗതം, സിവില്‍ ഡിഫന്‍സ്, ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, അല്‍ഫസ, പ്രതിരോധ സുരക്ഷാവിഭാഗം, ജുവനൈല്‍ പോലീസ്, ഡോഗ്‌സ് സെക്ഷന്‍, മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ്, മനുഷ്യാവകാശ വിഭാഗം, പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്, ഖത്തര്‍ പോലീസ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, പോലീസ് ട്രെയിനിങ് ഇന്‍സ്്റ്റിറ്റിയൂട്ട് എന്നീ വകുപ്പുകള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.