Tuesday, December 10

മഞ്ഞുരുകുന്നു; ഉപരോധ രാജ്യങ്ങള്‍ ഫുട്ബാള്‍ കളിക്കാന്‍ ഖത്തറിലേക്ക്

Spread the love

ദോഹ: ഖത്തറുമായി മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ നല്കി സഊദിയും യു എ ഇയും ബഹറൈനും. ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മൂന്നു രാജ്യങ്ങളും പങ്കെടുക്കുന്നു. 2017 ജൂണ്‍ 17ന് ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് ഖത്തറില്‍ കളിക്കാന്‍ തീരുമാനിച്ചതെന്ന് സഊദിയില്‍ നിന്നുള്ള അറബ് ന്യൂസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്, യമന്‍ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുകയെന്ന് കരുതിയ ടൂര്‍ണമെന്റിലേക്ക് മൂന്ന് രാജ്യങ്ങള്‍ കൂടി എത്തിയതോടെ ടീമുകളുടെ എണ്ണം എട്ടായി. ഉപരോധത്തിന് മുമ്പ് എട്ടു രാജ്യങ്ങളായിരുന്നു ഈ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നത്.
കഴിഞ്ഞ തവണ കുവൈത്തില്‍ നടന്ന മത്സരത്തിന് ശേഷം ഖത്തറിന് നറുക്കു വീണപ്പോള്‍ മത്സരത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഖത്തറിനെതിരെ അന്യായ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. അത്തരം അനിശ്ചിതത്വത്തിനാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ഈ മാസം 24 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരം.
മൂന്നു രാജ്യങ്ങളിലേയും ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി കൊടുത്തതോടെ 24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് മത്സരത്തിന് സഊദി, യു.എ.ഇ, ബഹ്‌റൈന്‍ താരങ്ങള്‍ ഖത്തറിലെത്തും.
ഖത്തറിനെതിരെയുള്ള ഉപരോധം അയയാനുള്ള വഴികളാണ് അറേബ്യന്‍ ഗള്‍ഫ് കപ്പിലൂടെ തുറക്കുന്നതെന്നാണ് ശുഭാപ്തി വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ടു പോകുമെന്ന് കുവൈത്ത് നേരത്തെ അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.