
ദോഹ: മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ അറബ് മേഖലയില്‍ ഖത്തര്‍ രണ്ടാമത്. ലോക സാമ്പത്തിക ഫോറത്തിന്റെ(ഡബ്ല്യുഇഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ ഖത്തറിനായിട്ടുണ്ട്. ആഗോളതലത്തില്‍ 29-ാം സ്ഥാനത്താണ് ഖത്തര്‍. ഐസിടി സ്വീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അറബ് ലോകം കാര്യമായ ശ്രദ്ധയും പരിഗണനയും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പല രാജ്യങ്ങളും മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒമന്‍, ലബനാന്, യമന്‍ രാജ്യങ്ങളൊഴികെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും പുരോഗതിയും മെച്ചപ്പെടലും കൈവരിച്ചിട്ടുണ്ട്.
എന്നിരുന്നാലും ഈ മേഖലയിലെ രാജ്യങ്ങളെ കൂടുതല്‍ നൂതനവും സൃഷ്ടിപരവുമായ സമ്പദ്വ്യവസ്ഥകളാക്കി മാറ്റുന്നതിന് മാനവ മൂലധനത്തില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മത്സരാധിഷ്ഠിത അറബ് സമ്പദ് വ്യവസ്ഥയില്‍ യുഎഇയാണ് മുന്നില്‍. ആഗോളതലത്തില്‍ 25-ാം സ്ഥാനത്താണ് യുഎഇ. സഊദി അറേബ്യ 36-മതാണ്.
ഏറ്റവുമധികം സ്ഥാനം മെച്ചപ്പെടുത്തിയ അറബ് രാജ്യം കുവൈത്താണ്, എട്ടു സ്ഥാനങ്ങള്‍. ഇപ്പോള്‍ ആഗോളതലത്തില്‍ 46-ാമതാണ് കുവൈത്ത്. ലബനാന്, ഒമാന്‍, യെമന്‍ രാജ്യങ്ങള്‍ പിന്നോക്കം പോയി. അറബ് മേഖലയില്‍ യുഎഇ, ഖത്തര്‍, സഊദി, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദാന്‍, മൊറോക്കോ, ടുണീഷ്യ, ലബനാന്, അള്‍ജീരിയ, ഈജിപ്ത്, യമന്‍ രാജ്യങ്ങളാണ് ഒന്നു മുതല്‍ പതിമൂന്ന് വരെ സ്ഥാനങ്ങളില്‍.