in ,

മനിലയില്‍ ഖത്തര്‍ വിസ കേന്ദ്രം തുറന്നു

മനിലയില്‍ ഖത്തര്‍ വിസ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ദോഹ: ഫിലിപ്പൈന്‍സിലെ മനിലയില്‍ ഖത്തര്‍ വിസ കേന്ദ്രം(ക്യുവിസി) തുറന്നു. പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് സേവനകേന്ദ്രത്തിന്റെ ലക്ഷ്യം. ഖത്തറിനു പുറത്ത് ഇതു ആറാമത്തെ രാജ്യത്താണ് വിസ സേവനകേന്ദ്രം തുറന്നിരിക്കുന്നത്. നേരത്തെ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, ഇന്ത്യ, നേപ്പാള്‍ രാജ്യങ്ങളില്‍ വിസ കേന്ദ്രങ്ങള്‍ തുറന്നിരുന്നു.

മനിലയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഫിലിപ്പൈന്‍സിലെ ഖത്തര്‍ അംബാസഡര്‍ അലി ഇബ്രാഹിം അല്‍മാലികി, ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ അബ്ദുല്ല സലീം അല്‍അലി, ആഭ്യന്തരമന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വകുപ്പ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയത്തിലെ ഉപദേഷ്ടാവും തൊഴില്‍ വിദഗ്ദ്ധനുമായ മുഹമ്മദ് അലി അല്‍മീര്‍, മെഡിക്കല്‍ മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1800 സ്‌ക്വയര്‍ മീറ്ററിലായാണ് കേന്ദ്രം. പ്രതിദിനം 350ലധികം അപേക്ഷകരെ സ്വീകരിക്കുന്നതിനുള്ള സൗകര്യമുണ്ട്. ആസ്പത്രിയും ഫിംഗര്‍പ്രിന്റ് സേവനങ്ങളും കേന്ദ്രത്തിലുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ എല്ലാത്തരം വിസകളെയും ഉള്‍പ്പെടുത്തും. ആദ്യഘട്ടത്തില്‍ എട്ടു രാജ്യങ്ങളിലായി ഇരുപത് കേന്ദ്രങ്ങള്‍ തുറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സമീപ ഭാവിയില്‍തന്നെ മൊറോക്കോ ടുണീഷ്യ രാജ്യങ്ങളിലും ഖത്തര്‍ വിസ സേവന കേന്ദ്രങ്ങള്‍ തുറക്കും.

തുടര്‍ന്ന് കെനിയയിലും എത്യോപ്യയിലും തുറക്കും. ഇതോടെ ഖത്തര്‍ വിസ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ എണ്ണം പത്താകും. തൊഴില്‍ വീസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ഫിലിപ്പൈന്‍സില്‍ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാകും.

ആഭ്യന്തരമന്ത്രാലയം, ഭരണനിര്‍വഹണ തൊഴില്‍സാമൂഹികകാര്യമന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരിക്കും സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതാതു രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഓഫീസ്. റിക്രൂട്ട്‌മെന്റുകള്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് ഇതിലൂടെ സാധിക്കും. വിസ നടപടിക്രമങ്ങളെല്ലാം ഒരു ചാനലിലൂടെ പൂര്‍ത്തിയാക്കാനാകുന്നത് പണച്ചെലവും അധ്വാനവും കുറയ്ക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദ് വിജയക്കുതിപ്പ് തുടരുന്നു

ഐസിബിഎഫ് മെഡിക്കല്‍ ക്യാമ്പ് നാളെ