in ,

മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രം തുറന്നു

മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റി അല്‍മാമൂറയില്‍ തുറന്ന ഹ്യൂമന്‍ കെയര്‍ സെന്റര്‍

ദോഹ: മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ സംരക്ഷണം, പുനരധിവാസം എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക കേന്ദ്രം തുറന്നു. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്യൂമന്‍ കെയര്‍ സെന്റര്‍(മാനുഷിക പരിചരണ കേന്ദ്രം) പ്രവര്‍ത്തിക്കുക.

മനുഷ്യക്കടത്തിനിരകളാകുന്നവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യല്‍, അവരെ പുനരധിവസിപ്പിക്കല്‍, സമൂഹവുമായി സമന്വയിപ്പിക്കല്‍, ഇരകള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ താല്‍ക്കാലികമായി ഏറ്റെടുക്കല്‍ എന്നിവയാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

പൊതു, സ്വകാര്യമേഖലകളിലെ ബന്ധപ്പെട്ട അതോറിറ്റികളിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിചരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അല്‍മാമൂറയിലാണ് പുതിയ കേന്ദ്രം. ആറു വില്ലകളാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതില്‍ നാലു വില്ലകള്‍ പാര്‍പ്പിട- താമസ ആവശ്യങ്ങള്‍ക്കായും രണ്ടെണ്ണം പൊതുസേവനങ്ങള്‍ക്കുമായാണ്.

ഏറ്റവും മികച്ചതും വ്യതിരിക്തവുമായ രീതിയിലാണ് വില്ലകളിലെ സൗകര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. ഇരകള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പരിരക്ഷയും സഹായവും ഉറപ്പാക്കുകയാണ് ലക്ഷ്യം. പരാതി സമര്‍പ്പിച്ചാല്‍ തൊഴിലാളിയെ സ്വീകരിക്കാന്‍ രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ വെബ്‌സൈറ്റ് മുഖേന തൊഴിലാളിക്ക് പരാതി സമര്‍പ്പിക്കാം. സാധാരണ ക്രിമിനല്‍ പരാതികള്‍ സുരക്ഷാ അഡ്മിനിസ്‌ട്രേഷനില്‍ നല്‍കാം. മനുഷ്യക്കടത്തിനെതിരായ ലോകദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് ഖത്തറില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.

മനുഷ്യക്കടത്തിനെതിരായ പ്രതിരോധത്തിനായുള്ള ദേശീയ സമിതി(എന്‍സിസിഎച്ച്ടി)യുടെ ആഭിമുഖ്യത്തില്‍ മനുഷ്യക്കടത്തിനെതിരായ ലോകദിനം കഴിഞ്ഞദിവസം വിപുലമായി ആഘോഷിച്ചിരുന്നു. നിരവധി സര്‍ക്കാര്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു ആഘോഷം.

മനുഷ്യക്കടത്തിനെ പ്രതിരോധിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ ആഘോഷം. ഖത്തറിലെ മനുഷ്യക്കടത്തലിനും നിര്‍ബന്ധിത തൊഴിലിനും എതിരായ ഏറ്റവും സംഭവവികാസങ്ങളെക്കുറിച്ച് കമ്മിറ്റി അംഗങ്ങളും മറ്റു ഓഹരിപങ്കാളികളും വിശദീകരിച്ചു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലും നിയമങ്ങളും സംവിധാനങ്ങളും വേഗത്തില്‍ നടപ്പാക്കുന്നതിലും ഖത്തര്‍ വലിയ താല്‍പര്യവും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. മനുഷ്യക്കടത്ത് സംബന്ധിച്ച ഏതു കേസും ദേശീയ കമ്മിറ്റിക്കു മുന്നില്‍ ഹാജരാക്കുന്നതിനായി ഖത്തറിലെ സുരക്ഷാവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമുള്ള തൊഴിലാളി വിഭാഗത്തിന് സംരക്ഷണം നല്‍കുകയും സാമൂഹികക്ഷേമം ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പുതിയ കേന്ദ്രത്തിന്റെ ലക്ഷ്യം. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നുള്ളിലെ സാമൂഹിക വികസനത്തിന്റെ തൂണുകളായാണ് ഇവയെ കണക്കാക്കുന്നത്.

നീതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. സമാധാനവും സാമൂഹിക സമന്വയവും മറ്റുള്ളവരുടെ സ്വീകാര്യതയും ഉറപ്പുവരുത്തുക, സമൂഹത്തിലെ എല്ലാ മേഖലകളോടും ഗ്രൂപ്പുകളോടും പരസ്പരബഹുമാനം പുലര്‍ത്തുക എന്നീ മൂല്യങ്ങളോടെയായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക.

പുതിയ കേന്ദ്രത്തെ രാജ്യാന്തര തൊഴില്‍ സംഘടനയുടെ(ഐഎല്‍ഒ) ദോഹയിലെ പ്രൊജക്റ്റ് ഓഫീസ് മേധാവി ഹൗട്ടന്‍ ഹുമയൂണ്‍പുര്‍ പ്രശംസിച്ചു. ഇരകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനും സമൂഹവുമായി സംയോജിപ്പിക്കുന്നതിനും സഹായകമാണ് കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് വില്യം ഗ്രാന്റും പുതിയ കേന്ദ്രത്തെ പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ശബാബ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു

സിദ്ര മെഡിസിനില്‍ പ്രഥമ പീഡിയാട്രിക് എന്‍ഡോസ്‌കോപ്പിക് മസ്തിഷ്‌ക ശസ്ത്രക്രിയ വിജയകരം