
ദോഹ: മനുഷ്യാവകാശ മേഖലയില്‍ ഖത്തര്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിക്കുന്ന പ്രദര്‍ശനം ജനീവയില്‍. മനുഷ്യാവകാശം സംബന്ധിച്ച യൂണിവേഴ്‌സല്‍ പീരിയോഡിക് റിവ്യു(യുപിആര്‍) ടീമിന്റെ ഖത്തര്‍ മൂന്നാം പീരിയോഡിക് റിപ്പോര്‍ട്ടിനെക്കുറിച്ച് ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ നടക്കുന്ന വിലയിരുത്തലിനോടനുബന്ധിച്ചായിരുന്നു ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ചത്. മനുഷ്യാവകാശ വകുപ്പ്,
മീഡിയ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് പ്രദര്‍ശനം. വിലയിരുത്തലില്‍ ഖത്തര്‍ സംഘത്തെ നയിക്കുന്ന വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി പ്രദര്‍ശനം സന്ദര്‍ശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പടെ വിവിധ മേഖലകളില്‍ ഖത്തര്‍ കൈവരിച്ച മനുഷ്യാവകാശ നേട്ടങ്ങളാണ് പ്രദര്‍ശനത്തില്‍ പ്രതിഫലിക്കുന്നത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഖത്തര്‍ അടുത്തിടെ സ്വീകരിച്ചിട്ടുള്ള ചുവടുവയ്പ്പുകള്‍ പരാമര്‍ശിക്കുന്ന പ്രസിദ്ധീകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഖത്തര്‍ സ്വീകരിച്ചിട്ടുള്ള വിവിധങ്ങളായ നടപടികള്‍, കര്‍മപദ്ധതികള്‍, മനുഷ്യാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള നയങ്ങള്‍, കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍, രാജ്യാന്തര തൊഴിലാളി സംഘടനയുമായുള്ള സാങ്കേതിക സഹകരണം എന്നിവയെല്ലാം പ്രദര്‍ശനത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
രാജ്യാന്തര സഹകരണത്തിലെ ഖത്തറിന്റെ നേട്ടങ്ങള്‍, സംഘര്‍ഷ മേഖലകളില്‍ വിദ്യാഭ്യാസ സംരക്ഷണത്തിനായി സ്വീകരിക്കുന്ന നടപടികള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങള്‍ക്ക് ഖത്തര്‍ ലഭ്യമാക്കുന്ന മാനുഷിക, വികസന സഹായങ്ങള്‍ എന്നിവയും പ്രദര്‍ശനത്തില്‍ പ്രതിഫലിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ(എന്‍എച്ച്ആര്‍സി) പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശം പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്കും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.
ഉപരോധ രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള എന്‍എച്ച്ആര്‍സി റിപ്പോര്‍ട്ടും പ്രദര്‍ശനത്തിലുണ്ട്.