
ദോഹ: മനുഷ്യാവകാശ വിദ്യാഭ്യാസം സംബന്ധിച്ച അറബ് പദ്ധതി നടപ്പാക്കുന്നതിനായി വിദ്യാഭ്യാസമന്ത്രാലയവും ദേശീയ മനുഷ്യാവകാശ സമിതിയും(എന്‍എച്ച്ആര്‍സി) ധാരണാപത്രം ഒപ്പുവെച്ചു. അറബ് ലീഗ് കൗണ്‍സിലാണ് അറബ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ഹമ്മാദിയും എന്‍എച്ച്ആര്‍സി ചെയര്‍മാന്‍ ഡോ.അലി ബിന്‍ സമൈഖ് അല്‍മര്‍റിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പ്രിപ്പറേറ്ററി, പ്രൈമറി, സെക്കന്ററി തലങ്ങളിലേക്കുള്ള മനുഷ്യാവകാശം സംബന്ധിച്ച വിദ്യാഭ്യാസ സാമഗ്രികളും ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ അവതരിപ്പിച്ചു. മൂന്നു ഘട്ടങ്ങളിലേക്കുള്ള പാഠ്യപദ്ധതിയില്‍ ഇവ സംയോജിപ്പിക്കും. പ്രാദേശിക, പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളിലെ എല്ലാ ബാധ്യതകളും നിറവേറ്റാനുള്ള ഖത്തറിന്റെ താല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ധാരണാപത്രം ഒപ്പിട്ടത്.
വൈദഗ്ദ്ധ്യമുള്ള ദേശീയ ഭവനമെന്ന നിലയില്‍ എന്‍എച്ച്ആര്‍സിയുമായുള്ള സജീവ പങ്കാളിത്തത്തെ വിദ്യാഭ്യാസമന്ത്രി പ്രശംസിച്ചു. എല്ലാ വിദ്യാഭ്യാസ ഘട്ടങ്ങളിലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ിദ്യാഭ്യാസ സാമഗ്രികള്‍ തയ്യാറാക്കുന്നതുള്‍പ്പെടെ മനുഷ്യാവകാശ സംസ്‌കാരം സമൂഹത്തില്‍ സ്ഥാപിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും എന്‍എച്ച്ആര്‍സിയുടെ സുപ്രധാനപങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമൂല്യങ്ങളും യോഗ്യതകളും ഉള്‍പ്പടെഖത്തറിലെ പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാണ് മനുഷ്യാവകാശമെന്ന് അല്‍ഹമ്മാദി ഊന്നിപ്പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മനുഷ്യാവകാശത്തിന്റെ ആശയങ്ങളും അര്‍ത്ഥങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.
സഹിഷ്ണുത, നീതി, സമത്വം, മറ്റുള്ളവരോടുള്ള ആദരവ് എന്നിവയുടെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി ഭാവിയിലേക്ക് അവരെ ഒരുക്കുന്നതിന് സംഭാവന നല്‍കുന്നതായിരിക്കുമിത്. വിദ്യാഭ്യാസമന്ത്രാലയവുമായി സഹകരണ കരാര്‍ ഒപ്പുവെച്ചതിനെ ഡോ. അലി ബിന്‍ സമൈഖ് അല്‍മര്‍റി സ്വാഗതം ചെയ്തു. മനുഷ്യാവകാശ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും അവബോധം നല്‍കുന്നതിനും പാഠ്യപദ്ധതിയില്‍ സമന്വയിപ്പിക്കുന്നതിനും വിദ്യാഭ്യാസ പാഠ്യപദ്ധതിയിലേക്കും സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലേക്കും മനുഷ്യാവകാശ ആശയങ്ങളും തത്വങ്ങളും പ്രയോഗിവല്‍ക്കരിക്കുന്നതിനും മന്വയിപ്പിക്കാനും സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇരുപാര്‍ട്ടികളും സഹകരിച്ചുപ്രവര്‍ത്തിക്കും.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി എന്‍എച്ച്ആര്‍സി വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനുഷ്യാവകാശ സംസ്‌കാരം പ്രചരിപ്പിക്കാനുള്ള പദ്ധതിക്കായി പ്രവര്‍ത്തിക്കും. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇരുകൂട്ടര്‍ക്കുമിടയില്‍ സംയുക്ത കമ്മിറ്റി രൂപീകരിക്കും. സഹകരണത്തിന്റെ വിവിധ ഘടകങ്ങള്‍ നിര്‍ദേശിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ നടപ്പാക്കല്‍ ഫോളോഅപ്പ് ചെയ്യുന്നതിനും ഫലങ്ങള്‍ വിലയിരുത്തുന്നതിനുമായി ഈ കമ്മിറ്റി പ്രവര്‍ത്തിക്കും. ധാരണാപത്രം ഒപ്പുവെക്കാനായതില്‍ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ അബ്ദുല്‍അസീസ് അല്‍ഖാതിര്‍ പറഞ്ഞു.