
ദോഹ: ഖത്തരി എഴുത്തുകാരിയും കോര്‍പറേറ്റ് ഗവേണന്‍സ് മേഖലയിലെ വിദഗ്ദ്ധയുമായ മറിയം അല്‍മന്‍സൂരിയുടെ രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു. ഖത്തറിലെ വിവിധ വ്യവസായ സംരംഭങ്ങളിലും പ്രധാന പ്രസ്ഥാനങ്ങളിലും സീനിയര്‍ മാനേജ്മെന്റ് തസ്തികകള്‍ വഹിച്ചിട്ടുള്ള മറിയം ഇപ്പോള്‍ ബര്‍സാന്‍ ഹോള്‍ഡിങ്സ് ചീഫ് സപ്പോര്‍ട്ട് ഓഫീസറാണ്.
ഫ്ളൈറ്റ് 101 എന്നാണ് പുസ്തകത്തിനു പേരിട്ടിരിക്കുന്നത്. ഇവരുടെ ആദ്യ പുസ്തകം 2017ലാണ് പ്രസിദ്ധീകരിച്ചത്. നാലാം നില(ഫോര്‍ത്ത് ഫ്ളോര്‍) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഖത്തറിലെ മനുഷ്യവിഭവശേഷി, കോര്‍പ്പറേറ്റ് സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു നാലാംനിലയുടെ ഉള്ളടക്കം.
പുതിയ പുസ്തകത്തില്‍ വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും പുസ്തകം ലഭ്യമായിരിക്കും. ഖത്തറിലെ പ്രമുഖപ്രസാധകരായ ലുസൈല്‍ പബ്ലീഷിങ് ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഈ പുസ്തകം വായനക്കാരെ പ്രചോദിപ്പിക്കുകയും ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുതകുന്നവിധത്തില് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുസൈല്‍ പബ്ലീഷിങ് ഹൗസ് മാനേജിങ് ഡയറക്ടര്‍ ഖാലിദ് മുബാറക്ക് അല്‍ദുലൈമി പറഞ്ഞു.
2001ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ച്ലര് ഡിഗ്രി നേടിയ മറിയം 2012ല്‍ എച്ച്ഇസി പാരീസില്‍നിന്നും സംരംഭകത്വം, നൂതനത വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും സ്വന്തമാക്കി. ഇക്കാലയളവില്‍ നിരവധി പ്രൊഫഷണല്സര്ട്ടിഫിക്കറ്റുകളും നേടി.