
ദോഹ: സിഎഎ വിരുദ്ധ പോരാട്ടങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ബഹുജന സമരം എന്ന പേരിലായിരിക്കും ഈ പ്രക്ഷോഭം അറിയപ്പെടുകയെന്നും മുസ്്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ടോക്ക് വിത്ത് ഇ.ടി’, ‘ഇ അഹമ്മദ് അനുസ്മരണ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ അഹമ്മദ് സാഹിബിന്റെ കൂടെ പ്രവര്‍ത്തിച്ച ഓരോ നിമിഷവും മറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ പിന്‍മുറക്കാരനാണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തിലാക്കി അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രകാശനം നടത്തിയത് ചുരുക്കം ചില പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമായിട്ടാണ് ഡല്‍ഹിയിലെ മാധ്യമങ്ങള്‍ പോലും വിലയിരുത്തിയതെന്നും ഇ.ടി വ്യക്തമാക്കി. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം സലിം നാലകത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഇ.ടി ബഷീര്‍ മറുപടി നല്‍കി. ട്രഷറര്‍ അലി മൊറയൂര്‍, റഫീഖ് കൊണ്ടോട്ടി സംസാരിച്ചു. സലാം വണ്ടൂര്‍, ലയിസ് കുനിയില്‍, മജീദ് തവനൂര്‍, യൂനുസ് വേങ്ങര നേതൃത്വം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ വെങ്ങശ്ശേരി സ്വാഗതവും ബഷീര്‍ ചേലേമ്പ്ര നന്ദിയും പറഞ്ഞു.