in ,

മലബാറിലെ +1 സീറ്റുകളുടെ കുറവ്; ആശങ്കക്ക് പരിഹാരമുണ്ടാക്കണമെന്ന് എംഎസ്എഫ്


ഹാഷിം ബംബ്രാഡി                                   എംപി നവാസ്

ദോഹ: മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി പാസായ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണില്‍ തുടര്‍ പഠനം നടത്താന്‍ സീറ്റില്ലാത്ത അവസ്ഥയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി നവാസും വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാഡിയും ആവശ്യപ്പെട്ടു.

എം.എസ്.എഎഫ് ആസ്ഥാന മന്ദിരമായ കോഴിക്കോട്ടെ ഹബീബ് സെന്ററിന്റെ പുനര്‍നിര്‍മാണ പ്രചരണാര്‍ഥം ഖത്തറിലെത്തിയ ഇരുവരും ദോഹയിലെ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു. ഈ അധ്യയന വര്‍ഷത്തിലും പുതിയ പഌസ് വണ്‍ സീറ്റുകള്‍ അനുവദിക്കാനോ അപ്‌ഗ്രേഡ് നടത്താനോ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി വിജയിച്ച വലിയൊരു വിഭാഗം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. യു.ഡി.എഫിന്റെ ഭരണകാലത്ത് സീറ്റിന്റെ കുറവ് വന്നപ്പോള്‍ അടിയന്തിരമായി 30000 പ്ലസ് വണ്‍ സീ റ്റുകള്‍ അനുവദിച്ചിരുന്നു.

ചില സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ ഹൈക്കോടതി ഇടപെട്ട് അവ തടഞ്ഞതും സീറ്റ് കുറയാനിടയാക്കി. വിഷയത്തില്‍ ഗൗരവപരമായി ഇടപെട്ട് ഒരു നടപടിയും സ്വീകരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മലബാറിനോട് കടുത്ത അവഗണനയാണ് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നതെന്നും നവാസ് കുറ്റപ്പെടുത്തി.

മലബാറിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കണമന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മലബാറിലെ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് നിവേദനം നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂണില്‍ മലബാര്‍ വിദ്യാഭ്യാസ പ്രക്ഷോഭ റാലി നടത്താന്‍ തീരുമാനിച്ചതായും നവാസ് പറഞ്ഞു.

പിടിഎ ഫണ്ട് എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും വിദ്യാര്‍ഥികളില്‍ നിന്ന് ഭീമമായ ഫണ്ട് നിര്‍ബന്ധിച്ചു വാങ്ങുന്ന അധികൃതര്‍ക്കെതിരെ എം.എസ്.എഫ് നിലവില്‍ സമര പരിപാടികള്‍ നടത്തിവരുകയാണ്. പാവപ്പെട്ട വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധിത തലവരിപ്പണം വാങ്ങാന്‍ അനുവദിക്കില്ലെന്നും കുറ്റിയാടി, നാദാപുരം മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് എംഎസ്എഫ് നടത്തിയ സമരം വിജയിച്ചതായും അദ്ദേഹം അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷാ സംവിധാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വൈകുന്നത് കാരണം വിദ്യാര്‍ഥികള്‍ വലിയ പ്രതിസന്ധിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ പരീക്ഷാകാല താമസം കാരണം കേരളത്തിന് പുറത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അവസരം നഷ്ടപ്പെടുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഈ മാസം 22ന് വിഷയം സംസാരിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച നിവേദനം മന്ത്രിക്ക് എം.എസ്.എഫ് സമര്‍പ്പിക്കുമെന്നും നവാസും ഹാഷിമും വ്യക്തമാക്കി. 

വിദ്യര്‍ഥികള്‍ക്ക് സ്വന്തന്ത്ര്യമായി കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തിലുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനെയെല്ലാം ഉന്‍മൂലനം ചെയ്യുക എന്ന എസ്.എഫ്.ഐയുടെ ചുവപ്പന്‍ ഭീകരതക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകായണെന്നും നവാസ് കുറ്റപ്പെടുത്തി. തിരുവനന്തപുരും യൂനിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ നിരന്തര മാനസിക പീഡനത്തെ തുടര്‍ന്നാണ്. ആത്മഹത്യാ ശ്രമത്തിന് മുമ്പ് വിദ്യാര്‍ഥിനി എഴിതിയ കുറിപ്പില്‍ എസ്.എഫ്.ഐ നേതാക്കളുടെ പേര് പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിട്ടു പോലും ഒരു നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞില്ലെന്നും കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിച്ച്  കാമ്പസില്‍ സ്വന്ത്രമായി ജീവിക്കാന്‍ വിദ്യര്‍ഥികള്‍ക്ക് അവസരമുണ്ടാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നും നവാസ് ആവശ്യപ്പെട്ടു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോഴിക്കോട്ടെ പഠന, ഗവേഷണ കേന്ദ്രമാകാന്‍ ഹബീബ് സെന്റര്‍

ഗരന്‍ഗാവോ ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു