Tuesday, December 10

മലിനജല ശുദ്ധീകരണം: ഡോ. ദീമ അല്‍മസ്‌രിയുടെ ഗവേഷണം ശ്രദ്ധേയമാകുന്നു

Spread the love
ഡോ. ദീമ അല്‍മസ്‌രി

ദോഹ: മലിനജല ശുദ്ധീകരണം, പുനരുപയോഗം എന്നിവക്കായി സുസ്ഥിരസംവിധാനം വികസിപ്പിക്കുന്നതിനായി ഖത്തറിലെ യുവഗവേഷക ഡോ. ദീമ അല്‍മസ്‌രി നടത്തുന്ന ഗവേഷണത്തില്‍ സുപ്രധാന പുരോഗതി.

ഖത്തര്‍ ഫൗണ്ടേഷന്റെ ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ത്തര്‍ എന്‍വയോണ്‍മെന്റ് ആന്റ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് അസോസിയേറ്റാണ് ഡോ.ദീമ അല്‍മസ്‌രി. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വാട്ടര്‍ സെന്ററിലെ ജോലിയുടെ ഭാഗമായാണ് ഡോ. ദീമയുടെ ഗവേഷണം. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ടിന്റെ(ക്യുഎന്‍ആര്‍എഫ്) വുമണ്‍ ഇന്‍ സയന്‍സ് ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഗവേഷണം.

ഫെലോഷിപ്പില്‍ ഗവേഷണത്തിന് ഡോ.ദീമ അല്‍മസ്‌രിക്ക് ഗ്രാന്റ് അനുവദിച്ചിരുന്നു. ഖത്തറില്‍ ഗവേഷണ സംസ്‌കാരം വളര്‍ത്തുകയും പ്രതിഭാധനരായ പ്രാദേശിക വനിതാ ഗവേഷകരുടെ പുതിയ തലമുറയെ കെട്ടിപ്പെടുക്കുകയെന്നതുമാണ് ഫെലോഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. എച്ച്ബികെയുവില്‍ പിഎച്ച്ഡി ചെയ്യുമ്പോഴാണ് ഫെലോഷിപ്പിനായി ഡോ. അല്‍മസ്‌രി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇതിന്റെ ഭാഗമായി ഡോ.അല്‍മസ്‌രിയുടെ പിഎച്ച്ഡി ഗവേഷണത്തിനും 2017ല്‍ ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ താമസത്തിനും ക്യുആര്‍സിഎസ് ധനസഹായം ലഭ്യമാക്കി. ഖത്തറിന് അനുയോജ്യമായ ജലശുദ്ധീകരണത്തിനും മലിനജല ശുദ്ധീകരണത്തിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് അവര്‍ ശ്രദ്ധയൂന്നിയത്. ജലശുദ്ധീകരണത്തിനായി സെറാമിക് ഡിസ്‌ക്കുകള്‍ നിര്‍മിക്കുന്നതില്‍ പ്രാവീണ്യവും അനുഭവവും നേടാന്‍ കഴിഞ്ഞു.

ഇതിന്റെ ഫലമായി കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദവും ഫലപ്രദവും കാര്യക്ഷമവുമായ ജലശുദ്ധീകരണ സംവിധാനം വികസിപ്പിക്കാനായി. ഈ കണ്ടുപിടിത്തത്തെ അടിസ്ഥാനമാക്കി ഡോ.അല്‍മസ്‌രിയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവരുടെ സഹപ്രവര്‍ത്തകരും മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശോഷണ ഏജന്റായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഏതു മലിനീകരണത്തില്‍നിന്നു ജലശുദ്ധീകരണ അരിപ്പയുടെ പ്രഭാവം പ്രദാനം ചെയ്യുന്നുമുണ്ട്.

ഫെലോഷിപ്പ് തനിക്ക് ധാരാളം വാതിലുകള്‍ തുറന്നുതന്നതായും തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ വഴിത്തിരിവിനിടയാക്കിയെന്നും ഡോ. അല്‍മസ്‌രി പറഞ്ഞു. ക്യുഎന്‍ആര്‍എഫ് നല്‍കിയ ഈ മികച്ച അവസരങ്ങള്‍ക്ക് നന്ദിയുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകലില്‍ കരിയര്‍ പിന്തുടരാന്‍ വനിതാഗവേഷകരെ പ്രചോദിപ്പിക്കുന്നതില്‍ ഇത്തരം ഫെലോഷിപ്പുകള്‍ക്കും ഗ്രാന്റുകള്‍ക്കുമുള്ള പ്രാധാന്യവും അവര്‍ ചൂണ്ടിക്കാട്ടി. ജലദൗര്‍ലഭ്യവും ജലമലിനീകരണവും ഖത്തറിനെ സംബന്ധിച്ചിടത്തോളം സുപ്രധാന വെല്ലുവിളികളാണ്.

ഖത്തര്‍ ദേശീയദര്‍ശനരേഖ 2030ലെ പരിസ്ഥിതിവികസന മുന്‍ഗണനയില്‍ ഈ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വ്യാവസായിക, ശുചിത്വ, കാര്‍ഷിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ജലസംരക്ഷണത്തിനായി സുസ്ഥിരവും നൂതനവുമായ ഒരു സംവിധാനം വികസിപ്പിക്കുന്നതിനും ഖത്തറിന്റെ ശുദ്ധജല സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഡോ. അല്‍മസ്‌രിയുടെ ഗവേഷണം ഊന്നല്‍ നല്‍കുന്നത്.

അതുകൊണ്ടുതന്നെ അതിനു സവിശേഷമായ പ്രാധാന്യമുണ്ട്. ഗവേഷകമേഖലയുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ക്യുഎന്‍ആര്‍എഫ് നടപ്പാക്കിവരുന്നത്. പ്രാദേശിക വനിതാവിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരം വിഷയങ്ങള്‍ പഠിക്കാനുള്ള താല്‍പര്യംവര്‍ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യുഎന്‍ആര്‍എഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍സത്താര്‍ അല്‍ തൈ പറഞ്ഞു.