
ദോഹ: യോജിപ്പിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്ന്, പുതിയ വികസനക്കുതിപ്പിലേക്കുള്ള മുന്നേറ്റത്തിന് വേഗവും ഊര്‍ജവും സമ്മാനിച്ച് ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ പെയ്‌തെങ്കിലും അതൊന്നും ആഘോഷത്തിന്റെ പൊലിമ കുറച്ചില്ല. ജനം ആവേശത്തോടെ ആഘോഷങ്ങളിലേക്ക് ഒഴുകിയെത്തി. മാളുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മഴ ഔട്ട്‌ഡോറിലെ പരിപാടികളെ ബാധിച്ചെങ്കിലും ഇന്‍ഡോര്‍ വേദികളില്‍ തടസങ്ങളില്ലാതെ പരിപാടികള്‍ നടന്നു.
പേള്‍ഖത്തറിലും കോര്‍ണീഷിലുമെല്ലാം ഖത്തരിപതാകകളുടെ അകമ്പടിയോടെയുള്ള വാഹനറാലികളും നടന്നു. ദേശീയദിനത്തില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ജനങ്ങള്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിരുന്നു. പല ഭാഗങ്ങളിലും ചാറ്റല്‍ മഴയാണ് പെയ്തത്. മഴയെപ്പോലും വകവെക്കാതെ ജനങ്ങള്‍ പരിപാടികളില്‍ പങ്കാളികളായി. ദോഹ മെട്രോയിലും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുരോഗതിയുടെ കുതിപ്പിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ആഘോഷം ഗംഭീരമായി. കോര്‍ണീഷ്, കത്താറ, ദര്‍ബ് അല്‍സായി, ആസ്പയര്‍ എന്നിവയ്ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയദിനം സമുചിതമായി ആഘോഷിച്ചു. രാജ്യത്തൊട്ടാകെ വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. വിവിധ ഗോത്രങ്ങളുടെ നേതൃത്വത്തില്‍ ടെന്റുകളില്‍ പരിപാടികള്‍ അരങ്ങേറി. വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യകമ്പനികള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വ്യത്യസ്മായ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. നഗരത്തിനു പുറത്തും വന്‍ ആഘോഷപരിപാടികള്‍ അരങ്ങേറി. ഖത്തറിന്റെ കലാ, സാംസ്‌കാരിക, പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികളായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഓരോ വേദികളിലും ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ദേശിയദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രാമ നഗര പ്രദേശങ്ങളിലെല്ലാം പരിപാടികള്‍ നടന്നു. സമാനതകളില്ലാത്ത ആഘോഷപരിപാടികള്‍ക്കും പരേഡിനുമായിരുന്നു കോര്‍ണീഷും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും സാക്ഷ്യം വഹിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഖത്തറിന്റെ പതാകകളും വര്‍ണങ്ങളും പൂശിയ ആയിരങ്ങള്‍ ആഘോഷത്തിന്റെ പ്രധാന കേന്ദ്രമായ കോര്‍ണിഷിലുള്‍പ്പടെ ജനക്കൂട്ടം ഒഴുകിയെത്തി. ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ലിവര്‍പൂളിന്റെ മത്സരം ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പുലര്‍ച്ചെ വരെയും കോര്‍ണിഷ് ആഘോഷങ്ങളുടെ ലഹരിയിലായിരുന്നു.
ഖത്തര്‍ പതാകയുടെ നിറമുള്ള ഷാളുകളും വസ്ത്രങ്ങളുമണിഞ്ഞെത്തിയ കുട്ടികളും കുടുംബങ്ങളും വിവിധ വേദികളില്‍ ആഘോഷത്തിന് കൗതുകനിറം പകര്‍ന്നു. മുഖത്തും കൈകളിലും ഖത്തര്‍ പതാകയുടെ നിറം പൂശിയവരെയും കാണാമായിരുന്നു. കൊച്ചു പതാകകള്‍ വീശിക്കളിക്കുന്ന കുട്ടികള്‍ ആവേശം തുളുമ്പുന്ന കാഴ്ചയായി. പ്രത്യേക ടീ ഷര്‍ട്ടുകളും തൊപ്പിയും ഷാളുമണിഞ്ഞാണ് പ്രവാസികളായ പല ചെറുപ്പക്കാരും കമ്യൂണിറ്റി പരിപാടികളിലുള്‍പ്പടെ പങ്കെടുത്തത്.