
ലുസൈല്‍ എക്‌സ്പ്രസ് വേയിലെ മഴവില്‍ കമാനം. ഇവിടെ കൂടൊരുക്കി കുഞ്ഞുങ്ങള്‍ക്ക് തീറ്റയുമായെത്തിയ രാജാളി പക്ഷിയുടെ സമീപ ദൃശ്യം
ദോഹ: ലുസൈല്‍ എക്‌സ്പ്രസ് വേയിലെ മനോഹരമായ മഴവില്‍ കമാനത്തില്‍ യൂറേഷ്യന്‍ രാജാളിയെ കൂടൊരുക്കിയ നിലയില്‍ കണ്ടെത്തി. ഇത്രയും തിരക്കുള്ള ഒരിടത്ത് ആദ്യമായാണ് ഫാല്‍ക്കണ്‍ പക്ഷികളിലെ ചെറുവിഭാഗമായ യൂറേഷ്യന്‍ രാജാളിയെ കൂടൊരുക്കി മുട്ടയിട്ട് കുഞ്ഞിന് തീറ്റ കൊടുക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. ഇന്ത്യന്‍ ഫാല്‍ക്കണ്‍ ഗവേഷകന്‍ ഡോ. സുബൈര്‍ മേടമ്മലാണ് ഈ കണ്ടെത്തലിന് പിന്നില്‍.
കോഴിക്കോട് സര്‍വ്വകലാശാലയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ സുബൈര്‍ മേടമ്മലും സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്വറല്‍ ഹിസ്റ്ററിയിലെ മുന്‍ ഡയറക്ടറുമായ പി എ അസീസുമാണ് ദോഹയിലെത്തി പുതിയ പക്ഷിയെ നിരീക്ഷിച്ച് ഉറപ്പുവരുത്തിയത്. മഴവില്‍ കമാനത്തിന് സമീപത്ത് ജോലി ചെയ്യുന്ന വീട്ടു ഡ്രൈവര്‍ റഫീക്ക് കുറ്റിപ്പുറം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഹൃസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയത്. ഇത്രയും തിരക്കും ഗതാഗതവുമുള്ള ഒരിടത്ത് മനുഷ്യനിര്‍മ്മിത കെട്ടിടത്തില്‍ ഫാല്‍ക്കണ്‍ കൂടൊരുക്കുന്നത് ആദ്യമായാണ് കാണുന്നതെന്ന് സുബൈര്‍ മേടമ്മല്‍ പറയുന്നു.

ഡോ. സുബൈര്‍ മേടമ്മലും സംഘവും പക്ഷി നിരീക്ഷണം നടത്തുന്നു
കീഴ്ക്കാം തൂക്കായ മലഞ്ചെരുവിലെ തട്ടുകളിലോ മരങ്ങളിലോ വലിയ കെട്ടിടങ്ങളുടെ മുകളിലോ ആണ് സാധാരണയായി ഫാല്‍ക്കണുകള്‍ വാസമൊരുക്കാറുള്ളത്. വര്‍ഷത്തില്‍ മൂന്നുമുതല്‍ ഏഴു വരെ മുട്ടകളാണ് ഫാല്‍ക്കണുകള്‍ ഇടുക. നാലാഴ്ചക്കാലമാണ് മുട്ട വിരിയാനുള്ള സമയം. ചെറിയ പക്ഷികള്‍, എലികള്‍ പോലുള്ളവ, പല്ലികള്‍ തുടങ്ങിയവയൊക്കെയാണ് പൊതുവെ കുഞ്ഞു രാജാളികളുടെ തീറ്റ.

ഫാല്‍ക്കണുകളിലെ ചെറിയ ഇനമാണ് രാജാളികള്‍. താഴെ കമാനത്തിന്റെ മുകള്‍ ഭാഗത്തുള്ള ചുവന്ന വിളക്കിന്റെ പെട്ടിയിലാണ് പക്ഷി കൂടൊരുക്കിയതെന്നാണ് തന്റെ നിരീക്ഷണത്തില്‍ മനസ്സിലായതെന്ന് സുബൈര്‍ മേടമ്മല്‍ പറഞ്ഞു. പത്ത് മുതല്‍ 15 സെന്റീമീറ്റര്‍ വരെ മാത്രം വ്യാസമുള്ള കൂട്ടിനകത്തേക്ക് തീറ്റയുമായി ഇടക്കിടെ പക്ഷികള്‍ കയറിപ്പോകുന്നതിനര്‍ഥം അതിനകത്ത് ഒന്നിലേറെ പക്ഷിക്കുഞ്ഞുങ്ങളുണ്ടെന്നാണെന്ന് സുബൈര്‍ മേടമ്മല്‍ പറയുന്നു.
കുഞ്ഞുപക്ഷികള്‍ക്ക് തീറ്റയായി പ്രാവിന്റേതെന്ന് തോന്നിക്കുന്ന മാംസവുമായി തള്ളപ്പക്ഷി വരുന്ന ഫോട്ടോ അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. തീറ്റയുമായെത്തുന്ന പക്ഷി ഇരുപത് മിനുട്ടോളമാണ് കൂട്ടില്‍ തങ്ങുന്നത്. ഒരു പക്ഷി തീറ്റയുമായി കൂട്ടില്‍ കയറിയാല്‍ മറ്റേ പക്ഷി കുറച്ചു സമയം പുറത്തു കാത്തുനില്‍ക്കുകയും പിന്നീട് തീറ്റതേടി പറന്നു പോവുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.