in

മാധ്യമ നിയന്ത്രണം: കരട് നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

ദോഹ: മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് നിയമം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് കരട് നിയമം പരിഗണിച്ചത്. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രസിദ്ധപ്പെടുത്തല്‍, മാധ്യമപ്രവര്‍ത്തനം, കല എന്നിവ നിയന്ത്രിക്കുന്നതാണ് കരട് നിയമം. പന്ത്രണ്ട് അധ്യായങ്ങളിലായി 74 വകുപ്പുകളാണ് കരട് നിയമത്തിലുള്ളത്. പ്രസ്സ്, മീഡിയ, പ്രിന്റിംഗ് പ്രസ്സ്, പ്രസിദ്ധീകരണ സ്ഥാപനം, പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷനും വിതരണവും, സിനിമകള്‍, തിയേറ്ററുകള്‍, കലാപരമായ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ പ്രക്ഷേപണ സ്റ്റേഷനുകള്‍, പരസ്യം ചെയ്യല്‍, പബ്ലിക് റിലേഷന്‍സ്, മീഡിയ സര്‍വീസ് ഓഫീസുകള്‍ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരട് നിയമത്തിലുണ്ട്. ചര്‍ച്ചക്ക് ശേഷം കരട് നിയമം കൗണ്‍സിലിന്റെ സാംസ്‌കാരിക കാര്യ, വിവര സമിതിയും നിയമ,നിയമനിര്‍മ്മാണ കാര്യ സമിതിയും അടങ്ങുന്ന സംയുക്ത സമിതിക്ക് കൈമാറാന്‍ തീരുമാനിച്ചു, സംയുക്ത സമിതി കരട് നിയമത്തെക്കുറിച്ച് വിശദമായി പഠിച്ച് കൗണ്‍സിലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംയുക്ത സമിതിയുടെ പ്രഥമ യോഗം റാപ്പോര്‍ട്ടര്‍ നാസര്‍ ബിന്‍ റാഷിദ് ബിന്‍ സെറായി അല്‍കഅബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കരട് നിയമം ചര്‍ച്ച ചെയ്ത സമിതി അടുത്തയോഗത്തില്‍ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. നേരത്തെ മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം കൂടുതല്‍ പഠനത്തിനായാണ് കരട് നിയമം ശൂറാ കൗണ്‍സിലിന് കൈമാറിയത്. പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ എട്ടാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993 ലെ 16-ാം നമ്പര്‍ നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ കരട് നിയമം. നിയമങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമാണിത്. പത്രങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍, മീഡിയ-കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം.
ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് ശൂറാ സ്പീക്കര്‍ ആവര്‍ത്തിച്ചു. ഫലസ്തീന്‍ ജനതയുടെ മുഴുവന്‍ അവകാശങ്ങളും അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ സമാധാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം രൂപീകരിക്കുകയെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍, അറബ് സമാധാന പദ്ധതി എന്നിവയ്ക്ക് അനുസൃതമല്ലാത്ത ഏതൊരു സമാധാന പദ്ധതികള്‍ക്കും നീതിപൂര്‍വകവും ശാശ്വതവും സമഗ്രവുമായ സമാധാനത്തിലേക്ക് നയിക്കാനാവില്ല. അത്തരം പദ്ധതികള്‍ പിരിമുറുക്കം വര്‍ധിപ്പിക്കുകയും പരിഹാരത്തിനുള്ള സാധ്യതകളെ തടസപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ചുമതലയേറ്റ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയെ ശൂറാ കൗണ്‍സില്‍ അഭിനന്ദിച്ചു. അടുത്ത ഘട്ടത്തിലും ശൂറ കൗണ്‍സിലും സര്‍ക്കാരും തമ്മിലുള്ള ഫലപ്രദവും ക്രിയാത്മകവുമായ സഹകരണം തുടരാനുള്ള ആഗ്രഹവും പങ്കുവെച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫോക് ഖത്തര്‍ സംഘടനാ പ്രഖ്യാപനം ഏഴിന് ഐസിസിയില്‍

ബാങ്കോക്കിലേക്ക് പറന്ന യുവതിക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ സുഖപ്രസവം