in ,

മാധ്യമ മേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമെന്ന് ജിസിഒ ഡയറക്ടര്‍

മീഡിയ സിറ്റിക്ക് എഡിറ്റോറിയല്‍ നിയന്ത്രണങ്ങളില്ല; ബ്ലോഗര്‍മാര്‍ക്ക് സൗജന്യമായി സൗകര്യങ്ങള്‍

ജിസിഒ ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ടിആര്‍ടി വേള്‍ഡിന്റെ സ്‌ട്രെയ്റ്റ് ടോക്കിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു

ദോഹ: മാധ്യമമേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമാണെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ്(ജിസിഒ) ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി. ടിവി ചാനലുകള്‍, പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളായി മീഡിയ സിറ്റിയെ കണക്കാക്കാം. വരാനിരിക്കുന്ന പുതിയ മാധ്യമമാണ് സോഷ്യല്‍ മീഡിയയെന്നും അതിനാലാണ് മീഡിയ സിറ്റി അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയ സിറ്റിക്ക് എഡിറ്റോറിയല്‍ നിയന്ത്രണങ്ങളുണ്ടാകില്ല. ബ്ലോഗര്‍മാര്‍ക്ക് സൗജന്യമായി സൗകര്യങ്ങള്‍ ലഭ്യമാക്കും. മീഡിയ സിറ്റിയില്‍ ചെറിയ സ്റ്റുഡിയോകളുണ്ടാകും. ബ്ലോഗര്‍ക്കോ സോഷ്യല്‍മീഡിയ സ്വാധീനമുള്ളവര്‍ക്കോ വീഡിയോ സൃഷ്ടിച്ച് സൗജന്യമായി എഡിറ്റ് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. എഡിറ്റോറിയല്‍ പരിധികളില്ല എന്നതാണ് മീഡിയസിറ്റിയുടെ ആകര്‍ഷണം.

എന്നാല്‍ ധാര്‍മിക മൂല്യങ്ങളുണ്ടാകും. ഖത്തറിലെത്തുന്ന മാധ്യമങ്ങള്‍ക്ക് അവര്‍ പറയുന്നതിനും അവരുടെ പ്രവര്‍ത്തികള്‍ക്കും ഉത്തരവാദികളായിരിക്കും. ഒരു ഔട്ട്‌ലെറ്റുകള്‍ക്കും പരിമിതികളുണ്ടാകില്ല. ഉത്തരവാദിത്വമുള്ള മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ധാര്‍മികമൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. മീഡിയ സിറ്റി പദ്ധതിക്ക് അമീറില്‍ നിന്നാണ് പ്രചോദനമുണ്ടായത്.

പദ്ധതി നടപ്പാക്കുന്നതിനായി 2017ലാണ് അമീര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ നീക്കം നയതന്ത്ര പ്രതിസന്ധിയോടുള്ള പ്രതികരണമല്ല, മറിച്ച് രാജ്യം മുന്നേറുന്നുവെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര പ്രതിസന്ധിക്ക് മറുപടിയായാണോ മീഡിയ സിറ്റി രൂപീകരിക്കുന്നതെന്ന ചോദ്യത്തിന് 2005ലാണ് മീഡിയസിറ്റി പദ്ധതിക്കായി ഗവേഷണം നടത്തിയതെന്നും പദ്ധതി നടപ്പാക്കുന്നതിനായി 2008ല്‍ പ്രത്യേക ടീം രൂപീകരിച്ചുവെന്നും അദ്ദേഹം മറുപടി നല്‍കി.

പദ്ധതികള്‍ നടപ്പാക്കാനുള്ള ശരിയായ സമയമതല്ലെന്ന് മനസിലാക്കുകയായിരുന്നു. അല്‍ജസീറയും മറ്റു ചാനലുകളും അന്ന് കേവലം സാമ്പിളുകള്‍ മാത്രമായിരുന്നു. ഇപ്പോള്‍ അല്‍ജസീറ രാജ്യാന്തര നെറ്റ് വര്‍ക്കായി മാറിയിട്ടുണ്ട്. അല്‍ജസീറയില്‍ പ്രവര്‍ത്തിച്ച സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ പരിശ്രമം ഇക്കാര്യത്തില്‍ പ്രത്യേകം പരാമര്‍ശവിധേയമാണ്.

മാധ്യമ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ഔട്ട്‌ലെറ്റുകളുമായി 33 കരാറുകളില്‍ ഖത്തര്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഖത്തര്‍ ഫ്രീസോണ്‍ അതോറിറ്റി സ്ഥാപിക്കുകയും തൊഴില്‍ നിയമങ്ങളുടെ വികസനം തുടരുകയും ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രതിസന്ധിയെ പിന്നിലാക്കാനായതായും ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം ഉയര്‍ത്തിക്കൊണ്ട് രാജ്യം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ മാധ്യമ നഗരം സ്ഥാപിക്കാന്‍ പ്രചോദിപ്പിച്ച നിരവധി കാരണങ്ങളുണ്ട്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഖത്തറിന്റെ നീണ്ട ചരിത്രമാണ് ഇതിലൊരു കാരണം.

അറുപതുകളില്‍ റേഡിയോയും ടിവിയും ഉപയോഗിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മാധ്യമ മേഖലയുമായി ബന്ധം തുടങ്ങിയത്. മാധ്യമ ചരിത്രത്തിന്റെ ഒന്നാംഘട്ടം അറുപതുകളിലായിരുന്നുവെങ്കില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിരുന്നു രണ്ടാംഘട്ടം.

നിരവധി ബുദ്ധിജീവികളും അക്കാദമിക് വിദഗ്ദ്ധരും സര്‍ക്കാര്‍ നിയമങ്ങളെക്കുറിച്ചും മറ്റും ദിനപത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നുണ്ടായിരുന്നു. പൗരന്‍മാര്‍ക്ക് അവരുടെ അഭിപ്രായം അറിയിക്കാനുള്ള ഒരു വേദിയാണ് മാധ്യമമെന്ന് രാജ്യം മനസിലാക്കുകയായിരുന്നു- ടിആര്‍ടി വേള്‍ഡിന്റെ സ്‌ട്രെയ്റ്റ് ടോക്കിനു നല്‍കിയ അഭിമുഖത്തില്‍ ശൈഖ് സെയ്ഫ് അല്‍താനി പറഞ്ഞു. തൊണ്ണൂറുകളുടെ മധ്യം മുതല്‍ 2004വരെയായിരുന്നു ഖത്തറിന്റെ മാധ്യമചരിത്രത്തിലെ മൂന്നാംഘട്ടം.

ഈ കാലയളവിലാണ് അല്‍ജസീറയും കായിക സാംസ്‌കാരിക ടിവി ചാനലുകളായ അല്‍കാസും അല്‍റയ്യാന്‍ ടിവിയും സ്ഥാപിക്കപ്പെട്ടത്. രണ്ടു ചാനലുകള്‍ക്കും വലിയതോതില്‍ കാഴ്ചക്കാരുണ്ട്. അല്‍കാസ് സ്‌പോര്‍ട്‌സ് ചാനലിന് രാജ്യത്തുള്ളതിനേക്കാള്‍ കാഴ്ചക്കാര്‍ ഖത്തറിനു പുറത്തുണ്ട്.

അറബിക് ചാനല്‍ എന്നതിനപ്പുറം അല്‍ജസീറ അക്കാലത്ത് വികസിക്കുകയും പല ഭാഷകളിലായി രാജ്യാന്തര നെറ്റ്‌വര്‍ക്ക് പ്രക്ഷേപണമായി മാറുകയും ചെയ്തു. ബാങ്കുകളും കമ്പനികളും രാജ്യങ്ങളും ലോകമെമ്പാടും വളരെയധികം വിലമതിക്കപ്പെടുന്ന നിക്ഷേപകരാണ് ഖത്തര്‍.

ഉപരോധം ഉടന്‍ അവസാനിക്കുമോയെന്നതിനെക്കുറിച്ച് ഉപരോധരാജ്യങ്ങളാണ് പ്രതിസന്ധി തുടങ്ങിയതെന്നും അവര്‍ക്ക് തന്നെ അതവസാനിപ്പിക്കാമെന്നും അദ്ദേഹം മറുപടി നല്‍കി. ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിസന്ധിയല്ല ഇത്. എണ്‍പതുകള്‍ മുതല്‍ സമാനമായ പ്രതിസന്ധികളുണ്ടായിരുന്നു. ഖത്തര്‍ ഒരു സ്വതന്ത്ര രാജ്യവും അമീറില്‍ പിന്തുടരുന്ന നേതാവുമുള്ളതിനാല്‍ ഖത്തര്‍ എളുപ്പമുള്ള ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയാണ് രാജ്യം ഉഭയകക്ഷിബന്ധം കെട്ടിപ്പെടുക്കുന്നതെന്നും സംവാദത്തിന്റെ പ്രാധാന്യത്തില്‍ രാജ്യം വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലക്കകത്തും പുറത്തും വിവിധ വിഷയങ്ങളില്‍ ഖത്തര്‍ മധ്യസ്ഥരുടെ പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നാലാമത് സൂഖ് വാഖിഫ് ഈത്തപ്പഴ മേളയില്‍ സന്ദര്‍ശകത്തിരക്കേറുന്നു

ഈദുല്‍ അദ്ഹ: ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുന്നു