
ദോഹ: ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന ഖത്തര്‍ മാരിടൈം ലോജിസ്റ്റിക് ഉച്ചകോടിക്ക് തുടക്കമായി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ഉച്ചകോടി. ഖത്തര്‍ തുറമുഖ പരിപാലന കമ്പനിയായ മവാനി ഖത്തറിന്റെ സഹകരണമുണ്ട്. തുറമുഖങ്ങള്‍, സമുദ്ര വ്യാപാര- ലോജിസ്റ്റിക്‌സ് മേഖലകളിലെ വിദഗ്ദ്ധരും നയരൂപീകരണ വിദഗ്ദ്ധരും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും ഉള്‍പ്പടെ 450ലധികം പേര്‍ പങ്കെടുക്കുന്നുണ്ട്.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ് ആന്റ് ഹാര്‍ബര്‍സ്(ഐഎപിഎച്ച്), ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍(ഐഎംഒ), ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ക്ലാസിഫിക്കേഷന്‍ സൊസൈറ്റീസ്(ഐഎസിഎസ്) എന്നിവയുടെ പങ്കാളിത്തവുമുണ്ട്. മാരിടൈം, ലോജിസ്റ്റിക്‌സ് മേഖലയിലെ ദീര്‍ഘകാല വെല്ലുവിളികളും അവസരങ്ങളും ഉച്ചകോടിയില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. വ്യാപാരം, ആഗോള പ്രവണതകള്‍, തുറമുഖ വികസനം, ധനസഹായം, സാങ്കേതികവിദ്യ, ഡിജിറ്റല്‍ സുരക്ഷ, സൈബര്‍ സുരക്ഷ, സുരക്ഷ, സുസ്ഥിരത, ഷിപ്പിംഗ്, പോര്‍ട്ട്, ലോജിസ്റ്റിക് മേഖലകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഖത്തറിനെ ഊര്‍ജസ്വലമായ പ്രാദേശിക വാണിജ്യ, ലോജിസ്റ്റിക്കല്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം ആഗോള സമുദ്ര ഗതാഗതത്തില്‍ ഖത്തറിന്റെ പങ്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഉച്ചകോടി ശക്തിപ്പെടുത്തുന്നു. ഖത്തറിന്റെ തുറമുഖങ്ങളും ലോജിസ്റ്റിക് മേഖലകളും പ്രോത്സാഹിപ്പിക്കാനും ആഗോള സമുദ്ര ഗതാഗതമേഖലയില്‍ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്താനും മേഖലയിലും ലോകത്തും ഹമദ് തുറമുഖത്തിന്റെ വാണിജ്യ വിഹിതം ഉയര്‍ത്താനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഗതാഗത രംഗത്ത് നിയമങ്ങളും നിയമനിര്‍മ്മാണങ്ങളും വികസിപ്പിക്കുന്നതിന് ഖത്തര്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഗതാഗത കമ്യൂണിക്കേഷന്‍സ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തി പറഞ്ഞു. ഉച്ചകോടി ഉദ്ഘാടനംചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മേഖലക്കും അതിന്റെ പിന്തുണാ സേവനങ്ങള്‍ക്കുമായി അടിസ്ഥാന സൗകര്യ പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി വ്യാപകമായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ നിക്ഷേപങ്ങള്‍ എല്ലാ തലങ്ങളിലും സമുദ്ര ഗതാഗത മേഖലയില്‍ ശ്രദ്ധേയമായ വികസനം കൈവരിക്കുന്നതിനും ആഗോള സമുദ്രമേഖലയുടെ ഭൂപടത്തില്‍ ഖത്തറിന് പ്രമുഖ സ്ഥാനവും വിശിഷ്ട പ്രശസ്തിയും നേടുന്നതിനും സംഭാവന നല്‍കിയതായും മന്ത്രി പറഞ്ഞു. ലോകബാങ്കിന്റെ മത്സര റിപ്പോര്‍ട്ട് 2019ല്‍ തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തില്‍ ഖത്തര്‍ ആഗോളതലത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണെന്നും തുറമുഖ സേവന സൂചികയുടെ കാര്യക്ഷമതയില്‍ നാലു സ്ഥാനങ്ങള്‍ ഉയര്‍ന്ന് ആഗോളതലത്തില്‍ 15-ാം സ്ഥാനത്തെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാര്യക്ഷമമായ ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യത്തില്‍ അറബ് ലോകത്ത് ഖത്തര്‍ രണ്ടാം സ്ഥാനത്തും ആഗോളതലത്തില്‍ 30 സ്ഥാനത്തുമാണ്. കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര കയറ്റുമതി സൂചികയില്‍ ആഗോളതലത്തില്‍ റാങ്കിങ് 26ല്‍ നിന്ന് ഒന്‍പത് ആയി ഉയര്‍ന്നു. ഇത് ഖത്തറിന്റെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ ഗണ്യമായ വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്നു.
അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളെ ആകര്‍ഷിക്കുന്നതില്‍ ഹമദ് തുറമുഖത്തിന്റെ നൂതന അടിസ്ഥാനസൗകര്യവും ആധുനിക സാങ്കേതികവിദ്യകളും സംഭാവന നല്‍കിയിട്ടുണ്ടെന്നും കൈകാര്യം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര വിനിമയം ഉത്തേജിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന റുവൈസ് തുറമുഖത്തിന് കൈകാര്യം ചെയ്യുന്ന അളവില്‍ സ്ഥിരമായ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദോഹ തുറമുഖം രാജ്യത്തിന്റെ പദ്ധതികളെ പിന്തുണക്കുകയും ക്രൂയിസുകളിലൂടെ ടൂറിസം മേഖലയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.