
ദോഹ: ഖത്തറിലെ ഏറ്റവും പ്രശസ്തമായ ഐക്കോണിക് ഹോട്ടലുകളിലൊന്നായ ദോഹ മാരിയറ്റ് ഹോട്ടല്‍ സമഗ്രമായി നവീകരിക്കുന്നു. ഹോട്ടലിന്റെ മുഖച്ഛായ മാറ്റുന്നവിധത്തിലായിരിക്കും വികസനം. നവീകരണത്തിനായി സെപ്തംബര്‍ ഒന്നു മുതല്‍ ഹോട്ടല്‍ അടക്കും.
കത്താറ ഹോസ്പിറ്റാലിറ്റി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് ഹോട്ടലായി 1973ലാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ദോഹ ബേയില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതാദ്യമായാണ് പൂര്‍ണമായും നവീകരിക്കുന്നത്.
ഹോട്ടലിന്റെ മുഖച്ഛായ തന്നെ മാറ്റും. ഈ നവീകരണം ഹോട്ടലിന്റെ പ്രധാന നാഴികക്കല്ലായിരിക്കും. ദോഹയില ആദ്യത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന വിശേഷണവും മാരിയറ്റിനുണ്ട്. നവീകരണം 2021ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഹോട്ടല്‍ പൂര്‍ണമായും അടക്കേണ്ടതുണ്ട്. അതുവരെ അതായത് സെപ്തംബര്‍ ഒന്നുവരെ ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമായിരിക്കും. സെപ്തംബര്‍ ഒന്നിനുശേഷമുള്ള തീയതികളിലേക്ക് ഹോട്ടല്‍ ബുക്ക് ചെയ്ത അതിഥികളെ ബദല്‍ ക്രമീകരണങ്ങള്‍ക്കായി വ്യക്തിഗതമായി ബന്ധപ്പെടുന്നുണ്ട്.
ഹോട്ടലും അതിന്റെ സൗകര്യങ്ങളും പൂര്‍ണമായും നവീകരിക്കും. അതിഥി റൂമുകള്‍, പൊതുഏരിയകള്, വിനോദസൗകര്യങ്ങള്‍, കോണ്‍ഫറന്‍സ്- യോഗ സ്ഥലങ്ങള്‍ എന്നിവയെല്ലാം നവീകരിക്കാന്‍ ലക്ഷ്യമിടുന്നു. ഹോട്ടലിന്റെ ഭക്ഷണ പാനീയ സൗകര്യങ്ങളും വികസിപ്പിക്കും.
ഖത്തറിന്റെ പൈതൃകം ആഘോഷിക്കുക, കെട്ടിടത്തിന്റെ തനിതായ സ്വത്വം തിരികെ കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഹോട്ടലിന്റെ യഥാര്‍ഥ രൂപകല്‍പ്പന പരിപാലിച്ചുകൊണ്ടുതന്നെയായിരിക്കും നവീകരണം. കെട്ടിടത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ചെറിയ മാറ്റങ്ങള്‍ വരുത്തും. അതിഥികള്‍ക്ക് ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.
രണ്ടു ടവറുകള്‍ക്കിടയില്‍ വിഷ്വല്‍ കണക്ടിവിറ്റി നല്കുന്നതിനായുള്ള പുതിയൊരു ടവര്‍, ഫാമിലി പൂള്, കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മേഖല, പുറത്ത് മനോഹരമായ ലാന്‍ഡ്സ്കേപ്പ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ദോഹ മാരിയറ്റ് ഹോട്ടലിന്റെ നവീകരണത്തിനായി കരാറുകാരായി ഉര്ബാകോണ് ട്രേഡങ് ആന്റ് കോണ്ട്രാക്റ്റിങിനെയാണ് നിയോഗിച്ചിരിക്കുന്നത്.