in

മാര്‍ട്ടിന്‍ റോണിന്റെ ‘അറേബ്യന്‍ ഒറിക്‌സ്’ കത്താറയില്‍

മാര്‍ട്ടിന്‍ റോണിന്റെ ചുവര്‍ചിത്ര കലാസൃഷ്ടി കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ അനാവരണം ചെയ്തപ്പോള്‍

ദോഹ: വിഖ്യാത അര്‍ജന്റീനിയന്‍ കലാകാരന്‍ മാര്‍ട്ടിന്‍ റോണിന്റെ സവിശേഷമായ ചുവര്‍ചിത്ര കലാസൃഷ്ടി കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ സ്ഥാപിച്ചു. ചുവരില്‍നിന്നും പൊട്ടിത്തെറിച്ച് പുറത്തേക്കുവരുന്ന അറേബ്യന്‍ ഒറിക്‌സിന്റെ ഹൈപ്പര്‍ റിയലിസ്റ്റിക് ചുവര്‍ചിത്രം കഴിഞ്ഞദിവസം കത്താറയില്‍ അനാവരണം ചെയ്തു. കത്താറയിലെ പൊതുകലാസൃഷ്ടികളുടെ ശേഖരത്തിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണിത്. 11 മീറ്റര്‍ മതില്‍ പെയിന്റിങ് രാജ്യാന്തര പ്രശസ്തനായ മ്യുറലിസ്റ്റ് മാര്‍ട്ടിന്‍ റോണിന്റെ സവിശേഷമായ കലാസൃഷ്ടിയാണ്. ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍ റോണിന്റെ പ്രചോദനാത്മകമായ ചുവര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തവും നിരൂപകപ്രശംസ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ ഒരേ സമയം യാഥാര്‍ഥ്യബോധം പുറപ്പെടുവിക്കുകയും അതേസമയം ഫാന്റസി ഘടകങ്ങള്‍ ഉള്‍പ്പെടുകയും ചെയ്യുന്നതാണ് ഇത്തരം സൃഷ്ടികള്‍. വിവിധ സംഘടനകളില്‍ നിന്നുള്ള ക്ഷണം ഉപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ ചുവര്‍ചിത്രങ്ങള്‍ വരക്കുന്ന മ്യുറലിസ്റ്റാണ് റോണ്‍. ദോഹയില്‍ റോണ്‍ ഇതാദ്യമായാണ് കലാസൃഷ്ടിയൊരുക്കുന്നത്. കത്താറയിലെ ബില്‍ഡിങ് 40-ാലാണ് ചുവര്‍ചിത്രം. അല്‍മഹ മുന്നോട്ടു പോകുന്നു എന്നാണ് കലാസൃഷ്ടിക്ക് നാമകരണം നല്‍കിയിരിക്കുന്നത്. ഖത്തറിലെ അര്‍ജന്റീനിയന്‍ അംബാസഡര്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ ഹെര്‍ണാണ്ടസ്, കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി, അര്‍ജന്റീനിയന്‍ മ്യൂറലിസ്റ്റ് മാര്‍ട്ടിന്‍ റോണ്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് കലാസൃഷ്ടി അനാച്ഛാദനം ചെയ്തു. ഖത്തറിന്റെ പൈതൃകത്തിന്റെ പ്രതീകമായ ഒറിക്‌സാണ് ചുവര്‍ചിത്രത്തിലെ കേന്ദ്രബിന്ദു. ദോഹയുടെ മനോഹരമായ സ്‌കൈലൈനിന്റെ പശ്ചാത്തലത്തില്‍ ചുവര്‍ തകര്‍ത്ത് കുതിക്കുന്ന ഒറിക്‌സിനെയാണ് ചുവര്‍ചിത്രത്തിനായി പ്രമേയമാക്കിയത്. രാജ്യത്തിന്റെയും ജനങ്ങളുടെയും കരുത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സൃഷ്ടിയെന്ന് റോണ്‍ പറഞ്ഞു.
ഇവിടെയെത്തിയപ്പോള്‍, വളരെ ശക്തമായ ഒരു നഗരത്തെയാണ് കാണാനായത്. ഈ നഗരം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്, വളരെയധികം വികസനം കണ്ടു. വളരെ ശക്തരാണ് ഖത്തരി ജനത. ഭാവിയില്‍ ഖത്തറിലേക്ക് മടങ്ങിവരാനാകുമെന്നാണ് പ്രതീക്ഷ- റോണ്‍ പറഞ്ഞു. അര്‍ജന്റീനയിലെ മികച്ച കലാകാരനായ റോണ്‍ ലോകത്തിലെ മികച്ച പത്ത് ചുവര്‍ചിത്ര കലാകാരന്‍മാരിലൊരാളാണെന്ന് അര്‍ജന്റീനിയന്‍ അംബാസഡര്‍ ചൂണ്ടിക്കാട്ടി. മോസ്‌ക്കോ, ലണ്ടന്‍ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ കാണാനാകും

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എം.എഫ് ഹുസൈന്റെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ പൊതുപ്രദര്‍ശനത്തിന് ഇന്ന് തുടക്കം

ഖത്തര്‍ ഫെന്‍സിങ് ഗ്രാന്‍ഡ്പ്രിക്‌സ് തുടരുന്നു