
ദോഹ: ഖത്തറില്‍ സംയോജിത മാലിന്യ തരംതിരിക്കല്‍, പുനരുപയോഗ പദ്ധതി എന്നിവയുടെ ഒന്നാംഘട്ടത്തിനു തുടക്കമായി. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയമാണ് 2022 വരെ നാല് ഘട്ടങ്ങളായി പരിപാടി നടപ്പിലാക്കുന്നത്. മാലിന്യങ്ങള്‍ തരംതിരിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കണ്ടെയ്നറുകളും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ സന്ദര്‍ശിച്ചു. പദ്ധതിയുടെ പുരോഗതി, ലക്ഷ്യങ്ങള്‍, വിവിധ ഘട്ടങ്ങള്‍, നടപ്പാക്കല്‍ സംവിധാനം എന്നിവയെക്കുറിച്ച് മന്ത്രിയോടു വിശദീകരിച്ചു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും സുസ്ഥിര തന്ത്രപരമായ പദ്ധതി നടപ്പിലാക്കുന്നതിനും സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും മന്ത്രാലയം നല്കുന്ന വലിയ ശ്രദ്ധയുടെ ചട്ടക്കൂടിനുള്ളിലാണ് മാലിന്യങ്ങള്‍ തരംതിരിക്കാനും പുനരുപയോഗം ചെയ്യാനുമുള്ള പരിപാടി നടപ്പിലാക്കുന്നതെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു സേവനകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സഫര്‍ മുബാറക് അല്‍ഷാഫി പറഞ്ഞു. മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതിയുടെ സമഗ്രത കാത്തുസൂക്ഷിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
മാലിന്യങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിലൂടെ സാമ്പത്തികമായി പ്രയോജനം നേടല്‍, സുസ്ഥിര വികസനം കൈവരിക്കല്‍, സ്വകാര്യമേഖലയെ പിന്തുണക്കല്‍, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 യാഥാര്‍ത്ഥ്യമാക്കുന്നതിന് സംഭാവന ചെയ്യല്‍ എന്നിവയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. 2019 മുതല്‍ 2022 വരെയുള്ള നാല് ഘട്ടങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നലെ തുടങ്ങിയ ആദ്യഘട്ടത്തില്‍ 581 സ്കൂളുകള്‍ പങ്കാളിയായി.
1624 പുതിയ കണ്ടെയ്നറുകള്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ, മന്ത്രാലയത്തിലെ വിദഗ്ധരുടെ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് വിതരണം ചെയ്തത്. ആരോഗ്യ കേന്ദ്രങ്ങള്‍, ആസ്പത്രികള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെയെല്ലാം പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട്. അടുത്ത വര്‍ഷം ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ സമുച്ചയങ്ങള്‍, മാളുകള്‍, സര്‍വ്വകലാശാലകള്‍, കര്‍വ ബസ് സ്റ്റോപ്പുകള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍ എന്നിവയെ ഉള്‍പ്പെടുത്തും.
മൂന്നാം ഘട്ടം 2021ല്‍ കോര്‍ണീഷ് ഏരിയയിലും ദോഹ നഗരത്തിലും ആരംഭിക്കും. രാജ്യത്തെ എല്ലാ വീടുകളില്‍ നിന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ശേഖരിക്കുന്നതിനായി ഇലക്ട്രോണിക് സേവനത്തിനും തുടക്കംകുറിക്കും. നാലാം ഘട്ടം 2022ല്‍ തുടങ്ങും. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ എല്ലാ സൗകര്യങ്ങളും കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും ഇതില്‍ ഉള്‍പ്പെടും.
പരിസ്ഥിതി സൗഹൃദ ടൂര്‍ണമെന്റ് ഒരുക്കാനുള്ള പദ്ധതികളെ ഈ പരിപാടി പിന്തുണയ്ക്കുമെന്നും അല്‍ഷാഫി ചൂണ്ടിക്കാട്ടി. പരിപാടിയുടെ വിജയം പൊതുജന സഹകരണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവബോധ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.