in ,

മികവുറ്റവരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വം: അല്‍ഹമ്മാദി

2019ല്‍ പൊതു സ്‌കൂളുകളുടെ ഭാഗമാകുന്നത് ഖത്തറിലെ 219 അധ്യാപകര്‍

പുതിയ ഖത്തരി അധ്യാപകരെ വരവേല്‍ക്കുന്നതിനായി സംഘടിപ്പിച്ച സ്വീകരണചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി

ദോഹ: ഖത്തറിന്റെ പ്രാഥമിക നിക്ഷേപമായി വിദ്യാഭ്യാസം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ഹമ്മാദി. മാനവ വിഭവശേഷി മൂലധനത്തിന് നിക്ഷേപം ലഭ്യമാക്കിയാല്‍ അത് എല്ലാ മേഖലകളിലും മികച്ച വരുമാനം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ അധ്യയനവര്‍ഷത്തില്‍ പുതിയ ഖത്തരി അധ്യാപകര്‍ക്കായി നടന്ന വാര്‍ഷിക സ്വീകരണചടങ്ങില്‍ സംസാാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പുരോഗതിയുടെ പ്രധാന സ്തംഭങ്ങളിലൊന്നാണ് അധ്യാപകര്‍.

ഈ പ്രൊഫഷനിലേക്ക് ചേര്‍ന്ന പുതിയ അധ്യാപകരെ വിദ്യാഭ്യാസമന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയെന്നത് രാജ്യത്തെ എല്ലാ അധ്യാപകരുടെയും ഉത്തരവാദിത്വമായി തുടരും.

നിരവധി മേഖലകളില്‍ ഖത്തറിന് മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ശക്തമായ കേഡര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019-2020 അധ്യയനവര്‍ഷത്തില്‍ ഖത്തറില്‍നിന്നുള്ള 219 അധ്യാപകര്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമാകുന്നുണ്ട്. മന്ത്രാലയം അതിന്റെ തുമൂഹ് പ്രോഗ്രാമിലൂടെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എജ്യൂക്കേഷനിലേക്ക് വിദ്യാര്‍ഥികളെ അയക്കുന്നുണ്ട്.

ആകെ 511 വിദ്യാര്‍ഥികള്‍ ഈ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 420പേര്‍ ഖത്തരികളും 91പേര്‍ ഖത്തറിലെ താമസക്കാരുമാണ്. അധ്യാപകര്‍ക്കൊപ്പം വിദ്യാഭ്യാസ സമ്പ്രദായം ലഭ്യമാക്കുന്നതില്‍ ഇവരും പ്രധാനപങ്കുവഹിക്കും. മന്ത്രാലയത്തിന്റെ പ്രോഗ്രാമിനു പുറത്ത് കോളേജ് ഓഫ് എജ്യൂക്കേഷനിലെ ബിരുദധാരികളെ ആകര്‍ഷിക്കുന്നതിനായും ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പോലെയുള്ള മറ്റു കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയവുമായും വിദ്യാഭ്യാസമന്ത്രാലയം സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അധ്യാപിക നദാ അലി, വിദ്യാര്‍ഥി ജാബിര്‍ അല്‍അത്ബ എന്നിവര്‍ വാര്‍ഷിക ചടങ്ങില്‍ സംസാരിച്ചു.

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകര്‍ക്ക് മുഖ്യ പങ്കാണുള്ളത്. ഉന്നത നിലവാരവും യോഗ്യതയും അനുഭവസമ്പത്തുമുള്ള അധ്യാപകരാണ് വിദ്യാഭ്യാസമേഖലയിലെ വിജയത്തില്‍ നിര്‍ണായകം. വിദ്യാഭ്യാസപ്രക്രിയയിലെ മൂല്യമേറിയ ഭാഗമാണ് അധ്യാപകര്‍. ഖത്തരി സമൂഹത്തിന് ഉന്നത നിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദര്‍ശനവും യാഥാര്‍ഥ്യമാക്കുന്നതില്‍ അധ്യാപകര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

സാങ്കേതിക മേഖലയിലെ കുതിച്ചുചാട്ടത്തിനിടയിലും ഖത്തറിലെ വിദ്യാഭ്യാസത്തിന്റെ മൂലക്കല്ലാണ് അധ്യാപകര്‍. പുതിയ അധ്യാപകര്‍ക്കായി മന്ത്രാലയത്തിലെ ട്രെയ്‌നിങ് ആന്റ് എജ്യൂക്കേഷണല്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കിയിരുന്നു.

വിവിധ വിഷയങ്ങള്‍ക്കായി തെരഞ്ഞെടുത്ത അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. അധ്യാപകരില്‍ വൈദഗ്ദ്ധ്യം, വൈജഞാനിക മികവ്, പ്രായോഗിക ക്ഷമത എന്നിവ വികസിപ്പിക്കുന്നതിനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

അധ്യയനവര്‍ഷത്തിന്റെ ആദ്യവര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അധ്യാപകരെ പ്രാപ്തമാക്കുന്നതിനും കരിയറില്‍ വിജയം കൈവരിക്കാനും സഹായകമായ വിധത്തിലാണ് പരിശീലനത്തിന്റെ കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. അധ്യാപകരുടെ കഴിവും പരിശീലനപാടവവും മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

അധ്യാപകരുടെ കഴിവും മറ്റും വികസിപ്പിക്കുന്നതിനും കഴിവും പരിചയസമ്പത്തുമുള്ള മികച്ച അധ്യാപകരെ ഖത്തരി സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്: അല്‍സദ്ദിനും ദുഹൈലിനും വിജയത്തുടക്കം

ഖത്തര്‍- ചൈന ബന്ധം കരുത്താര്‍ജ്ജിച്ചതെന്ന് ചൈനീസ് അംബാസഡര്‍