
ദോഹ: നഗരത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സുപ്രധാന പദ്ധതിയായ മുഷൈരിബ് ഡൗണ്ടൗണ് ദോഹ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും വേറിട്ട അനുഭവമാകുന്നു. മിഡില്ഈസ്റ്റിലെഏറ്റവും വിശാലമായ ചത്വരം മുഷൈരിബ് ഡൗണ്ടൗണിലാണ്. ബറഹാത് മുശൈരിബിലെ വിശാലമായ പൊതുചത്വരം ഡൗണ്ടൗണിന്റെ ഹൃദയഭാഗമാണ്. അല്‍ബറാഹ എന്ന വാക്കില്‍നിന്നാണ് ഈ പേരിട്ടത്. സാമൂഹ്യവത്കരണ- നെറ്റ് വര്ക്കിങിനായുള്ള തുറസായ സ്ഥലമെന്നാണ് ഈ അറബിപദത്തിന്റെ അര്‍ഥം.
പ്ലാസ ശൈലിയിലുള്ള ഈ ചത്വരത്തിന്റെ ഉള്ളിലേക്കു മടക്കിവെക്കാവുന്ന മേല്‍ക്കൂരയും(റിട്രാക്റ്റബിള്‍ റൂഫ്) മിഡില്‍ഈസ്റ്റിലെ ഏറ്റവും വലുതാണ്. ഡൗണ്ടൗണ് ടൂറിസ്റ്റുകള്‍ക്ക് വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ സ്മാര്‍ട്ട്സിറ്റി ഡിസ്ട്രിക്റ്റ് പദ്ധതിയാണിത്. സുസ്ഥിര പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നടപ്പാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സുസ്ഥിരനഗരങ്ങളിലൊന്ന്. ഡിസ്ട്രിക്റ്റിന്റെ സെന്റര്പോയിന്റായാണ് ബറഹാത് മുഷൈരിബ് സജ്ജമാക്കിയിരിക്കുന്നത്.
ഡൈനിങ് കേന്ദ്രങ്ങള്‍, സാംസ്കാരിക കെട്ടിടം, ആഡംബരസൗകര്യങ്ങളോടെയുള്ള മന്ഡാരിന് ഒറിയന്റല്‍, ദോഹ ഹോട്ടല്‍ എന്നിവ ചത്വരത്തിന്റെ ഭാഗമാണ്. സവിശേഷമായ ശീതികരണസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 7,000 സ്ക്വയര്മീറ്ററര് വിസ്തീര്‍ണമുള്ള ബറഹാത് മുശൈരിബില്‍ പൊതു സ്വകാര്യ സംഘടനകളുമായി ചേര്‍ന്ന് തല്‍സമയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ലേസര്‍ ലൈറ്റ് ഷോകള്‍, മറ്റു വൈവിധ്യങ്ങളായ പരിപാടികള്‍ എന്നിവയെല്ലാം ക്രമീകരിച്ചിട്ടുണ്ട്.
ഡൗണ്ടൗണ് ദോഹയെ സൂഖ് വാഖിഫുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സൂഖ് അടിപ്പാത കഴിഞ്ഞ ഒക്ടോബറിലാണ് തുറന്നത്. രാജ്യത്തെ ഏറ്റവും വലിയ മെട്രോ സ്റ്റേഷനും ഡൗണ്ടൗണ് ദോഹയിലാണ്. മണിക്കൂറില്‍ 25,000 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ചരിത്രപ്രാധാന്യമുള്ള നാലു പൈതൃക ഭവനങ്ങളടങ്ങിയ മുശൈരിബ് മ്യൂസിയവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഖത്തറിന്റെ ചരിത്രവും സംസ്കാരവും അനാവരണം ചെയ്യുന്നതാണ് മുശൈരിബ് ഡൗണ്ടൗണ് ദോഹയിലെ മ്യൂസിയങ്ങള്‍. ലോകത്തിലെതന്നെ ഏറ്റവും വലിയ അണ്ടര്‍ഗ്രൗണ്ട് കണക്റ്റഡ് കാര്‍പാര്‍ക്കിങ് സംവിധാനമാണ് മുശൈരിബ് ഡൗണ്ടൗണില് വികസിപ്പിക്കുന്നത്.
മുഷൈരിബ് പള്ളി, ഖത്തര്‍ അക്കാഡമി-മുഷൈരിബ് സ്കൂള്‍, മുഷൈരിബ് പ്രാര്‍ഥനാസ്ഥലം, അമീരിദിവാന്‍, മുശൈരിബ് മ്യൂസിയംസ് എന്നിവയെല്ലാം തുറന്നു. ആദ്യ റസിഡന്‍ഷ്യല്‍ ടവര്‍ വാദി വണ്‍ ഖത്തറിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമാണ്. 72 അപ്പാര്‍ട്ട്മെന്റുകളാണ് ടവറിലുള്ളത്. ഡൗണ്ടൗണില് ഓഫിസുകള്‍ക്കു പുറമേ പൊതുസ്ഥലങ്ങളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പൊതുസ്ഥലത്തായി തയാറാക്കുന്ന നഗര മജ്ലിസാണ് പ്രധാന ആകര്‍ഷണം.
ഇതിനു പുറമെ ലൈറ്റ് ഇന്‍സ്റ്റലേഷന്‍സ്, വെള്ളച്ചാട്ടവും ജലധാരയും, ശീതീകരിച്ച ഇടനാഴി തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. ഇവയുടെ സമീപത്തായി 19,000 സ്ക്വയര്‍ മീറ്ററില്‍ സാംസ്കാരിക കെട്ടിട സമുച്ചയമാണ്. രണ്ട് ആര്‍ട്ട് ഹൗസ് സിനിമാ ശാലകള്‍, പെര്‍ഫോമിങ് ആര്‍ട്സ് തീയറ്റര്‍, എക്സിബിഷന് സെന്റര്‍, സംഗീത, കലാ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. ഡൗണ്ടൗണ് 100ശതമാനം പൂര്‍ത്തിയാകുന്നതോടെ 20,000 മുതല്‍ 30,000 താമസക്കാരെയും വിനോദസഞ്ചാരികള്‍ ഒഴിക്കെ 30,000 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.