in , ,

മിയ പാര്‍ക്ക് ബസാര്‍ വീണ്ടും തുറന്നു; ആദ്യദിനം തന്നെ മികച്ച പ്രതികരണം

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കിലെ ബസാറിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നവര്‍

ദോഹ: മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കിലെ ബസാറിന്റെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. ശൈത്യകാല സീസണിന്റെ ഭാഗമായാണ് മിയ പാര്‍ക്ക് ബസാര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 25വരെ എല്ലാ വാരാന്ത്യങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ബസാര്‍ പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ എട്ടു വരെയും ശനിയാഴ്കളില്‍ ഉച്ചക്ക് പന്ത്രണ്ട് മുതല്‍ രാത്രി എട്ടുവരെയുമാണ് പ്രവര്‍ത്തനം. ഖത്തറിന്റെ പഴയ സൂഖ് പാരമ്പര്യത്തിന്റെ ആധുനിക മുഖമാണ് മിയ ബസാര്‍. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അന്‍പതോളം സ്റ്റാളുകളാണ് ബസാറിലുള്ളത്. മിയ പാര്‍ക്ക് ബസാറിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിട്ടുണ്ട്.
വ്യത്യസ്ത ഉത്പന്നങ്ങളുടേയും ഭക്ഷ്യശാലകളുടേയും നിരവധി സ്റ്റാളുകളാണ് മിയ ബസാറിലുള്ളത്. മിതമായ നിരക്കില്‍ ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കുമെന്നതിനാല്‍ ആദ്യദിനം തന്നെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. വസ്ത്രങ്ങള്‍, സുവനീറുകള്‍, വസ്ത്രങ്ങള്‍, തൊപ്പികള്‍, പാദരക്ഷകള്‍, സണ്‍ഗ്ലാസുകള്‍, ബാഗുകള്‍, വാലറ്റുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍, വിവിധ രാജ്യങ്ങളിലെ ഭക്ഷണരുചി എന്നിവ ബസാറില്‍ ലഭ്യമാണ്. വിവിധ രാജ്യങ്ങളുടെ പ്രൗഢിയും പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാനും രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമൊരുക്കുകയാണ് മിയ ബസാര്‍. ജ്വല്ലറി, വാച്ചുകള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, മറ്റ് ആക്‌സസറികള്‍ എന്നിവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഗാര്‍ഹിക വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാളുകളില്‍ കളിപ്പാട്ടങ്ങള്‍, കരകൗശല, ഹോം ഡിസ്‌പ്ലേ ഇനങ്ങള്‍, ഗാര്‍ഹിക വിഭവങ്ങള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കടലിന് അഭിമുഖമായി തുറന്ന വിപണിയില്‍ പരമ്പരാഗത സൂഖ് മാതൃകയിലാണ് ബസാര്‍. ഗാര്‍ഹിക വ്യവസായ സംരംഭകരാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ ബസാറിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. ഗാര്‍ഹിക വ്യവസായ സംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തങ്ങളുടെ കഴിവും മികവും ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും മിയ ബസാര്‍ അവസരം നല്‍കുന്നു.
മികച്ചതും വ്യത്യസ്തവുമായ ഗാര്‍ഹികോത്പന്നങ്ങള്‍ നേരിട്ടു കണ്ട് തെരഞ്ഞെടുക്കുന്നതിന് ഉപഭോക്താക്കള്‍ക്കും അവസരം ലഭിക്കുന്നു. പോസ്റ്റ്കാര്‍ഡുകള്‍, ആശംസാകാര്‍ഡുകള്‍, കലാസൃഷ്ടികള്‍, പെയിന്റിങുകള്‍, കൈകൊണ്ട് നിര്‍മിച്ച ഗാര്‍ഹിക അലങ്കാരവസ്തുക്കള്‍, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങള്‍, കാര്‍പറ്റുകള്‍, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ബെഡ്ഷീറ്റുകള്‍, കുട്ടികള്‍ക്കുള്ള ഷൂസ്, വസ്ത്രങ്ങള്‍, ബാഗുകള്‍, അഭായകള്‍, പെര്‍ഫ്യൂംസ്, പട്ടങ്ങള്‍, കാര്‍ സ്റ്റിക്കറുകള്‍, മഗുകള്‍, കീചെയ്‌നുകള്‍, തൊപ്പികള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ വിപണനത്തിനായി ബസാറില്‍ സ്റ്റാളുകളുണ്ട്. തല്‍സമയം പാകം ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍, വിവിധ രാജ്യങ്ങളുടെ ഭക്ഷ്യരുചികള്‍ എന്നിവ ആസ്വദിക്കുന്നതിനും സൗകര്യമുണ്ട്. പരമ്പരാഗത ഖത്തരി ഭക്ഷ്യരുചികള്‍ക്കു പുറമെ രാജ്യാന്തര ഭക്ഷ്യോത്പന്നങ്ങള്‍ക്കായും പ്രത്യേക വിഭാഗമുണ്ട്. മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുമുണ്ട്. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്് ഈ വര്‍ഷം കൂടുതല്‍ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും സംരംഭകര്‍ പറയുന്നു. 2012 ഫെബ്രുവരിയാണ് മിയ ബസാറിന് തുടക്കംകുറിച്ചത്.ആദ്യഘട്ടത്തില്‍ മാസത്തിന്റെ ആദ്യ ശനിയാഴ്ചയാണ് ബസാര്‍ പ്രവര്‍ത്തിച്ചിരുന്നത്. തിരക്ക് വര്‍ധിച്ചതോടെ എല്ലാ ശനിയാഴ്ചകളിലും തുടര്‍ന്ന് വെള്ളിയാഴ്ചകളിലേക്കും പ്രവര്‍ത്തനം നീട്ടുകയായിരുന്നു. ബസാറിലെ ചെറുകിട കച്ചവടക്കാര്‍ക്കും ഇതു വലിയതോതില്‍ പ്രയോജനം ചെയ്യുന്നുണ്ട്. കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും വരുമാനവര്‍ധനവിനും അവസരം ലഭിക്കുന്നു. ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണവും വര്‍ധിച്ച തിരക്കും കണക്കിലെടുത്താണ് വാരാന്ത്യബസാര്‍ രണ്ടുദിവസമാക്കിയത്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ബസാര്‍ പ്രവര്‍ത്തിക്കുന്നത് ശൈത്യകാലാവസ്ഥയില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തുചേരലിനുള്ള അവസരവും സമ്മാനിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം

ആസ്പയറില്‍ പരിശീലനത്തിനായി പത്ത് ലോകോത്തര ഫുട്‌ബോള്‍ ടീമുകള്‍