in , ,

മിലാഹയുടെ സൗകര്യങ്ങള്‍ വികസിപ്പിക്കല്‍: പുതിയ ഫ്‌ളോട്ടിങ് ഡോക്ക് ഏറ്റെടുക്കുന്നു

ദോഹ: ഖത്തറിലെ പ്രമുഖ സമുദ്ര ഗതാഗത, ലോജിസ്റ്റിക് കമ്പനിയായ മിലാഹ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഫ്‌ളോട്ടിങ് ഡോക്ക്(ഒഴുകും കപ്പല്‍ത്തുറ) സജ്ജമാക്കുന്നു. കപ്പലുകള്‍ നന്നാക്കുന്നതിനും ഡ്രൈ ഡോക്കിങിനും പിന്തുണ നല്‍കുന്നതിനായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
കപ്പലിന്റെ അടിഭാഗത്തിന്റെ പരിശോധന നടത്തപ്പെടുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഡ്രൈ ഡോക്ക് എന്ന സംവിധാനത്തിലാണ്. വരുംമാസങ്ങളില്‍ മീസൈദ് ഷിപ്യാര്‍ഡില്‍ ഡോക്ക് എത്തിക്കും.
ഈ വര്‍ഷം രണ്ടാംപകുതിയില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി മിലാഹ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച കര്‍മ്മപദ്ധതിയുടെ ഭാഗമാണ് ഒഴുകും ഡോക്ക് ഏറ്റെടുക്കല്‍. സമുദ്ര, എണ്ണ വാതകമേഖലകളില്‍ സര്‍ക്കാരിനും സ്വകാര്യ സമ്പദ് വ്യവസ്ഥക്കും സുപ്രധാന പിന്തുണ നല്‍കാന്‍ മിലാഹക്ക് ഇതിലൂടെ സാധിക്കും.
230 മീറ്റര്‍ വരെ നീളവും 30,000 ടണ്‍ ലിഫ്റ്റിങ് ശേഷിയുമുള്ളതായിരിക്കും പുതിയ ഫ്‌ളോട്ടിങ് ഡോക്ക്. കപ്പലുകള്‍ നന്നാക്കുന്നതിന് പുതിയ ഡോക്ക് ഏറ്റെടുക്കുന്നതിന് അന്തിമരൂപം നല്‍കിയതായി മിലാഹ പ്രസിഡന്റും സിഇഒയുമായ അബ്ദുറഹ്മാന്‍ ഈസ അല്‍മന്നായി പറഞ്ഞു.
മിലാഹയുടെ കപ്പല്‍ നന്നാക്കല്‍, ഡ്രൈ ഡോക്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായിരിക്കും പുതിയ ഡോക്ക്. പ്രാദേശിക, രാജ്യാന്തര വിപണികളില്‍നിന്നുള്ള എല്ലാ കപ്പലുകളെയും ഉള്‍ക്കൊള്ളാന്‍ ഡോക്കിന് സാധിക്കും.
മേഖലയിലെ ഏറ്റവും പ്രമുഖ കപ്പല്‍നിര്‍മാണ ശാലകളിലൊന്നായ മീസൈദിലെ ഷിപ്യാര്‍ഡിന്റെ(കപ്പല്‍നിര്‍മാണശാല) നവീകരണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് നടപ്പാക്കുന്നത്. മിഡില്‍ഈസ്റ്റിലെ ഏറ്റവും വലിയ മാരിടൈം ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നാണ് മിലാഹ. നവീകരണത്തിനുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി യുകെ, നെതര്‍ലന്റ് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന രാജ്യാന്തര പ്രൊജക്റ്റ് മാനേജ്‌മെന്റ്് ആന്റ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ റോയല്‍ ഹാസ്‌കോനിങ് ഡിഎച്ച്‌വിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
നവീകരണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 8000ലധികം കപ്പലുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയോ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്.
മേഖലയിലെ പഴക്കംചെന്നതും ഏറ്റവും സജീവവുമായതുമായ ഷിപ്യാര്‍ഡാണ് മിലാഹയുടേത്. ഖത്തരി വെസ്സലുകള്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും ഇവിടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവരാറുണ്ട്. വിവിധ വിഭാഗങ്ങളില്‍പ്പെട്ട കപ്പലുകള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് നല്‍കുന്നത്.
റിപ്പയര്‍, മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നു. മിലാഹ ഷിപ്പ് റിപ്പയര്‍ ആന്റ് ഫാബ്രിക്കേഷന്‍ ഫസിലിറ്റി 1978ലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. ജിസിസിയിലെ മുന്‍നിരയിലുള്ള ഷിപ്യാര്‍ഡായി ഇതിനോടകം മാറിയിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ വിവിധയിനം കപ്പലുകളെയാണ് മിലാഹ യാര്‍ഡില്‍ കൈകാര്യം ചെയ്തത്.
ഓഫ്‌ഷോര്‍, കാര്‍ഗോ, യാത്രാ കപ്പലുകള്‍, യാത്രാകടത്തുബോട്ടുകള്‍, നൗകകള്‍, പായ്ക്കപ്പലുകള്‍, നാവിക- തീരദേശ കപ്പലുകള്‍ എന്നിവയ്‌ക്കെല്ലാം അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന സേവനങ്ങളും സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക ക്രമീകരണങ്ങളുമാണ് മിലാഹ ഷിപ്യാര്‍ഡിലുള്ളത്. 3800 ടണ്‍, 8500 ടണ്‍ ലിഫ്റ്റിങ് ശേഷിയുള്ള രണ്ട് ഫ്‌ളോട്ടിങ് ഡോക്കുകള്‍ ഷിപ്യാര്‍ഡിലുണ്ട്.
700ടണ്‍ ലിഫ്റ്റിങ് ശേഷിയുള്ള സിന്‍ക്രോലിഫ്റ്റ്, 200 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ ആഴവുമുള്ള വെസ്സലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബെര്‍ത്തിങ് സംവിധാനങ്ങളുമുണ്ട്.
നോണ്‍ മറൈന്‍ സേവനങ്ങളും ഷിപ്യാര്‍ഡില്‍ ലഭ്യമാണ്. വാണിജ്യ രജിസ്‌ട്രേഷന്‍ നമ്പര്‍ ഒന്നായി ഖത്തറിലെ ആദ്യ പൊതു ഓഹരിപങ്കാളിത്ത കമ്പനിയായി 1957ലാണ് മിലാഹ രൂപീകരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പൗരത്വ നിയമം പിന്‍വലിക്കുന്നത് വരെ മുസ്ലിംലീഗ് സമരപാതയില്‍: കെ.എ ഖാദര്‍ മാസ്റ്റര്‍

ഖത്തര്‍ ചേലക്കാട് മഹല്ല് മുസ്ലിം റിലീഫ് കമ്മിറ്റി ക്ലാസ്